ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് ജോലി ചെയ്യുന്നതിനായി പല നിയന്ത്രണങ്ങളും ബാധകമാണ്.
പ്രായപരിധി സംബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ താഴെ കൊടുത്തിരിക്കുന്നു.
വിക്ടോറിയ
വിക്ടോറിയയിൽ 15 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ജോലിക്കെടുക്കുന്നതിനായി തൊഴിലുടമകൾ പെർമിറ്റ് എടുക്കേണ്ടതുണ്ട്.
11 വയസ് തികഞ്ഞിട്ടുള്ള കുട്ടികൾക്ക് ചില തരത്തിലുള്ള ഡെലിവറി ജോലികൾ ചെയ്യാൻ അനുവാദമുണ്ട്. പരസ്യങ്ങളുടെ ബ്രോഷറുകൾ ലെറ്റർ ബോക്സുകളിൽ വിതരണം ചെയ്യുന്നത് ഒരു ഉദാഹരണമാണ്.
റീറ്റെയ്ൽ, ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ ജോലി ചെയ്യുന്നതിന് 13 വയസ് തികയണമെന്നാണ് നിയമം.
സ്കൂൾ ദിവസങ്ങളിൽ ഒരു ദിവസം പരമാവധി മൂന്ന് മണിക്കൂർ ജോലി ചെയ്യാം. ആഴ്ചയിൽ 12 ഉം.
സ്കൂൾ അവധി ദിവസങ്ങളിൽ ഒരു ദിവസം ആറു മണിക്കൂർ വരെ ജോലി ചെയ്യാം. ആഴ്ചയിൽ 30 ഉം.
കുട്ടികൾക്ക് രാത്രിയിൽ ജോലി ചെയ്യാൻ നിയന്ത്രണങ്ങളുണ്ട്.
മാതാപിതാക്കളോ രക്ഷാധികാരികളോ കുട്ടികളെ കുടുംബ ബിസിനസിൽ തൊഴിലിനെടുക്കുന്ന സാഹചര്യങ്ങളിൽ നിയന്ത്രണങ്ങൾ താരതമ്യേന കുറവാണ്. എന്നിരുന്നാലും സ്കൂൾ സമയത്ത് കുട്ടികളെ റോസ്റ്റർ ചെയ്യാൻ അനുവാദമില്ല.
ന്യൂ സൗത്ത് വെയിൽസ്
കുട്ടികൾക്ക് ജോലി ചെയ്യുന്നതിന് ന്യൂ സൗത്ത് വെയിൽസിൽ കുറഞ്ഞ പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല.
എന്നാൽ എപ്പോൾ ജോലി ചെയ്യാം, എത്ര നേരം ജോലി ചെയ്യാം എന്നിവ സംബന്ധിച്ച് നിബന്ധനകൾ ബാധകമാണ്.
സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ നാല് മണിക്കൂറിൽ കൂടുതൽ കുട്ടികൾക്ക് ജോലി ചെയ്യാൻ അനുവാദമില്ല.
അടുത്ത ദിവസം സ്കൂൾ ഉണ്ടെങ്കിൽ രാത്രി ഒൻപതിന് ശേഷം ജോലി ചെയ്യാൻ അനുവാദമില്ല.
സ്കൂൾ പ്രിൻസിപ്പലിന്റെ അനുവാദമില്ലാതെ സ്കൂൾ സമയത്ത് ജോലി ചെയ്യാൻ കുട്ടികൾക്ക് അനുവാദമില്ല.
ക്വീൻസ്ലാൻറ്
ക്വീൻസ്ലാന്റിൽ കുട്ടികൾക്ക് ജോലി ചെയ്യാനുള്ള കുറഞ്ഞ പ്രായപരിധി 13 വയസാണ്.
എന്നാൽ ചില വിതരണ ജോലികൾ 11 വയസ് മുതൽ ചെയ്യാം. ന്യൂസ്പേപ്പർ വിതരണം ഒരു ഉദാഹരണമാണ്. കുട്ടികളുടെ മേൽനോട്ടം വഹിക്കേണ്ടതുണ്ട്.
സ്കൂൾ ദിവസങ്ങളിൽ ആഴ്ചയിൽ പരമാവധി 12 മണിക്കൂർ ജോലി ചെയ്യാം. സ്കൂൾ ഉള്ള ദിവസങ്ങളിലും അവധി ദിവസങ്ങളിലും വ്യത്യസ്തത സമയ പരിധികൾ ബാധകമാണ്. സ്കൂൾ അവധികാലത്ത് ആഴ്ചയിൽ പരമാവധി 38 മണിക്കൂർ ജോലി ചെയ്യാൻ അനുവാദമുണ്ട്.
സ്കൂൾ സമയത്ത് കുട്ടികളെ റോസ്റ്റർ ചെയ്യാൻ തൊഴിലുടമകൾക്ക് അനുവാദമില്ല. രാത്രി പത്തിനും രാവിലെ ആറിനും ഇടയ്ക്ക് കുട്ടികളെ റോസ്റ്റർ ചെയ്യാൻ അനുവാദമില്ല. 11 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികളെ വിതരണ ജോലികൾക്കായി റോസ്റ്റർ ചെയ്യുമ്പോൾ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ റോസ്റ്റർ ചെയ്യാൻ അനുവാദമില്ല.
എന്റർടെയ്‌ൻമെന്റ് രംഗത്ത് ജോലി ചെയ്യുന്നതിന് പ്രായപരിധി ബാധകമല്ല. എന്നാൽ ഏതെല്ലാം ദിവസം ജോലി ചെയ്യാം, ഏത് സമയത്ത് ജോലി ചെയ്യാം എന്നത് സംബന്ധിച്ച് കുട്ടികളുടെ പ്രായമനുസരിച്ച് നിയന്ത്രണങ്ങൾ ബാധകമാണ്.
കുടുംബ ബിസിനസിൽ കുട്ടികളെ ജോലിക്കെടുക്കുന്നതിന് നിയന്ത്രണങ്ങൾ കുറവാണ്. സ്കൂൾ സമയത്ത് റോസ്റ്റർ ചെയ്യാൻ അനുവാദമില്ല.
LISTEN TO

'ഭക്ഷണവും തണുപ്പ് കുറയ്ക്കാനുള്ള വസ്ത്രം വാങ്ങുന്നതിനും വെല്ലുവിളി'; വിലക്കയറ്റത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ രാജ്യാന്തര വിദ്യാർത്ഥികൾ
SBS Malayalam
09:55
സൗത്ത് ഓസ്‌ട്രേലിയ
സൗത്ത് ഓസ്‌ട്രേലിയയിൽ കുട്ടികളുടെ ജോലി സംബന്ധിച്ച് കുറഞ്ഞ പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല.
ആറു മുതൽ 16 വയസുവരെയുള്ള കുട്ടികൾക്ക് സ്കൂൾ സമയത്ത് ജോലി ചെയ്യാൻ അനുവാദമില്ല. എന്നിരുന്നാലും 15 ഉം 16 ഉം വയസ് പ്രായമുള്ളവർക്ക് ഇളവിനായി അപേക്ഷിക്കാവുന്നതാണ്.
സ്കൂളിനെ ബാധിക്കുന്ന സമയങ്ങളിൽ ജോലി ചെയ്യാൻ അനുവാദമില്ല.
ടാസ്മേനിയ
ടാസ്മേനിയയിൽ കുട്ടികൾക്ക് ജോലി ചെയ്യുന്നതിന് കുറഞ്ഞ പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല. പ്രത്യേക അനുമതിയില്ലാതെ സ്കൂൾ സമയത്ത് ജോലി ചെയ്യാൻ അനുവാദമില്ല.
വെസ്റ്റേൺ ഓസ്‌ട്രേലിയ
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 15 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് കൂടുതൽ തൊഴിൽ സാധ്യതകൾ. ചുരുക്കം ചില ജോലികളിൽ മാത്രം 15 ന് താഴെയുള്ളവരെ അനുവദിക്കും.
10 വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് മാതാപിതാക്കളുടെ മേൽനോട്ടത്തോടെ പരസ്യ ബ്രോഷറുകൾ വിതരണം ചെയ്യുന്ന ജോലി ചെയ്യാം. വൈകിട്ട് ഏഴിന് ശേഷവും രാവിൽ ആറിന് മുൻപും ഇതിന് അനുവാദമില്ല.
13 നും 14 നുമിടയ്ക്ക് പ്രായമുള്ളവർക്ക് മാതാപിതാക്കളുടെ അനുവാദത്തോടെ റീറ്റെയ്ൽ, ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ ജോലി ചെയ്യാം. രാവിലെ ആറിന് മുൻപും വൈകിട്ട് 10 ന് ശേഷവും ജോലി ചെയ്യാൻ അനുവാദമില്ല.
മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ ബിസിനസുകളിൽ ജോലി ചെയ്യുന്നതിന് കുട്ടികൾക്ക് പ്രായപരിധി ബാധകമല്ല. അഭിനയ രംഗത്തോ സംഗീത രംഗത്തോ ജോലി ചെയ്യുന്നതിന് കുറഞ്ഞ പ്രായപരിധിയില്ല.
പ്രത്യേക അനുമതിയില്ലാതെ സ്കൂൾ സമയത്ത് ജോലി ചെയ്യാൻ അനുവാദമില്ല. കൂടുതൽ വിവരങ്ങൾക്കായി കുട്ടികളുടെ മാതാപിതാക്കൾ സ്കൂൾ അധികൃതരെ ബന്ധപ്പെടേണ്ടതാണ്.
LISTEN TO

ന്യൂസിലാൻറ് നഴ്സിംഗ് രജിസ്ട്രേഷൻ ഉപയോഗിച്ച് എങ്ങനെ ഓസ്ട്രേലിയയിൽ ജോലിചെയ്യാം; TTMRA പാത്ത് വേ അറിയേണ്ടതെല്ലാം
SBS Malayalam
12:49
നോർത്തേൺ ടെറിട്ടറി
15 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നോർത്തേൺ ടെറിട്ടറിയിൽ ജോലി ചെയ്യാൻ അനുവാദമുള്ളത്.
രാവിലെ ആറുമണിക്ക് മുൻപും വൈകിട്ട് 10 ന് ശേഷവും ജോലി ചെയ്യാൻ അനുവാദമില്ല.
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാവുന്ന ജോലികൾ ചെയ്യാൻ ആവശ്യപ്പെടാൻ അനുവാദമില്ല.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററി
15 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ലളിതമായ ജോലികൾ ചെയ്യാൻ അനുവാദമുണ്ട്. ക്യാഷ്യർ, ഗാർഡനിംഗ്, മോഡലിംഗ് പോലുള്ള ചില ജോലികൾ ഇതിൽ ഉൾപ്പെടുന്നു.
ഈ ജോലികൾ ചെയ്യുന്നതിന് മാതാപിതാക്കളുടെ സമ്മതവും മേൽനോട്ടവും ആവശ്യമാണ്.
ആഴ്ചയിൽ 10 മണിക്കൂർ സമയ പരിധി ബാധകമാണ്.
സ്കൂൾ അവധിക്കാലത്ത് കൂടുതൽ സമയം ജോലി ചെയ്യുന്നതിനായി മാതാപിതാക്കളുടെയും കുട്ടികളുടെയും സമ്മതം ആവശ്യമാണ്. തൊഴിലുടമകൾ ചൈൽഡ് ആൻഡ് യൂത്ത് പ്രൊട്ടക്ഷൻ സർവീസസിനെ ഏഴ് ദിവസം മുൻപെങ്കിലും അറിയിക്കേണ്ടതുമുണ്ട്.
15 വയസും താഴെയും പ്രായമുള്ളവരെ സ്കൂൾ സമയത്ത് റോസ്റ്റർ ചെയ്യാൻ അനുവാദമില്ല. ഈ വിഭാഗത്തിലുള്ളവരെയും മുതിർന്ന കുട്ടികളെയും ഈ സമയത്ത് റോസ്റ്റർ ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ചുരുക്കം സാഹചര്യങ്ങളിൽ മാത്രമാണ് ഇതനുവദിക്കാറുള്ളത്. കുടുംബ ബിസിനസുകളുടെ കാര്യത്തിലും ഇത് ബാധകമാണ്.