വെള്ളപ്പൊക്കം ബാധിച്ചവർക്ക് 1,000 ഡോളർ വീതം അടിയന്തര സഹായം; സഹായത്തിനായി എങ്ങനെ അപേക്ഷിക്കാം...

ന്യൂസൗത്ത് വെയിൽസിൽ പ്രളയം ബാധിച്ച 23 ലോക്കൽ ഗവൺമെൻറ് ഏരിയകളിൽ(LGA) അടിയന്തര ധനസഹായം വിതരണം ചെയ്യാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. നാലു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ആയിരക്കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.

SBS Malayalam

Source: AAP

ന്യൂസൗത്ത് വെയിൽസിൻറെ തീരപ്രദേശങ്ങളിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കനത്ത മഴക്ക് കാരണമായത്. വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നൂറിലേറെ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

അടിയന്തര ധനസഹായം എത്ര?

പ്രായപൂർത്തിയായവർക്ക് 1,000 ഡോളർ വീതവും, കുട്ടികൾക്ക് 400 ഡോളർ വീതവുമാണ് ഡിസാസ്റ്റർ റിക്കവറി പേയ്‌മെൻറായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് പണമായി ദുരിതബാധിതർക്ക് ലഭിക്കും. ഈ തുക ഭക്ഷണം, വസ്ത്രം അല്ലെങ്കിൽ താൽക്കാലിക താമസം എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായി ദുരിതബാധിതർക്ക് ഉപയോഗിക്കാം.

ജൂലൈ 7 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ അർഹയാരായവർക്ക്ധ നസഹായത്തിനായി അപേക്ഷിക്കാം.

ആർക്കൊക്കെ ധനസഹായം ലഭിക്കും?

ദുരന്ത മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള 23 ലോക്കൽ ഗവൺമെൻറ് ഏരിയകളിൽ താമസിക്കുന്നവർക്കാണ് ഡിസാസ്റ്റർ റിക്കവറി പേയ്‌മെൻറിന് അർഹതയുണ്ടാകുക. ഈ മേഖലകളിൽ താമസിക്കുന്ന ഓസ്‌ട്രേലിയൻ റസിഡൻസിനും, അർഹതയുള്ള മറ്റ് വിസ ഉടമകൾക്കും അടിയന്തര ധനസഹായം ലഭ്യമാകും.

താഴെപ്പറയുന്ന സാഹചര്യങ്ങളാകും ധനസഹായത്തിനായി പരിഗണിക്കുക:

  • നിങ്ങളെയോ നിങ്ങളെ ആശ്രയിച്ച് കഴിയുന്ന കുഞ്ഞിനെയോ ശക്തമായ കാറ്റും, വെള്ളപ്പൊക്കമോ ഗുരുതരമായി ബാധിച്ചിട്ടുണ്ടെങ്കിൽ.
  • നിങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെങ്കിൽ.
  • വെള്ളപ്പൊക്കത്തിൽ മരിക്കുകയോ കാണാതാവുകയോ ചെയ്ത ഒരു ഓസ്‌ട്രേലിയൻ പൗരൻറെയോ, റസിഡൻറിൻറെയോ അടുത്ത ബന്ധുവാണ് നിങ്ങളെങ്കിൽ.
  • വെള്ളപ്പൊക്കം നിങ്ങളുടെ വീടിനോ, വീട്ടിലെ വസ്തുവകകൾക്കോ കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ.
ദമ്പതികൾ രണ്ടുപേർക്കും ഡിസാസ്റ്റർ റിക്കവറി പേയ്‌മെൻറിന് അർഹതയുണ്ടാകും. എന്നാൽ പ്രായപൂർത്തിയായ ഓരോരുത്തരം ഇതിനായി പ്രത്യേകം അപേക്ഷ നൽകണം.

16 വയസ്സിന് താഴെയുള്ളവർക്കാണ് കുട്ടികൾക്കുള്ള ധനസഹായത്തിന് അർഹതയുണ്ടാകുക.

ധനസഹായത്തിന് അർഹതയുള്ള ദുരിത ബാധിത LGAകൾ ഏതൊക്കെയാണ്?

  • Blacktown
  • Blue Mountains
  • Camden
  • Canterbury Bankstown
  • Campbelltown
  • Central Coast
  • Cessnock
  • Fairfield
  • Georges River
  • Hawkesbury
  • Hornsby
  • Kiama
  • Lithgow
  • Liverpool
  • Northern Beaches
  • Penrith
  • Shellharbour
  • Shoalhaven
  • Sutherland
  • The Hills
  • Wingecarribee
  • Wollondilly
  • Wollongong

ധനസഹായത്തിനായി എങ്ങനെ അപേക്ഷിക്കാം?

സെൻറർലിങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന myGov അക്കൗണ്ട് വഴി ഡിസാസ്റ്റർ റിക്കവറി പേയ്‌മെൻറ് ഓൺലൈനായി ക്ലെയിം ചെയ്യാം.

അപേക്ഷ സമർപ്പിക്കുന്നതിനായി എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, എമർജൻസി ഇൻഫർമേഷൻ ലൈനായ 180 22 66 എന്ന നമ്പറിൽ വിളിക്കുക.


Share
Published 6 July 2022 1:30pm
Updated 6 July 2022 1:37pm
By SBS Malayalam
Source: SBS


Share this with family and friends