വിക്ടോറിയയിൽ നഴ്സിംഗ്, മിഡ്‌വൈഫറി രംഗത്തേക്ക് എത്താനാഗ്രഹിക്കുന്നവർക്ക് പഠനം സൗജന്യമാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
മെൽബണിലെ ഓസ്‌ട്രേലിയൻ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ഫെഡറേഷൻ (ANMF) ഓഫീസിൽ വെച്ചാണ് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പദ്ധതി പ്രഖ്യാപിച്ചത്.
2023-ലും 2024-ലും നഴ്‌സിംഗ്, മിഡ്‌വൈഫറി ബിരുദ കോഴ്‌സുകളിൽ ചേരുന്ന വിക്ടോറിയൻ നിവാസികൾക്കാണ് പഠനം സൗജന്യമാക്കുക.
മൂന്നു വർഷത്തെ ഡിഗ്രി പഠന കാലയളവിൽ 9,000 ഡോളറും, അടുത്ത രണ്ടു വർഷം വിക്ടോറിയയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിച്ചാൽ 7,500 ഡോളറും നൽകുമെന്നാണ് പ്രഖ്യാപനം.
അതോടൊപ്പം തീവ്രപരിചരണം, എമർജൻസി, പീഡിയാട്രിക്സ്, കാൻസർ കെയർ എന്നിവയുൾപ്പെടെയുള്ള സ്പെഷ്യലിസ്റ്റ് മേഖലകളിൽ പഠനം പൂർത്തിയാക്കാൻ ബിരുദാനന്തര ബിരുദ നഴ്സുമാർക്ക് ശരാശരി $10,000 സ്കോളർഷിപ്പും നൽകുമെന്നും പ്രീമിയർ അറിയിച്ചു.
പദ്ധതിയുടെ മറ്റു സവിശേഷതകൾ;
- എൻറോൾഡ് നഴ്‌സുമാർക്ക് രജിസ്റ്റേർഡ് നഴ്‌സുമാരായി മാറുന്നതിനായുള്ള പഠനചിലവിനായി 11,000 ഡോളർ സ്‌കോളർഷിപ്പ്
- കമ്മ്യൂണിറ്റി ക്രമീകരണങ്ങളിൽ 100 പുതിയ നഴ്‌സ് പ്രാക്ടീഷണർമാർക്ക് 12,000 ഡോളർ സ്‌കോളർഷിപ്പ്
- ബിരുദധാരികളെയും ബിരുദാനന്തര ബിരുദധാരികളെയും ആശുപത്രികളിൽ ജോലി ചെയ്യുവാൻ പ്രാപ്തരാക്കുന്നതിന് 20 ദശലക്ഷത്തിലധികം ഡോളർ ചിലവഴിക്കും
270 മില്യൺ ഡോളറാണ് അഞ്ചു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.
കൊവിഡ് മഹാമാരിമൂലം സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളുടെ ജോലിഭാരം കൂടിയതിനാലും ആരോഗ്യ രംഗത്തെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിനാലും സർക്കാർ മാസങ്ങളായി ഈ പദ്ധതിക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡാനിയേൽ ആൻഡ്രൂസ് ചൂണ്ടിക്കാട്ടി.
വിക്ടോറിയൻ സർക്കാരിന്റെ പ്രഖ്യാപനത്തെ ഓസ്‌ട്രേലിയൻ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ഫെഡറേഷൻ സ്റ്റേറ്റ് സെക്രട്ടറി ലിസ ഫിറ്റ്‌സ്പാട്രിക് സ്വാഗതം ചെയ്തു.
പദ്ധതിയിലൂടെ ഷിഫ്റ്റുകൾ കാര്യക്ഷമമാക്കാൻ കൂടുതൽ ജീവനക്കാരെ ലഭിക്കുമെന്നും അതോടെ നഴ്‌സുമാർക്ക് ജോലി സമയം ക്രമീകരിക്കാൻ എളുപ്പമാകുമെന്നും ലിസ ഫിറ്റ്‌സ്പാട്രിക് ചൂണ്ടിക്കാട്ടി.
എന്നാൽ, കഴിഞ്ഞ എട്ടുവർഷങ്ങളായി ആരോഗ്യമേഖലയ്ക്കു വേണ്ടി ഡാനിയേൽ ആൻഡ്രൂസ് കാര്യമായി പ്രവർത്തിച്ചില്ലെന്ന് പ്രതിപക്ഷ ആരോഗ്യ വക്താവ് ജോർജി ക്രോസിയർ കുറ്റപ്പെടുത്തി.
നവംബർ മാസത്തിലെ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷം ആരോഗ്യമേഖല ജീവനക്കാർക്കായി പുതിയ് നയം പുറത്തിറക്കുമെന്ന് പറഞ്ഞ ജോർജി ക്രോസിയർ, ഭരണത്തിലെത്തിയാൽ നിലവിൽ പ്രഖ്യാപിച്ച പദ്ധതിയുമായി ലിബറൽ സഖ്യം മുന്നോട്ടു പോകുമെന്നും അറിയിച്ചു.