ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം 2022 പകുതിയോടെ മാത്രമേ പുനരാരംഭിക്കൂ എന്ന പ്രഖ്യാപനത്തിനൊപ്പമാണ് ഫെഡറൽ ബജറ്റിൽ പുതിയ മാറ്റങ്ങളും കൊണ്ടുവന്നത്.
അടുത്ത വർഷം മുതൽ പെർമനന്റ് റെസിഡൻസി വിസ ലഭിക്കുന്നവർക്ക് പല സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും ലഭിക്കാൻ കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും.
കെയറർ-ഫാമിലി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അടിസ്ഥാന കാലാവധി ഏകീകരിക്കുകയാണെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു.
കുട്ടികളോ, പ്രത്യേക പരിചരണം ആവശ്യമുള്ള മറ്റാരെങ്കിലുമോ ഉള്ള കുടുംബങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.
2022 ജനുവരി ഒന്നിനു ശേഷം വിസ ലഭിക്കുന്നവർക്ക് നാലു വർഷമായിരിക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടി വരിക.
ആനുകൂല്യം അർഹമായ താൽക്കാലിക വിസകളിലുള്ളവർക്കും ഈ ദീർഘിപ്പിച്ച കാലാവധി ബാധകമാണ്.
പേരന്റൽ ലീവ് ആനുകൂല്യം, ഡാഡ് ആന്റ് പാർട്ണർ പേ, ഫാമിലി ടാക്സ് ബെനഫിറ്റ് പാർട്ട് എ, പാർട്ട് ബി, കെയറർ പേയ്മെന്റ്, കെയറർ അലവൻസ് എന്നിവ ലഭിക്കാനുള്ള മിനിമം കാലാവധിയാണ് നാലു വർഷമായി ദീർഘിപ്പിക്കുന്നത്.
ജോബ്സീക്കർ, ഓസ് സ്റ്റഡി, യൂത്ത് അലവൻസ് തുടങ്ങിയവ ലഭിക്കണമെങ്കിൽ ഇപ്പോൾ തന്നെ നാലു വർഷം കാത്തിരിക്കണം.
എന്നാൽ, നിലവിൽ പുതുതായി കുടിയേറിയെത്തുന്നവർക്ക് ഫാമിലി ടാക്സ് ബെനഫിറ്റ് ബി ഉടൻ ലഭിച്ചു തുടങ്ങുമായിരുന്നു.
കെയറേഴ്സ് അലവൻസും, ഫാമിലി ടാക്സ് ബെനഫിറ്റ് എയും ലഭിക്കാൻ ഒരു വർഷവും, പെയിഡ് പേരന്റൽ ലീവും, കെയറേഴ്സ് പേയ്മെന്റും ലഭിക്കാൻ രണ്ടു വർഷവുമായിരുന്നു കാത്തിരിക്കേണ്ടത്.
ഇതെല്ലാം നാലു വർഷമായി ദീർഘിപ്പിക്കുകയാണ് ഈ ബജറ്റിൽ ചെയ്തത്.
2022 ജനുവരി ഒന്നിന് മുമ്പ് വിസ ലഭിക്കുന്നവർക്ക് ഈ മാറ്റം ബാധകമാകില്ല.
671.1 മില്യൺ ഡോളർ ഈ മാറ്റത്തിലൂടെ ലാഭിക്കും എന്നാണ് ബജറ്റിലെ പ്രതീക്ഷ.
ഓസ്ട്രേലിയയുടെ സാമൂഹ്യ സുരക്ഷാ ഫണ്ടിംഗ് ഭാവിയിലേക്കും ഭദ്രമാക്കുന്നതിനും, പുതിയ കുടിയേറ്റക്കാർ സ്വയം പര്യാപ്തത ഉറപ്പുവരുത്തുന്നതിനുമാണ് ഈ മാറ്റമെന്ന് സർക്കാർ വ്യക്തമാക്കി.
ആയിരക്കണക്കിന് പുതിയ കുടിയേറ്റക്കാരെയാകും ഈ മാറ്റം ബാധിക്കുന്നത്.