ഓസ്ട്രേലിയയിൽ കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിർണ്ണായക പങ്കു വഹിക്കും എന്ന പ്രഖ്യാപനത്തോടെ ഏപ്രിൽ മാസത്തിലാണ് ഫെഡറൽ സർക്കാർ CovidSafe ആപ്പ് പുറത്തിറക്കിയത്.
ഇതുവരെ 50 ലക്ഷത്തോളം ഡോളർ ഈ ആപ്പിനായി ചെലവാക്കിയതായാണ് സർക്കാർ വെളിപ്പെടുത്തിയിരിക്കുന്നത്.
എഴുപതു ലക്ഷത്തോളം ഓസ്ട്രേലിയക്കാർ ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തതായും ഫെഡറൽ ആരോഗ്യവകുപ്പിലെ അസോസയേറ്റ് സെക്രട്ടറി കാരോലിൻ എഡ്വാർഡ്സ് സെനറ്റ് സമിതിയെ അറിയിച്ചു.
എന്നാൽ ആപ്പ് ഉപയോഗിച്ച് ഇതുവരെ കണ്ടെത്താനായത് 17 കൊവിഡ് കേസുകൾ മാത്രമാണെന്നും ആരോഗ്യവകുപ്പ് സെനറ്റ് സമിതിയിൽ വ്യക്തമാക്കി.
CovidSafe ആപ്പ് മാത്രം ഉപയോഗിച്ച് കണ്ടെത്താൻ കഴിഞ്ഞ രോഗബാധിതരുടെ എണ്ണമാണ് ഇത്.
അതായത്, ആരോഗ്യവകുപ്പിന് മറ്റ് കോൺടാക്ട് ട്രേസിംഗ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് കണ്ടെത്താൻ കഴിയാത്തവയായിരുന്നു ഈ 17 കേസുകൾ
ഇതെല്ലാം ന്യൂ സൗത്ത് വെയിൽസിലാണ്. വിക്ടോറിയയിലെ രണ്ടാം വ്യാപന സമയത്തും കൊവിഡ്സേഫ് ആപ്പ് ഉപയോഗിച്ച് രോഗികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഈ ആപ്പ് ഉപയോഗിച്ച് പുതിയ ഒരു കേസ് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സെനറ്റ് സമിതിയിൽ സർക്കാർ വെളിപ്പെടുത്തി.
27,000ലേറെ രോഗബാധയുണ്ടാവുകയും, ലക്ഷക്കണക്കിന് പേർ സമ്പർക്കപ്പട്ടികയിൽ വരിയും ചെയ്ത ഓസ്ട്രേലിയയിൽ ഇത്ര കുറച്ച് കേസുകൾ മാത്രം ആപ്പ് ഉപയോഗിച്ച് കണ്ടെത്തിയത് നിരാശാജനകമാണെന്ന് ലേബർ ആരോഗ്യവക്താവ് ക്രിസ് ബൗവൻ പറഞ്ഞു.

The Australian Government's new voluntary coronavirus tracing app 'COVIDSafe' Source: AAP Image/Scott Barbour
ആപ്പ് വൻ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദ്യ ഘട്ടത്തിൽ താൻ ഈ ആപ്പിനെ പിന്തുണയ്ക്കുകയായിരുന്നുവെന്നും, എന്നാൽ പ്രതീക്ഷിച്ച ഫലം അതുകൊണ്ട് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ആപ്പ് ഉപയോഗിച്ച് കണ്ടെത്തിയ 17 കൊവിഡ് കേസുകൾക്കൊപ്പം, അവരുടെ സമ്പർക്കപ്പട്ടികയിലെ 80 പേരെയും കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അസോസിയേറ്റ് സെക്രട്ടറി കാരോലിൻ എഡ്വാർഡ്സ് പറഞ്ഞു.
ആരോഗ്യവകുപ്പ് മറ്റു മാർഗ്ഗങ്ങളിലൂടെ കണ്ടെത്തിയ 1,800ഓളം പേർ ആപ്പ് ഉപയോഗിക്കുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
നിലവിൽ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നതുകൊണ്ടാകാം വിക്ടോറിയയിൽ ആപ്പ് ഫലപ്രദമാകാതിരുന്നത് എന്നും, നിയന്ത്രണങ്ങൾ ഇളവു ചെയ്യുമ്പോൾ ഈ സ്ഥിതി മാറുമെന്നും കാരോലിൻ എഡ്വാർഡ്സ് പറഞ്ഞു.
ഓസ്ട്രേലിയക്കാർക്ക് കൊവിഡിനൊപ്പമുള്ള സാധാരണ ജീവിതത്തിലേക്കുള്ള ടിക്കറ്റാകും ഈ ആപ്പ് എന്നായിരുന്നു ഏപ്രിലിൽ പ്രധാനമന്ത്രി പറഞ്ഞത്.