ക്വീൻസ്ലാന്റിലെ ഉൾനാടൻ പ്രദേശമായ ഡാർലിംഗ് ഡൗൺസിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ആറു പേർ കൊല്ലപ്പെട്ടു.
കാണാതായ ഒരാളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഡാർലിംഗ് ഡൗൺസിലെ ഒരു വീട്ടിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു കൂട്ടം പേർ വെടിയുതിർത്തതായി പോലീസ് വ്യക്തമാക്കി.
അക്രമികൾക്ക് എതിരെ പോലീസ് തിരിച്ച് വെടിവയ്ക്കുകയും, സംഘട്ടനത്തിൽ ആകെ ആറു പേരുടെ ജീവൻ നഷ്ടമായതായും ക്വീൻസ്ലാൻറ് പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പോലീസ് വ്യക്തമാക്കി.
രണ്ട് പോലീസ് ഉദ്യോഗസ്‌ഥരും, ആക്രമണം നടത്തിയ മൂന്ന് പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പൊതുജനത്തിൽ നിന്നുള്ള ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ നിന്ന് കാണാതായ വ്യക്തിയെക്കുറിച്ച് അന്വേഷണം നടത്തുന്നതിനാണ് പോലീസ് വീട്ടിലെത്തിയത്.
കോൺസ്റ്റബിൾമാരായ മാത്യു അർനോൾഡ് (26 വയസ്സ്), റേച്ചൽ മക്ക്രോ (29 വയസ്സ്) എന്നിവരാണ് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെന്ന് ക്വീൻസ്‌ലാൻഡ് പോലീസ് യൂണിയൻ പ്രസിഡന്റ് ഇയാൻ ലീവേഴ്‌സ് ചൊവ്വാഴ്ച എബിസി റേഡിയോ നാഷണലിനോട് പറഞ്ഞു.
പോലീസിനെതിരെ വെടിവയ്ച്ചത് രണ്ടു പുരുഷൻമാരും ഒരു സ്ത്രീയും ഉൾപ്പെട്ട സംഘമാണ്. പോലീസ് വെടിയേറ്റ് ഇവർ മൂവരും മരിച്ചതായി പോലീസ് വ്യക്തമാക്കി.
ശബ്ദം കേട്ടതിന് ശേഷം അന്വേഷിക്കാനായി വീട്ടിൽ എത്തിയ മറ്റൊരാളും വെടിയേറ്റ് കൊല്ലപ്പെട്ടു.

An exclusion zone has been set up by Queensland Police following the fatal shooting of two police officers in rural Queensland, at Wieambilla. Source: AAP / SUPPLIED/PR IMAGE
വെടിവയ്പ്പ് നടന്ന വീയാംബില്ലയിൽ അടിയന്തര സാഹചര്യം നിലനിൽക്കുന്നതായി പോലീസ് പ്രഖ്യാപിച്ചു.
ജീവൻ നഷ്ടപ്പെട്ട ക്വീൻസ്‌ലാന്റ് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇത് തീരാ നഷ്ടമാണെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി പറഞ്ഞു.