Breaking

വിക്ടോറിയയിൽ 776 കേസുകൾ; സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്

കോറോണവൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള വിക്ടോറിയയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്ക് റിപ്പോർട്ട് ചെയ്തു. പുതുതായി 766 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

Victorian Premier Daniel Andrews addresses the media during a press conference in Melbourne.

Victorian Premier Daniel Andrews addresses the media during a press conference in Melbourne. Source: AAP

വിക്ടോറിയയിൽ പുതുതായി 776 പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പുറമെ നാല് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കൊറോണവൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

അതെസമയം ന്യൂ സൗത്ത് വെയിൽസിൽ നിന്ന് വിക്ടോറിയക്കാർക്ക് മടങ്ങിവരാൻ അനുമതി ഉണ്ടാകുമെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വ്യാഴാഴ്ച പറഞ്ഞു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളവർക്കാണ് അനുമതി ഉണ്ടാവുക. നെഗറ്റീവ് കൊവിഡ് പരിശോധനാ ഫലവും ആവശ്യമാണ്. അടുത്തയാഴ്ച മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

സംസ്ഥാന സർക്കാരിന് കീഴിലുള്ള വാക്‌സിനേഷൻ ഹബ്ബുകളിൽ ബുധനാഴ്ച 41,000 ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് നിലവിൽ 6,666 പേരിൽ രോഗബാധയുണ്ടെന്നാണ് റിപ്പോർട്ട്. നിലവിലെ രോഗബാധയിൽ മരിച്ചവരുടെ സംഖ്യ 20 ലേക്ക് ഉയർന്നു. 
 
സംസ്ഥാനത്ത് വാക്‌സിൻ വിരുദ്ധ പ്രകടനങ്ങൾ തുടർച്ചയായി നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 
 
അതെസമയം ഒക്ടോബർ 18ന് മുൻപ് സംസ്ഥാനത്തെ അധ്യാപകർ കുറഞ്ഞത് ഒരു ഡോസ് വാക്‌സിസിനെങ്കിലും എടുത്തിരിക്കണം എന്ന് അധികൃതർ വീണ്ടും വ്യക്തമാക്കി. നവംബർ 29 നകം രണ്ട് ഡോസും സ്വീകരിച്ചിരിക്കണം എന്നാണ് നിർദ്ദേശം.

ന്യൂ സൗത്ത് വെയിൽസ്

ന്യൂ സൗത്ത് വെയിൽസിൽ 1,063 പുതിയ പ്രാദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആറു കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതെസമയം ഗ്ലെൻ ഇന്നസ്, ഓറഞ്ച് എന്നീ പ്രദേശങ്ങളിലെ ലോക്ക്ഡൗൺ വ്യാഴാഴ്ച അർദ്ധരാത്രി പിൻവലിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. ചില നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. 

എന്നാൽ ഹിൽടോപ് മേഖലയിൽ ഉള്ളവർക്ക് വീട്ടിൽ ഇരിക്കണമെന്നുള്ള നിർദ്ദേശം ഒരാഴ്ച കൂടി ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ന്യൂ സൗത്ത് വെയിൽസിൽ വാക്‌സിൻ സ്വീകരിക്കാൻ അർഹതയുള്ളവരിൽ 83.6 ശതമാനവും ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞതായും 55.5 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞതായും അധികൃതർ പറഞ്ഞു. 

അതെ സമയം സിഡ്‌നിയിലെ ലിവർപൂൾ ആശുപത്രിയിൽ കൂടുതൽ രോഗബാധ സ്ഥിരീകരിച്ചു. ഒരാഴ്ചയിൽ ഇരുപതിലധികം പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതർ പറഞ്ഞു. ആശുപത്രിയിലെ ആറു വാർഡുകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 



Share
Published 23 September 2021 11:49am
Updated 23 September 2021 4:59pm
By SBS Malayalam
Source: SBS News


Share this with family and friends