ഓസ്ട്രേലിയയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യാന്തര വിദ്യാർത്ഥികൾക്കായി ദീർഘകാല പോസ്റ്റ് സ്റ്റഡി വർക്ക് വിസ കൊണ്ടുവന്നത്.
പഠിക്കുന്ന കാത്ത് ജോലി ചെയ്യുന്നതിന് വീണ്ടും സമയപരിധി ഏർപ്പെടുത്തിയതിന് ഒപ്പമാണ്, പഠനം പൂർത്തിയാക്കയിാൽ കൂടുതൽ കാലം ജോലി ചെയ്യാൻ അനുമതി നൽകിയത്.
നിരവധി മേഖലകളിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ, ഗവേഷണമോ പൂർത്തിയാക്കുന്നവർക്ക് ടെംപററി ഗ്രാജ്വേറ്റ് വിസ, അഥവാ സബ്ക്ലാസ് 485 വിസയിൽ രണ്ടു വർഷം കൂടി അധികം സമയം അനുവദിക്കാനാണ് തീരുമാനം.
പ്രധാനമാറ്റങ്ങൾ ഇങ്ങനെയാണ്:
- ബാച്ചിലർ ഡിഗ്രി: പോസ്റ്റ് സ്റ്റഡി വർക്ക് വിസ രണ്ടു വർഷത്തിൽ നിന്ന് നാലു വർഷമായി കൂടും
- മാസ്റ്റേഴ്സ് ഡിഗ്രി: പോസ്റ്റ് സ്റ്റഡി വർക്ക് വിസ മൂന്നു വർഷത്തിൽ നിന്ന് അഞ്ചു വർഷമാകും
- ഗവേഷണ ബിരുദം: പോസ്റ്റ് സ്റ്റഡി വർക്ക് വിസ നാലു വർഷത്തിൽ നിന്ന് ആറു വർഷമാകും
ഗവേഷണബിരുദം ഏതു വിഷയത്തിലായാലും ഈ അധിക കാലാവധി ലഭ്യമാകും.
ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം വിദ്യാർത്ഥികൾക്ക് എങ്ങനെ ലഭ്യമാകുമെന്ന് മെൽബണിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് ഇവിടെ കേൾക്കാം.
LISTEN TO

ഓസ്ട്രേലിയയിൽ പഠിക്കുന്നവർക്ക് കൂടുതൽ കാലം രാജ്യത്ത് കഴിയാം: പോസ്റ്റ് സ്റ്റഡി വർക്ക് വിസ ദീർഘിപ്പിക്കുന്നു
SBS Malayalam
11:30
ഏതൊക്കെ കോഴ്സുകൾ
ഓസ്ട്രേലിയയിൽ തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളിലാണ് ഈ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
സ്കിൽസ് പ്രയോറിറ്റി പട്ടികയിലുള്ള 90 തൊഴിൽ മേഖലകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ തൊഴിൽ മേഖലകളിലേക്കെത്താൻ സഹായിക്കുന്ന കോഴ്സുകൾ പഠിക്കുന്നവർക്ക് അധികകാല വിസ ലഭിക്കും.
എഞ്ചിനീയറിംഗ്, മെഡിക്കൽ, IT, നഴ്സിംഗ് മേഖലകളിലെ നിരവധി കോഴ്സുകൾ പട്ടികയിലുണ്ട്.
ഇതിനു പുറമേ അധ്യാപനം, ഫാർമസി, ഡെന്റൽ, ഫിസിയോതെറാപ്പി, കൃഷി, ഭക്ഷ്യസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ കോഴ്സുകൾ ചെയ്താലും രണ്ടു വർഷം അധികം പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കും.
ഈ വർഷം ജൂലൈ ഒന്നിന് കോഴ്സുകളുടെ സമ്പൂർണ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും സർക്കാർ അറിയിച്ചു.