സ്വവര്‍ഗ്ഗ പ്രണയത്തെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരില്‍ റഗ്ബി യൂണിയനില്‍ നിന്ന് പുറത്താക്കപ്പെട്ട കായികതാരമാണ് ഇസ്രായേല്‍ ഫോലാവൂ. സ്വവര്‍ഗ്ഗപ്രണയികള്‍ നരകത്തിലേക്ക് പോകും എന്നായിരുന്നു ഫോലാവൂവിന്റെ പരാമര്‍ശം.
കരാര്‍ റദ്ദാക്കിയ റഗ്ബി ഓസ്‌ട്രേലിയയുടെ നടപടിക്കെതിരെ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫോലാവൂ.
അതിനിടെയാണ് സമാനമായ മറ്റൊരു പരാമര്‍ശവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയത്.

Image Source: AAP Source: AAP
ട്രൂത്ത് ഓഫ് ജീസസ് ക്രൈസ് ചര്‍ച്ച് സിഡ്‌നിയുടെ സോഷ്യല്‍ മീഡിയ പേജിലുള്ള ഒരു വീഡിയോ സന്ദേശത്തിലൂടെയാണ്, 'സ്വവര്‍ഗ്ഗ വിവാഹത്തിനും ഗര്‍ഭച്ഛിദ്രത്തിനും ദൈവം നല്‍കിയ വിധിയാണ് കാട്ടുതീ' എന്ന് ഫോലാവൂ അഭിപ്രായപ്പെട്ടത്.
എത്ര വേഗമാണ് കാട്ടുതീയും, വരള്‍ച്ചയും എല്ലാം വരുന്നതെന്ന് നോക്കൂ. ഇത് യാദൃശ്ചികമാണെന്ന് കരുതുന്നുണ്ടോ? ദൈവം നിങ്ങളോട് സംസാരിക്കുകയാണ്, ഓസ്‌ട്രേലിയ. നിങ്ങള്‍ പശ്ചാത്തപിക്കണം ഇസ്രായേല്‍ ഫോലാവൂ
വ്യാപക വിമര്‍ശനം
ഇസ്രായേല്‍ ഫോലാവുവിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ ഫോലാവൂവിന് അവകാശമുണ്ടെങ്കിലും, വീടുകള്‍ കത്തി നശിച്ച ജനങ്ങളോട് ഇത്രയും അനാദരവ് കാട്ടാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ക്രിസ്തീയ വിശ്വാസികളായ ഒട്ടേറെ ഓസ്‌ട്രേലിയക്കാരെയും ഇത് വേദനിപ്പിക്കുമെന്നും, അവരുടെ നിലപാട് ഇതായിരിക്കില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Prime Minister Scott Morrison comforts a man evacuated from the bushfires in NSW. Source: AAP
തീര്‍ത്തും അപലപനീയമാണ് ഫോലാവൂവിന്റെ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനീസിയും പറഞ്ഞു.
റഗ്ബി യൂണിയനില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഫോലാവുവിനെ ശക്തമായി അനുകൂലിച്ച റേഡിയോ ബ്രോഡ്കാസ്റ്റര്‍ അലന്‍ ജോണ്‍സും ഈ വിഷയത്തില്‍ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്.
തനിക്ക് ഏറെ സ്‌നേഹമുള്ള വ്യക്തിയാണ് ഇസ്രായേല്‍ ഫോലാവൂവെന്നും, എന്നാല്‍ ഇപ്പോഴത്തെ പ്രസ്താവന അദ്ദേഹത്തെ ഒട്ടും സഹായിക്കുന്നതല്ലെന്നും അലന്‍ ജോണ്‍സ് പറഞ്ഞു. കാട്ടുതീ നേരിടുന്നവരുടെ അവസ്ഥ ആരെങ്കിലും ഇസ്രായേല്‍ ഫോലാവുവിനെ പറഞ്ഞു മനസിലാക്കണമെന്നും അലന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടി.