Explainer

ദീപങ്ങളുടെ ഉത്സവത്തിനൊരുങ്ങി ഓസ്ട്രേലിയ: ദീപാവലി ആഘോഷങ്ങൾ ഇങ്ങനെ...

ദീപാവലി, ദിവാലി, ബന്ദി ചോർ, തിഹാർ - പ്രകാശത്തിന്റെയും പ്രതീക്ഷയുടെയും ഏറ്റവും വലിയ ആഘോഷം പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നെത്തിയ ഈ ആഘോഷം ഇപ്പോൾ ഓസ്ട്രേലിയൻ കലണ്ടറിലും പതിവാകുകയാണ്.

diya lamps lit during diwali celebration with flowers and sweets in background

Diya lamps lit during a Diwali celebration. Source: Moment RF / Anshu/Getty Images

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ദീപാവലി.

ഇന്ത്യയുടെ എല്ലാ ഭാഗത്തും കൊണ്ടാടുന്ന അപൂർവം ചില ആഘോഷങ്ങളിലൊന്നാണ് ഇത്.

കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദീപാവലി ആഘോഷം ചെറുതാണെങ്കിലും, മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ജനങ്ങൾ വർഷം മുഴുവൻ കാത്തിരിക്കുന്ന ആഘോഷദിവസമാണ് ഇത്.

ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതവിശ്വാസികൾ ഈ ദിവസം ആഘോഷിക്കുന്നുണ്ട്. പല പേരുകളിലാണ് ഈ ആഘോഷം എന്നു മാത്രം.

സിഖ് മതവിശ്വാസികൾ ബന്ദി ചോർ ദിവസം ആഘോഷിക്കുമ്പോൾ, നേപ്പാളിൽ ഇത് തിഹാറാണ്. ഉത്തരേന്ത്യയിലാകട്ടെ, ദിവാലിയും.

അന്ധകാരത്തിനു മേൽ വെളിച്ചം നേടിയ വിജയത്തിന്റെയും, തിന്മയ്ക്കു മേൽ നന്മ നേടിയ വിജയത്തിന്റെയും ആഘോഷമാണ് ദീപാവലി എന്നാണ് വിശ്വാസം.
Religious festival.
Candles are lit for the Diwali festival. Credit: Grant Faint/Getty Images
ഈ വർഷം ഒക്ടോബർ 24നാണ് ദീപാവലി.

ആഘോഷങ്ങളുടെ കേന്ദ്രമായ ഉത്തരേന്ത്യയിൽ ദിവാലി എന്നാണ് അറിയപ്പെടുന്നതെങ്കിലും, സംസ്കൃത വാക്കായ ദീപാവലിയിൽ നിന്നാണ് പേരിന്റെ ഉത്ഭവമെന്ന് മെൽബണിലെ മൊണാഷ് യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി ഗവേഷകനും, ഹൈന്ദവ പൂജാരിയുമായ ഡോ. ജയന്ത് ബാപ്പട്ട് പറയുന്നു.
‘ദീപ്’ എന്നാൽ വിളക്ക് എന്നാണ് അർത്ഥം. ‘ആവലി’ എന്നാൽ നിര എന്നും. വിളക്കുകളുടെ നിര എന്നാണ് ദീപാവലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഡോ. ജയന്ത് ബാപ്പട്ട്
ഹൈന്ദവ ചാന്ദ്രവർഷത്തിലെ അശ്വനി, കാർത്തിക് എന്നീ മാസങ്ങളിലാണ് ദീപാവലി ആഘോഷം. ഒക്ടോബറിലോ, നവംബറിലോ ആണ് ഇത് വരിക. അഞ്ചു ദിവസമാണ് പല ഭാഗങ്ങളിലും ദീപാവലി ആഘോഷം.

കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ ദിയ എന്ന വിളക്കുകൾ കത്തിച്ചാണ് പരമ്പരാഗതമായി ദീപാവലി ആഘോഷിക്കുന്നത്.

ഇന്ത്യയിൽ പൂത്തിരികളും പടക്കങ്ങളുമെല്ലാം ദീപാവലി ആഘോഷത്തിലെ പ്രധാന ഘടകമാണ്.

ഇന്ത്യയുടെ പല ഭാഗങ്ങളിലും രംഗോലിയും ദീപാവലി ആഘോഷത്തിന്റെ മുഖ്യ ഘടകമാകുന്നു.

125529145_4889072107799388_279512402129028686_n.jpg
Diwali celebrations in Australia Credit: Supplied by Nirali Oza
ഓണത്തിന് മലയാളികൾ അത്തപ്പൂക്കളമൊരുക്കുന്നത് പോലെ, നിലത്ത് വിവിധ നിറങ്ങളിലുള്ള കോലം വരയ്ക്കുന്നതാണ് രംഗോലി.

അഞ്ചു ദിവസങ്ങളിലും പുലർച്ചെ വീട്ടിനുമുന്നിൽ രംഗോലി തയ്യാറാക്കും. ഹൈന്ദവ വിശ്വാസപ്രകാരം ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിയെ വരവേൽക്കാനാണ് ഇത്.

തുടർന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഒത്തുകൂടി, പാട്ടുപാടിയും, നൃത്തം ചെയ്തും, മധുരം കഴിച്ചും സമ്മാനങ്ങൾ കൈമാറിയും ആഘോഷിക്കുകയും ചെയ്യും.
125447111_4889071647799434_6303183806257002847_n.jpg
Diwali celebrations at home, Sydney Credit: Supplied by Prafulbhai Jethwa

ഓസ്ട്രേലിയയിലെ ദീപാവലി

ഓസ്ട്രേലിയയിൽ ഇന്ത്യൻ കുടിയേറ്റം കുതിച്ചുയർന്നതോടെ ദീപാവലി ആഘോഷങ്ങളും ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

1983ൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തിയപ്പോൾ വീടുകളിൽ മാത്രമായിരുന്നു ദീപാവലി ആഘോഷമെന്ന് മെൽബണിൽ പ്രശസ്ത നൃത്താധ്യാപികയായ താരാ രാജ്കുമാർ OAM പറയുന്നു.

എന്നാൽ ഇപ്പോൾ ഓസ്ട്രേലിയയിൽ വ്യാപകമായി ദീപാവലി ആഘോഷങ്ങൾ കാണാറുണ്ട്.
മെൽബണിലെ ഫെഡറേഷൻ സ്ക്വയർ പോലുള്ള സുപ്രധാന കേന്ദ്രങ്ങളിലും, വിമാനത്താവളങ്ങളിലുമെല്ലാം ദീപാവലി ആഘോഷം കാണാം
താരാ രാജ്കുമാർ OAM
അജ്ഞതയെ അറിവിന്റെ പ്രകാശം കൊണ്ട് മറികടക്കുന്നു എന്ന വിശ്വാസം കൂടിയാണ് ദീപാവലി ആഘോഷമെന്ന് താരാ രാജ്കുമാർ അഭിപ്രായപ്പെട്ടു.

ആഘോഷങ്ങളുടെ കഥകൾ

പരമ്പരാഗതമായി അഞ്ചു ദിവസത്തെ ആഘോഷമാണ് ദീപാവലി.

ധനത്രയോദശിയിലാണ് ദീപാവലി ആഘോഷം തുടങ്ങുന്നത്. സ്വർണ്ണവും വെള്ളിയും വാങ്ങാൻ വിശിഷ്ടമാണ് ഈ ദിവസം എന്നാണ് വിശ്വാസം.

“ഈ ദിവസം കുട്ടികൾക്ക് സമ്മാനങ്ങൾ വാങ്ങും. എല്ലാവരും പുതിയ വസ്ത്രങ്ങൾ ധരിക്കുകയും, വീട് വൃത്തിയാക്കുകയും ചെയ്യും. സ്വർണ്ണവും വെള്ളിയും വാങ്ങും. ലക്ഷ്മിദേവിയെ സ്വീകരിക്കാനാണ് ഇത്,” ഡോ. ബാപ്പട്ട് പറഞ്ഞു.

ചതുർദശി എന്നാണ് ആഘോഷത്തിന്റെ രണ്ടാം ദിവസം അറിയപ്പെടുന്നത്.

Children celebrating Diwali
Children celebrating Diwali, Melbourne Credit: Supplied by Reet Phulwani
നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിവസമാണ് ഇത് എന്നാണ് വിശ്വാസമെന്ന് ഡോ. ബാപ്പട്ട് ചൂണ്ടിക്കാട്ടി.

മൂന്നാം ദിവസം ലക്ഷ്മീപൂജയാണ്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയെ പൂജിക്കാൻ ഏറ്റവും വിശേഷപ്പെട്ട ദിവസം എന്നാണ് വിശ്വാസം.

14 വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമനും, സീതയും, ലക്ഷ്മണനും അയോധ്യയിലേക്ക് തിരിച്ചെത്തിയ ദിവസമാണ് ഇത് എന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും വിശ്വാസമുണ്ട്.

നാലാം ദിവസം ഗോവർദ്ധന പൂജയായാണ് ഉത്തരേന്ത്യയിൽ ആഘോഷിക്കുന്നത്.

ഭായ് ദൂജ് എന്നാണ് ദീപാവലിയുടെ അഞ്ചാം ദിവസത്തെ വിളിക്കുക.

സഹോദരങ്ങളുടെ ഉത്സവമാണ് ഇത്. സഹോദരൻമാരുടെ തിരുനെറ്റിയിൽ സഹോദരിമാർ സിന്ദൂരക്കുറി ചാർത്തി ബന്ധത്തിന്റെ ആഴം ഉറപ്പിക്കുന്നു.

Woman with lit earthen lamp at Diwali festival
Woman with lit earthen lamp in mehendi and bangles in hands at Diwali festival. India. Source: Moment RF / Subir Basak/Getty Images
എന്നാൽ, ഇന്ത്യയുടെ എല്ലാ ഭാഗത്തും ഇതേ രീതിയിലല്ല ആഘോഷമെന്ന് ഡോ. ബാപ്പട്ട് ചൂണ്ടിക്കാട്ടി.

“ഉദാഹരണത്തിന്, ബംഗാളിൽ ലക്ഷ്മിദേവിയെ അല്ല പൂജിക്കുന്നത്, മറിച്ച കാളിയെയാണ്. ഗുജറാത്തിൽ വിഷ്ണുവിനൊപ്പം ഹനുമാനെയും പൂജിക്കുന്നുണ്ട്. ചില ഭാഗങ്ങളിൽ കുട്ടികൾ മണ്ണുകൊണ്ട് കാലിത്തൊഴുത്ത് ഉണ്ടാക്കുന്ന പതിവുണ്ട്.”

തീഹാർ, നേപ്പാളിന്റെ ദീപാവലി

നേപ്പാളിൽ ആഘോഷം തീഹാർ എന്നാണ് അറിയപ്പെടുന്നത്.

ഇതും അഞ്ചു ദിവസത്തെ ആഘോഷമാണ്. എന്നാൽ ഓരോ ദിവസവും ഓരോ ജീവികൾക്കായാണ് മാറ്റിവയ്ക്കുന്നത്.

യമപഞ്ചക്, അഥവാ കാഗ് തീഹാർ എന്നറിയപ്പെടുന്ന ആദ്യ ദിവസം കാക്കകൾക്കും, കുക്കുർ തീഹാർ എന്ന രണ്ടാം ദിവസം നായകൾക്കും, ഗായ് തീഹാർ എന്ന മൂന്നാം ദിവസം പശുക്കൾക്കും വിശേഷപ്പെട്ട ദിവസങ്ങളാണ്.
Gai Tihar or Cow worship Day in Nepal
Nepali devotees worship a cow as part of Gai Puja during the Tihar festival in Kathmandu, Nepal. Source: NurPhoto / NurPhoto via Getty Images
നാലാം ദിവസം ഗോരു തീഹാർ എന്നാണ് അറിയപ്പെടുന്നത്. നിലമുഴുവാൻ സഹായിക്കുന്ന കാളകളെയാണ് പൂജിക്കുക.

അഞ്ചാം ദിവസം സഹോദരങ്ങൾക്ക് വേണ്ടിയുള്ള ആഘോഷമാണ് - ഭായ് ടിക.

നിലത്തിരിക്കുന്ന സഹോദരന് ചുറ്റും വെള്ളവും എണ്ണയുമായി സഹോദരി വലംവയ്ക്കും. മരണത്തിന്റെ ദേവനായ യമനിൽ നിന്ന് സഹോദരനെ രക്ഷിക്കാനാണ് ഇത് എന്നാണ് വിശ്വാസം.

ബന്ദി ചോർ ദിവസ്

സിഖ് ദിവാലി എന്നാണ് ബന്ദി ചോർ ദിവസം അറിയപ്പെടുന്നത്. 17ാം നൂറ്റാണ്ടിൽ ആറാമത്തെ സിഖ് ഗുരുവായ ഗുരു ഹർഗോബിന്ദിനെ ഗ്വാളിയോറിലെ മുഗൾ ജയിലിൽ നിന്ന് മോചിപ്പിച്ചതിന്റെ ഓർമ്മയ്ക്കായി “സ്വാതന്ത്ര്യ ആഘോഷ”മായും ഇത് കണക്കാക്കുന്നുവെന്ന് ഓസ്ട്രേലിയയിൽ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുരീന്ദർ കൗർ പറഞ്ഞു.

Diwali Festival
Diwali sweets, flowers and oil lamps. Source: Moment RF / jayk7/Getty Images
മറ്റ് 52 രാജാക്കൻമാരെ കൂടി മോചിപ്പിക്കണമെന്ന് ഗുരു ഹർബോവിന്ദ് മുഗൾ ചക്രവർത്തിയായ ജഹാംഗീറിനോട് ആവശ്യപ്പെട്ടു.

ഗുരുവിന്റെ അംഗവസ്ത്രത്തിൽ പിടിക്കാൻ കഴിയുകയാണെങ്കിൽ അവരെയും മോചിപ്പിക്കാം എന്നാണ് ചക്രവർത്തി പറഞ്ഞത്. അങ്ങനെ, 52 വാലുകളുള്ള ഒരു അംഗവസ്ത്രം പ്രത്യേകമായി നിർമ്മിച്ച് ധരിച്ചാണ് ഗുരു മറ്റു രാജാക്കൻമാരെ രക്ഷിച്ചത്.
പഞ്ചാബിയിൽ ‘ബന്ദി’ എന്നാൽ തടവുകാരൻ എന്നാണ് അർത്ഥം. ‘ചോർ’ എന്നാൽ മോചനം എന്നും. മറ്റുള്ളവരുടെ മനുഷ്യാവകാശത്തിനു വേണ്ടി ഗുരു നിലകൊണ്ടു എന്നതിന്റെ ഓർമ്മയാണ് ഈ ദിവസം.
ഗുരീന്ദർ കൗർ
ഗുരുദ്വാരകളിലും വീടുകളിലുമാണ് സിഖ് വിശ്വാസികൾ ബന്ദി ചോർ ആഘോഷിക്കുന്നത്.

ഓസ്ട്രേലിയയിലെ ദീപാവലി ആഘോഷങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.

Share
Published 3 October 2022 3:28pm
Updated 3 October 2022 4:05pm
By Delys Paul
Presented by SBS Malayalam
Source: SBS


Share this with family and friends