ബ്ലാക്ക് ലൈവ്സ് മാറ്റർ റാലിയിൽ പങ്കെടുത്തയാൾക്ക് കൊറോണബാധ; ഇനി പോകുന്നവർക്കെതിരെ കേസെടുക്കണമെന്ന് പ്രധാനമന്ത്രി

മെൽബണിൽ കഴിഞ്ഞയാഴ്ച നടന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ റാലിയിൽ പങ്കെടുത്ത ഒരാൾക്ക് കൊറോണവൈറസ്ബാധ സ്ഥിരീകരിച്ചു. ഈയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന റാലികളിൽ പങ്കെടുക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.

Protesters are seen during a Black Lives Matter rally in Melbourne, Saturday, June 6, 2020.

Protesters are seen during a Black Lives Matter rally in Melbourne, Saturday, June 6, 2020. Source: AAP Image/James Ross

കഴിഞ്ഞ ശനിയാഴ്ച മെൽബൺ നഗരത്തിൽ നടന്ന റാലിയിൽ പങ്കെടുത്തയാൾക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

വിക്ടോറിയയിൽ പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ച എട്ടുപേരിൽ ഒരാളാണ് പ്രായം 30കളിലുള്ള ഈ യുവാവ്.

ആദിമ വർഗ്ഗക്കാരുടെ കസ്റ്റഡി പീഡനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ശനിയാഴ്ച പ്രമുഖ നഗരങ്ങളിലെല്ലാം ബ്ലാക്ക് ലൈവ്സ് മാറ്റർ റാലി സംഘടിപ്പിച്ചിരുന്നു. ഫെഡറൽ സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും എതിർത്തിട്ടും പതിനായിരക്കണക്കിന് പേരാണ് റാലികളിൽ പങ്കെടുത്തത്.

മെൽബണിൽ റാലിയിൽ പങ്കെടുത്തയാൾക്ക് അതിന്റെ അടുത്ത ദിവസമായ ഞായറാഴ്ചയാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് വിക്ടോറിയൻ ചീഫ് ഹെൽത്ത് ഓഫീസർ പ്രൊഫസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.
BLM protest
People hold up placards at a Black Lives Matter protest in Adelaide Source: Getty
റാലിയിൽ പങ്കെടുത്തപ്പോൾ ഇയാൾക്ക് ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഇയാൾ മാസ്ക് ധരിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു.

എന്നാൽ ഇയാളിൽ നിന്ന് വൈറസ് പടർന്നിരിക്കാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല.

മാസ്ക് ധരിച്ചത് സഹായകരമാകുമെങ്കിലും, അത് വൈറസിനെ പൂർണമായും പ്രതിരോധിക്കില്ലെന്നും ചീഫ് ഹെൽത്ത് ഓഫീസർ ചൂണ്ടിക്കാട്ടി.

രോഗബാധ സ്ഥിരീകരിച്ചയാൾ കോവിഡ് സേഫ് ആപ്പ് ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യവും വ്യക്തമല്ല.

പ്രതിഷേധറാലികൾ നിർത്തണം: പ്രധാനമന്ത്രി

രാജ്യത്ത് വീണ്ടും സമാനമായ റാലികൾ നടത്താനുള്ള നീക്കം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈയാഴ്ചയും നിരവധി നഗരങ്ങളിൽ പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നുണ്ട്.

വീണ്ടും റാലികൾക്കായി എത്തുന്നവർ രാജ്യത്തെ മറ്റു ജനങ്ങളെ അപമാനിക്കുകയാൺ ചെയ്യുന്നതെന്ന് സ്കോട്ട് മോറിസൻ പറഞ്ഞു.

ഇത്തരത്തിൽ റാലികളിൽ പങ്കെടുക്കുന്നവർക്കെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കേസെടുക്കുന്ന കാര്യത്തിൽ ഇരട്ടത്താപ്പ് കാട്ടാൻ കഴിയില്ല സ്കോട്ട് മോറിസൻ
മെൽബണിൽ 3AW റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാലിയിൽ പങ്കെടുത്ത വിക്ടോറിയയിലെ നാലു ലേബർ എം പിമാരെ ഐസൊലേഷൻ നിർദ്ദേശിച്ച് പാർലമെൻറിൽ നിന്ന് വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തവർ ഐസൊലേഷനിൽ പോകണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ പ്രതിപക്ഷ നേതാവ് ആൻറണി അൽബനീസിയും അനുകൂലിച്ചിട്ടുണ്ട്.

 

Share
Published 11 June 2020 12:34pm
Updated 11 June 2020 12:37pm
By SBS Malayalam
Source: SBS News


Share this with family and friends