വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമായിരുന്ന മേഖലകളിലെ ജീവനക്കാർക്ക് ബൂസ്റ്റർ ഡോസും നിർബന്ധമാക്കി.
സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം തൊഴിലാളികൾക്ക് ഇത് ബാധകമാകുമെന്നാണ് റിപ്പോർട്ട്.
രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ട് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാൻ മുൻപ് നിർദ്ദേശമുണ്ടായിരുന്ന എല്ലാ ജീവനക്കാർക്കും ബൂസ്റ്റർ ഡോസും നിർബന്ധമാക്കുന്നതായാണ് വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചത്.
ബൂസ്റ്റർ ഡോസിന് അർഹത ലഭിച്ച ഒരു മാസത്തിനുള്ളിൽ വാക്‌സിൻ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.
ഇതോടെ വെസ്റ്റേൺ ഓസ്‌ട്രേലിയ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്ന ഓസ്‌ട്രേലിയയിലെ ആദ്യ സംസ്ഥാനമായി മാറി.
വെസ്റ്റേൺ ഓസ്‌ട്രേലിയ അതിർത്തി അടക്കും
ടാസ്മേനിയയും നോർത്തേൺ ടെറിട്ടറിയുമായും
വെസ്റ്റേൺ ഓസ്‌ട്രേലിയ അതിർത്തി അടക്കും.
മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത് കാരണമാണ് അതിർത്തി അടക്കാനുള്ള നടപടിയെന്ന് പ്രീമിയർ മാർക്ക് മെഗോവൻ വ്യക്തമാക്കി.
നോർത്തേൺ ടെറിട്ടറിയും ടാസ്മേനിയയുമായുള്ള അതിർത്തി ഡിസംബർ 26 നാണ് അടക്കുക.
ഇതോടെ ഓസ്‌ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളും ടെറിറ്ററികളുമായി വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ അതിർത്തി അടയും. ഇളവുകൾ ഉണ്ടെങ്കിൽ മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനമുള്ളത്.