ഓസ്ട്രേലിയയിൽ കൊറോണവൈറസ് ബാധിതരായ മുന്നിൽ രണ്ടു പേരും വിദേശത്തു നിന്ന് തിരിച്ചെത്തിയവരാണ് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ നാളെ അർദ്ധരാത്രി മുതൽ വിദേശത്തു നിന്ന് എത്തുന്ന എല്ലാവരെയും ഹോട്ടലുകളിലും പ്രത്യേക താമസസ്ഥലങ്ങളിലും ക്വാറന്റൈൻ ചെയ്യും.
നിങ്ങൾ ഏത് വിമാനത്താവളത്തിലാണോ എത്തുന്നത് അവിടെ ക്വാറന്റൈൻ ചെയ്യും. 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞേ വീട്ടിലേക്ക് പോകാൻ കഴിയൂ.
അതായത്, സിഡ്നിയിലേക്ക് പോകേണ്ട ഒരാൾ മെൽബൺ വിമാനത്താവളത്തിലിറങ്ങിയാൽ മെൽബണിൽ തന്നെ ക്വാറന്റൈന് വിധേയമാകണം. അതിനു ശേഷമേ സിഡ്നിയിലേക്ക് പോകാൻ കഴിയൂ.
സംസ്ഥാന-ടെറിട്ടറി സർക്കാരുകളാകും ഇത് നടപ്പാക്കുക.
ഓസ്ട്രേലിയൻ സൈന്യവും ഇതുറപ്പാക്കാൻ രംഗത്തുണ്ടാകും.
നിലവിൽ എത്തിച്ചേർന്നവർ ഐസൊലേഷൻ ഉറപ്പാക്കുന്നുണ്ട് എന്നുറപ്പാകാനും സൈന്യത്തിന്റെ സേവനം ഉണ്ടാകും.
സംസ്ഥാന പൊലീസിനായിരിക്കും ഇത്തരം നിയന്ത്രണങ്ങൾ ഉറപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തമെന്നും, അവരെ സഹായിക്കാനാകും സൈന്യവും ഉണ്ടാവുക എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കുന്നതിന് ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. പ്രമുഖ നഗരങ്ങളിൽ ജനങ്ങൾ പൊതുസ്ഥലങ്ങളിലേക്കെത്തുന്നതിൽ വലിയ കുറവുണ്ടായെന്നും, അത് ഏറെ പ്രതീക്ഷാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് നിന്നെത്തുന്ന എല്ലാവരും ഐസൊലേഷൻ ഡിക്ലറേഷൻകാർഡും നൽകണം. പേരും, വിലാസവും, ഫോൺ നമ്പരും, പാസ്പോർട്ട് നമ്പരും ഉൾപ്പെടെയാകണം നൽകേണ്ടത്. നിയമം മൂലം അതിന് ബാധ്യസ്ഥരാണ്. അതു ചെയ്യാത്തവർക്കെതിരെ നടപടിയുണ്ടാകും.
പരമാവധി വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടുന്നത് ഉറപ്പാക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ബ്രെൻഡൻ മർഫി ആവർത്തിച്ചു. പാർക്കിലും മറ്റും സുഹൃത്തുക്കൾക്ക് ഒപ്പം ഒത്തുകൂടുന്നത് പോലുള്ള നടപടികൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസുകൾക്ക് ഹൈബർനേഷൻ
രണ്ടു തലങ്ങളിലായാണ് ഈ പ്രതിസന്ധിയെ നേരിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒന്ന് വൈറസിനെതിരെയുള്ള പോരാട്ടം, രണ്ടാമത്തേത് അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി.
രണ്ടു യുദ്ധങ്ങളും ഒരുപോലെ ജയിക്കണം.
പ്രതിസന്ധി ബാധിച്ച ബിസിനസുകൾക്ക് പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കഴിയും. ആറു മാസത്തിനു ശേഷം അവർക്ക് വീണ്ടും തുറന്നുപ്രവർത്തിക്കാൻ കഴിയണം.
സാമ്പത്തിക നഷ്ടമില്ലാതെ അവർക്ക് വീണ്ടും തുറന്നുപ്രവർത്തിക്കാൻ കഴിയുന്നതിനു വേണ്ടിയാണ് ഹൈബർനേഷൻ അനുവദിക്കുന്നത്.
ബിസിനസുകൾ അടച്ചിടുമെങ്കിലും അവയുടെ ബാധ്യത കൂടാതെ നോക്കുന്നതാണ് ഹൈബർനേഷൻ നടപടി. അടച്ചിട്ടിരിക്കുയാണെങ്കിലും ബിസിനസുകളെ ഇറക്കിവിടാൻ കെട്ടിടമുടമകൾക്കോ ബാങ്കുകൾക്കോ കഴിയില്ല.
ബാങ്കുവായ്പകളും മരവിപ്പിക്കും. ഹൈബർനേഷൻ കാലാവധിയിൽ പലിശയും ഒഴിവാക്കും എന്നതാണ് രീതി.
ഇത് എങ്ങനെ നടപ്പാക്കുമെന്ന് സർക്കാർ പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ.
പൂർണമായ ലോക്ക്ഡൗൺ പരിഗണിക്കുന്നില്ല
ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത തരത്തിലുള്ള ലോക്ക്ഡൗൺ സർക്കാർ ചിന്തിക്കുന്നില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സൂപ്പർമാർക്കറ്റുകളോ മറ്റ് അവശ്യസർവീസുകളോ അടച്ചിടാൻ ആലോചിച്ചിട്ടില്ല. ജനങ്ങൾ അതുകൊണ്ട് പരിഭ്രാന്തിയിലാകേണ്ട ആവശ്യമില്ല എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആവശ്യമുള്ളപ്പോൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.