സിഡ്‌നിയിലും ടാംവര്‍ത്തിലുമാണ് കൊറോണവൈറസിനെതിരായ വാക്‌സിനെടുത്ത രണ്ടു പേര്‍ കഴിഞ്ഞയാഴ്ച മരിച്ചത്.
സിഡ്‌നിയില്‍ 71 വയസുള്ള ഒരാളും, ടാംവര്‍ത്തില്‍ ഒരു 55കാരനുമാണ് മരിച്ചത്.
ടാംവര്‍ത്ത് സ്വദേശി ആദ്യ ഡോസ് വാക്‌സിനെടുത്ത എട്ടു ദിവസം കഴിഞ്ഞാണ് മരിച്ചത്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതുമൂലമാണ് മരണമെന്ന് അദ്ദേഹത്തിന്റെ ഒരു ബന്ധു പറഞ്ഞിരുന്നു.
എന്നാല്‍ രോഗിയുടെ സ്വകാര്യത കണക്കിലെടുത്ത് ഇക്കാര്യം വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.
ഈ മരണങ്ങളെ വാക്‌സിനുമായി നേരിട്ട് ബന്ധപ്പെടുത്താന്‍ ഇപ്പോള്‍ കഴിയില്ലെന്ന് TGAയിലെ പ്രൊഫസര്‍ ജോണ്‍ സ്‌കെറിറ്റ് പറഞ്ഞു.
വാക്‌സിനെടുത്ത ശേഷം മറ്റ് പ്രശ്‌നങ്ങളുണ്ടായ 11,000 ഓളം കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈയിലെ വേദന മുതല്‍ ഹൃദയാഘാതം വരെയുള്ളവ ഇതിലുണ്ട്.
എന്നാല്‍ ഇവ വാക്‌സിന്റെ പാര്‍ശ്വഫലമാണോ എന്ന് വിശദമായി പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാകൂ.
ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആഗോളതലത്തിലെ ആരോഗ്യ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും, വാക്‌സിന്റെ പാര്‍ശ്വഫലമാണോ എന്ന് സ്ഥിരീകരിക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ദിവസവും കുറഞ്ഞത് 50 ഓസ്‌ട്രേലിയക്കാരെങ്കിലും രക്തം കട്ടപിടിക്കുന്ന പ്രശ്‌നവുമായി ആശുപത്രിയിലെത്താറുണ്ടെന്നും, അതില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുപോലുമില്ലെന്നും പ്രൊഫസര്‍ സ്‌കെറിറ്റ് ചൂണ്ടിക്കാട്ടി.
മരണകാരണത്തെക്കുറിച്ച് വ്യക്തമായി അറിയുന്നതിനു മുമ്പ് നിഗമനങ്ങളിലെത്തരുതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും അഭ്യര്‍ത്ഥിച്ചിരുന്നു.
വാക്‌സിന്‍ എടുക്കാന്‍ പലരും വിമുഖത കാട്ടുന്നത് മറികടക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ആസ്ട്ര സെനക്ക വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് പലരും വാക്‌സിനെടുക്കാന്‍ വിമുഖത കാട്ടുന്നത്.
ആസ്ട്രസെനക്ക വാക്‌സിനെടുത്ത ശേഷം ഓസ്‌ട്രേലിയയില്‍ ഇതുവരെ ആറു പേര്‍ക്ക് രക്തം കട്ടപിടിച്ചത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.
എന്നാല്‍, പത്തു ലക്ഷം പേര്‍ വാക്‌സിനെടുക്കുമ്പോള്‍ നാലു മുതല്‍ ആറു വരെ പേര്‍ക്ക് മാത്രമാണ് ഇത്തരം പ്രശ്‌നമുണ്ടാകുന്നത് എന്ന കാര്യമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.