കൊവിഡ് വ്യാപനത്തെ തുടർന്ന് ഓസ്ട്രേലിയയിൽ ഏറ്റവും ശക്തമായ അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സംസ്ഥാനങ്ങളിലൊന്നായ ക്വീൻസ്ലാന്റ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.
ഭൂരിഭാഗം സംസ്ഥാനങ്ങളുമായും നേരത്തേ അതിർത്തികൾ തുറന്നെങ്കിലും, സിഡ്നി മേഖലയിൽ നിന്നുള്ളവർക്കും വിക്ടോറിയക്കാർക്കും QLDയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
ഈ നിയന്ത്രണങ്ങളും ഇളവു ചെയ്യാനാണ് തീരുമാനം.
ഡിസംബർ ഒന്നു മുതൽ ഗ്രേറ്റർ സിഡ്നി മേഖലയിൽ നിന്നുള്ളവർക്ക് സംസ്ഥാനത്തേക്ക് യാത്രാ അനുമതി നൽകുമെന്ന് പ്രീമിയർ അനസ്താഷ്യ പലാഷേ പറഞ്ഞു.
പല കുടുംബങ്ങൾക്കും ഏറെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു ഇതുവരെയെന്നും, എന്നാൽ ഇനി സിഡ്നിക്കാരെയെല്ലാം സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നതായും പ്രീമിയർ പറഞ്ഞു.
ക്രിസ്ത്മസ് അവധിക്കാലത്തിന് മുമ്പ് യാത്രാ പ്ലാനുകൾ തയ്യാറാക്കാൻ കുടുംബങ്ങളെ സഹായിക്കുന്നതാണ് ഈ പ്രഖ്യാപനമെന്ന് പലാഷേ ചൂണ്ടിക്കാട്ടി. വിമാനക്കമ്പനികൾക്കും ടിക്കറ്റ് ബുക്കിംഗ് തുടങ്ങാം.
വിക്ടോറിയയുമായുള്ള അതിർത്തികൾ തുറക്കുന്ന കാര്യത്തിൽ ബുധനാഴ്ച തീരുമാനം പ്രഖ്യാപിക്കും.
ഡിസംബർ ഒന്നു മുതൽ തന്നെ വിക്ടോറിയയുമായും അതിർത്തികൾ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ അനസ്താഷ്യ പലാഷേ
ക്രിസ്ത്മസ് കാലത്ത് യാത്ര ചെയ്യാൻ കഴിയുമെന്നത് സന്തോഷകരമായ കാര്യമാണെന്നും, എന്നാൽ ജാഗ്രതയിൽ കുറവു വരുത്തരുതെന്നും പ്രീമിയർ പറഞ്ഞു.
സൗത്ത് ഓസ്ട്രേലിയയുമായുള്ള അതിർത്തികൾ വീണ്ടും തുറക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ജാനറ്റ് യംഗ് പറഞ്ഞു.
നേരത്തേ സൗത്ത് ഓസ്ട്രേലിയൻ അതിർത്തികൾ തുറന്നെങ്കിലും അഡ്ലൈഡിലെ പുതിയ ക്ലസ്റ്ററിന്റെ പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
സൗത്ത് ഓസ്ട്രേലിയയിലെ സ്ഥിതി ഇതുവരെ പ്രതീക്ഷ നൽകുന്നതാണെന്നും, അതിനാൽ ഉടൻ ഇളവ് പ്രതീക്ഷിക്കാമെന്നും ഹെൽത്ത് ഓഫീസർ പറഞ്ഞു.
With AAP.