അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്‍രെ പ്രചാരണം സജീവമാകുന്നതിനിടെയാണ് ഡോണള്‍ഡ് ട്രംപിന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്ത് അറിയിച്ചത്.
ട്രംപിന്റെ ഓഫീസിലുള്ള പബ്ലിക് റിലേഷന്‍സ് കൗണ്‍സലര്‍ ഹോപ് ഹിക്ക്‌സിന് രോഗബാധ സ്ഥിരീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ട്രംപും ഭാര്യ മെലാനിയ ട്രംപും പരിശോധന നടത്തിയത്.
ഉടന്‍ തന്നെ ഇരുവരും ക്വാറന്‌റൈനിലേക്കും പോയിരുന്നു.
ഈ പ്രതിസന്ധി ഘട്ടം ഇരുവരും ഒരുമിച്ച് മറികടക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള സംവാദത്തില്‍ പങ്കെടുക്കാനായി ചൊവ്വാഴ്ച അദ്ദേഹം ക്ലീവ്‌ലാന്റിലേക്ക് പോയിരുന്നു. അന്ന് പ്രസിഡന്റിനൊപ്പം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഹോപ് ഹിക്ക്‌സും യാത്ര ചെയ്തിരുന്നു.
ജോ ബൈഡനുമായുള്ള പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ ട്രംപ് സാമൂഹിക നിയന്ത്രണങ്ങള്‍ പാലിക്കാറുണ്ടോ എന്നും, റാലികളില്‍ സാമൂഹിക നിയന്ത്രണങ്ങളില്ലാതെ ആളു കൂടുന്നതിനെക്കുറിച്ചും ചോദ്യമുയര്‍ന്നിരുന്നു.
താന്‍ മാസ്‌ക് ധരിക്കാറുണ്ടെന്നും, തന്റെ റാലിയില്‍ നിന്ന് ഒരാള്‍ക്ക് പോലും രോഗം പകര്‍ന്നിട്ടില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.