വിക്ടോറിയയിൽ ഒരാൾക്ക് കൂടിയാണ് ചൊവ്വാഴ്ച പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച രണ്ടു പേർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ കുടുംബത്തിലെ ഒരംഗത്തിനു കൂടിയാണ് പുതുതായി രോഗം കണ്ടെത്തിയത്.
സിഡ്നിയിൽ നിന്ന് റെഡ് സോൺ പെർമിറ്റോടു കൂടി തിരിച്ചെത്തിയ കുടുംബമാണ് ഇത്. നാലംഗ കുടുംബത്തിലെ മൂന്നു പേർ വിമാനത്തിലും ഒരാൾ ഡ്രൈവ് ചെയ്തുമാണ് എത്തിയത്.
തിരിച്ചെത്തിയ ശേഷം പരിശോധന നടത്തിയപ്പോൾ എല്ലാവരും നെഗറ്റീവായിരുന്നു. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
ഇവർ തിരിച്ചെത്തിയ ശേഷം ഐസൊലേഷനിലായിരുന്നു എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ സജീമായിട്ടുള്ള രോഗബാധ 20 ആയിട്ടുണ്ട്.
അതിനിടെ, വടക്കുപടിഞ്ഞാറൻ മെൽബണിലെ മരീബൈർനോംഗിലുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ആരോഗ്യവകുപ്പ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
തോമസ് ഹോംസ് സ്ട്രീറ്റിലുള്ള Ariele അപ്പാർട്ട്മെന്റ്സാണ് വൈറസ് വ്യാപന സാധ്യത കൂടിയ മേഖലയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 11.59 വരെ ഈ അപ്പാർട്ട്മെന്റിലുണ്ടായിരുന്ന എല്ലാവരും അടിയന്തരമായി പരിശോധന നടത്തുകയും, 14 ദിവസം ഐസൊലേറ്റ് ചെയ്യുകയും വേണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
കാർപാർക്ക് ഉൾപ്പെടെ അപ്പാർട്ട്മെന്ററിന്റെ ഏതു ഭാഗത്തുണ്ടായിരുന്നവർക്കും ഇത് ബാധകമാണ്.
ക്രൈഗിബേൺ സെൻട്രലിലെ കോൾസും വൈറസ് വ്യാപന സാധ്യതയുള്ള മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
സിഡ്നിയിൽ നിന്ന് വീട്ടു സാധനങ്ങൾ കൊണ്ടുവന്ന മൂന്ന് റിമൂവലിസ്റ്റ് കമ്പനി ജീവനക്കാർ ഈ മേഖലകളിൽ എത്തിയിരുന്നു. ഇതിൽ രണ്ടു പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ക്രൈഗിബേണിലെ ഒരു വീട്ടിൽ സാധനങ്ങൾ എത്തിച്ച ശേഷം, മരീബൈർനോംഗിലുള്ള അപ്പാർട്ടമെന്റിൽ നിന്ന് പുതിയ സാധനങ്ങളെടുത്ത് ഇവർ അഡ്ലൈഡിലേക്ക് പോകുകയായിരുന്നു.
ഇവർ സന്ദർശിച്ച രണ്ട് കുടുംബങ്ങളം ഇപ്പോൾ ഐസൊലേഷനിലാണ്.
ഈ റിമൂവലിസ്റ്റുമാർ സന്ദർശിച്ച എല്ലാ മേഖലകളുടെയും വിശദാംശങ്ങൾ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.