ഏറ്റവും അധികം ദിവസം ലോക്ക്ഡൗണ് നടപ്പിലാക്കിയ നഗരമായി മാറിയിരിക്കുകയാണ് മെൽബൺ.
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സ്ന്റെ 245 ദിവസത്തെ ലോക്ക്ഡൗൺ റെക്കോർഡാണ് മെൽബൺ പിന്തള്ളിയത്.
മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം മെൽബണിൽ ഇതുവരെ 246 ലോക്ക്ഡൗൺ ദിനങ്ങളാണ് പിന്നിട്ടിരിക്കുന്നത്.
വിക്ടോറിയക്കാർ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചെയ്ത ത്യാഗങ്ങൾ നിർണ്ണായകമാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു. ലോക്ക്ഡൗൺ അവസാനിക്കുന്നതിന് ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളതെന്ന് ചൂണ്ടിക്കാട്ടിയ പ്രീമിയർ അന്തിമ ഘട്ടത്തിലുള്ള സഹകരണത്തിനായും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പുതിയ 1,377 പ്രാദേശിക രോഗബാധയും നാല് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച സ്ഥിരീകരിച്ച 1,377 കേസുകളിൽ 45 ശതമാനവും 10 വയസിനും 29 വയസിനും ഇടയിൽ ഉള്ളവരാണെന്ന് അധികൃതർ അറിയിച്ചു.
വിക്ടോറിയൻ ആശുപത്രികളിൽ കൊവിഡ് ബാധിച്ച 476 പേരാണ് നിലവിൽ ചികിത്സ തേടുന്നത്. 98 പേർ തീവ്രപരിചരണ വിഭാഗത്തിലും 57 പേർ വെന്റിലേറ്ററിലുമാണെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ ആദിമവർഗ സമൂഹത്തിൽ വാക്‌സിനേഷൻ നിരക്ക് കൂട്ടുന്നത് ലക്ഷ്യമിട്ട് പ്രത്യേക മൊബൈൽ വാക്‌സിനേഷൻ കാമ്പയിനും സർക്കാർ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഒക്ടോബർ 26 ഓടെ 16 വയസിന് മേൽ പ്രായമുള്ള 70 ശതമാനം പേരും വാക്‌സിനേഷൻ സ്വീകരിച്ചു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന മാർഗരേഖയനുസരിച്ച് വാക്‌സിനേഷൻ നിരക്ക് 70 ശതമാനമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പിൻവലിക്കും. വാക്‌സിനേഷൻ നിരക്ക് 80 ശതമാനമാകുമ്പോൾ കൂടുതൽ ഇളവുകൾ നടപ്പിലാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസ്
ന്യൂ സൗത്ത് വെയിൽസിൽ പുതിയ രോഗബാധ കുറഞ്ഞു. പുതിയ 623 പ്രാദേശിക രോഗബാധയാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആറു കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
അതെസമയം ഒൻപത് വയസിന് താഴെയുള്ള ഒരു കുട്ടി തീവ്രപരിചരണ വിഭാഗത്തിലുള്ളതായി ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു. 10നും 19 നുമിടയിലുള്ള മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 16 വയസിന് മേൽ പ്രായമുള്ള 88.4 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായും 67.1 ശതമാനം പേർ രണ്ട് ഡോസ് സ്വീകരിച്ചതായുമാണ് ശനിയാഴ്ച് അർദ്ധരാത്രി വരെയുള്ള കണക്കുകൾ.
രോഗബാധയെത്തുടർന്ന് നിലവിൽ 959 പേർ സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. 193 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ 97 പേർ വെന്റിലേറ്ററിലാണെന്ന് അധികൃതർ അറിയിച്ചു.
ക്വീൻസ്ലാൻറ്
ക്വീൻസ്‌ലാന്റിൽ ഒരു പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
നിലവിലെ ക്ലസ്റ്ററുകളുമായി പുതിയ കേസിന് ബന്ധമില്ലെന്ന് ചീഫ് ഹെൽത് ഓഫീസർ ജെന്നറ്റ് യങ് ചൂണ്ടിക്കാട്ടി. ഇതിന് പുറമെ സമ്പർക്ക പട്ടികയിലെ ഇടങ്ങളിൽ ഇവർ സന്ദർശിച്ചിട്ടില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.
രോഗം പടരാൻ സാധ്യതയുള്ളപ്പോൾ ഇവർ സമൂഹത്തിൽ സജീവമായിരുന്നു എന്നും അധികൃതർ വ്യക്തമാക്കി. അതെസമയം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭർത്താവിന്റെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അധികൃതർ പറഞ്ഞു.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
ACTയിൽ പുതിയ 28 പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ടെറിട്ടറിയിൽ വാക്‌സിൻ സ്വീകരിക്കാൻ അർഹതയുള്ളവരിൽ 93 ശതമാനത്തിലധികം പേർ ആദ്യ ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.