ഓസ്‌ട്രേലിയയിലെ ബാങ്കിംഗ് പലിശനിരക്ക് 4.1 ശതമാനത്തില്‍ തുടരാനാണ് കഴിഞ്ഞ മാസത്തെ റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം തീരുമാനിച്ചത്.
തുടര്‍ച്ചയായ നാലാം മാസമായിരുന്നു പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയത്.
നിരക്ക് വര്‍ദ്ധന പാരമ്യത്തിലേക്ക് എത്തിയെന്നും, അടുത്ത വര്‍ഷം പകുതിവരെ ഇതേ രീതിയില്‍ തുടരും എന്നുമായിരുന്നു അന്ന് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരുന്നത്.
എന്നാല്‍ അതിനു ശേഷമുള്ള ഒരു മാസം സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെ, പലിശ വീണ്ടും കൂട്ടാനുള്ള സാധ്യതയാണ് ഇപ്പോള്‍ മുന്നിലുള്ളത്.
അടുത്ത ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം ചേരുമ്പോള്‍ പണപ്പെരുപ്പവും, തൊഴിലില്ലായ്മാ നിരക്കും, ചെറുകിട വ്യാപാരവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താകും പലിശനിരക്ക് തീരുമാനിക്കുക.
പണപ്പെരുപ്പം
പ്രതീക്ഷിച്ചതിനെക്കാള്‍ വ്യത്യസ്തമായ പണപ്പെരുപ്പ നിരക്കുകളാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കഴിഞ്ഞയാഴ്ച പുറത്തുവിട്ടത്.
സെപ്റ്റംബര്‍ മാസത്തില്‍ അവസാനിച്ച പാദത്തില്‍ 1.2 ശതമാനം വര്‍ദ്ധനവാണ് നാണയപ്പെരുപ്പ നിരക്കില്‍ ഉണ്ടായത്. ഇത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതലായിരുന്നു.
വാര്‍ഷിക നാണയപ്പെരുപ്പം 5.4 ശതമാനമാണെന്നും ABS വ്യക്തമാക്കി. വാര്‍ഷിക നാണയപ്പെരുപ്പം കുറഞ്ഞെങ്കിലും, പ്രതീക്ഷിച്ച കുറവ് അതില്‍ ഉണ്ടായിട്ടില്ല.

Consumer prices rose 1.2 per cent over the three months to September, making a 5.4 per cent increase over the past 12 months. Source: SBS
നാലു മാസം മുമ്പ് പലിശ നിരക്ക് 4.1 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ RBA പ്രതീക്ഷിച്ചതിനെക്കാള്‍ ഉയര്‍ന്ന നിലയിലാണ് ഇപ്പോഴത്തെ നാണയപ്പെരുപ്പമെന്ന് അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ പാദത്തില്‍ നാണയപ്പെരുപ്പം കൂടിയതിനാല്‍, ഡിസംബറില്‍ അവസാനിക്കുന്ന പാദത്തിലും നിരക്ക് കൂടിനില്‍ക്കാനാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്മാ നിരക്ക്
RBA കണക്കിലെടുക്കുന്ന മറ്റൊരു ഘടകം തൊഴിലില്ലായ്മയാണ്.
നാണയപ്പെരുപ്പം കുറയണമെങ്കില്‍ തൊഴിലില്ലായ്മാ നിരക്ക് കൂടണം എന്നാണ് RBAയുടെ മുന്‍ ഗവര്‍ണര്‍ ഫിലിപ്പ് ലോവും, ഇപ്പോഴത്തെ ഗവര്‍ണ്ണര്‍ മിഷേല്‍ ബുള്ളക്കും ആവര്‍ത്തിച്ചു പറഞ്ഞത്.
എന്നാല്‍, സെപ്റ്റംബറില്‍ തൊഴിലില്ലായ്മാ നിരക്ക് കുറയുകാണ് ഉണ്ടായത്.
ഓഗസ്റ്റില്‍ 3.7 ശതമാനമായിരുന്ന തൊഴിലില്ലായ്മ സെപ്റ്റംബറില്‍ 3.6 ശതമാനമായി കുറഞ്ഞു.
പൂര്‍ണ്ണ സമയ തൊഴിലവസരങ്ങളില്‍ 39,900ന്റെ കുറവുണ്ടായെങ്കിലും, പാര്‍ട്ട് ടൈം ജോലികള്‍ 46,500 എണ്ണം കൂടി.
ദേശീയ തൊഴിലില്ലായ്മാ നിരക്ക് ഇപ്പോഴും വളരെ കുറഞ്ഞ നിലയിലാണ് എന്ന് ഐസക് ഗ്രോസ് പറയുന്നു.
പലിശ നിരക്കിന്റെ കാര്യത്തില്‍ ഇതത്ര നല്ല സൂചനയല്ലെങ്കിലും, സാമ്പത്തിക സ്ഥിതി ശക്തമാണ് എന്നതിന്റെ ലക്ഷണമാണ് ഈ കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കെന്ന് അദ്ദേഹം പറഞ്ഞു.
ചെറുകിട വിപണി
സാധാരണ നിലയില്‍ നാണയപ്പെരുപ്പവും തൊഴിലില്ലായ്മയും പോലെ പ്രാധാന്യത്തോടെ കാണുന്ന ഒരു ഘടകമല്ല ചെറുകിട വിപണിയിലെ വില്‍പ്പന നിരക്ക്.
സെപ്റ്റംബറില്‍ ചെറുകിട വിപണിയിലെ വില്‍പ്പനയില്‍ 0.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
കൊവിഡിന് ശേഷം വിപണിയില്‍ കണ്ട ഊര്‍ജ്ജത്തിന് അയവു വന്നെങ്കിലും, സാമ്പത്തിക സ്ഥിതി ഇപ്പോഴും ശക്തമാണ് എന്നതിന്റെ മറ്റൊരു സൂചനയാണ് 0.9 ശതമാനം എന്ന വര്‍ദ്ധനവെന്ന് ഐസക് ഗ്രോസ് പറഞ്ഞു.
RBAയുടെ തീരുമാനം എങ്ങനെ?
നാണയപ്പെരുപ്പം കൂടിയ സാഹചര്യത്തില്‍ നവംബര്‍ ഏഴിന് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നാണ് രാജ്യത്തെ നാല് പ്രമുഖ ബാങ്കുകളും വിലയിരുത്തുന്നത്.
നിരക്കില്‍ 0.25 ശതമാനം വര്‍ദ്ധനവ് വരുത്തി, 4.35 ശതമാനമാക്കി ഉയര്‍ത്താം എന്ന് ബാങ്കുകള്‍ പ്രതീക്ഷിക്കുന്നതായി RateCity ചൂണ്ടിക്കാട്ടി.
റിസര്‍വ് ബാങ്കിന്റെ തീരുമാനം പ്രവചിക്കുന്നത് അത്രഎളുപ്പമല്ലെന്നും, എന്നാല്‍ മുന്‍ മാസങ്ങളിലെയെല്ലാം രീതികള്‍ പരിശോധിക്കുമ്പോള്‍ പലിശ കൂടാന്‍ തന്നെയാണ് സാധ്യതയെന്നും ഐസക് ഗ്രോസും പറഞ്ഞു.
മറ്റൊരു മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്.
നവംബറില്‍ പലിശ കൂട്ടിയാല്‍, അതിനു ശേഷം വീണ്ടും ഒരു നിരക്കു വര്‍ദ്ധന കൂടിപ്രതീക്ഷിക്കാം എന്ന്.
പലിശ എപ്പോള്‍ കുറയും?
നാണയപ്പെരുപ്പം കുറയുകയും, തൊഴിലില്ലായ്മ കൂടുകയും ചെയ്താല്‍, പലിശ നിരക്ക് വര്‍ദ്ധന നിര്‍ത്തിവയ്ക്കും എന്നാണ് ഐസക് ഗ്രോസ് പറയുന്നത്.
പലിശ കുറയ്ക്കാനും RBA തീരുമാനിച്ചേക്കും. എന്നാല്‍ അതിന് കുറച്ചു സമയം കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Additional reporting by AAP