കഴിഞ്ഞ ഒരാഴ്ചയായുണ്ടായ അതിശക്തമായ പേമാരിയിൽ ക്വീൻസ്ലാന്റിന്റെ ചില ഭാഗങ്ങൾ രൂക്ഷമാ വെള്ളപ്പൊക്കമാണ് നേരിടുന്നത്.
ബ്രിസ്ബൈന്റെ വടക്കുഭാഗത്തായുള്ള വൈഡ് ബേ, ബേർണറ്റ് മേഖലകളിൽ നിരവധി പട്ടണങ്ങൾ പൂർണമായും ഒറ്റപ്പെട്ടിട്ടുണ്ട്.
മേരിബറോ പട്ടണത്തിൽ പത്തു മീറ്ററോളം ഉയരത്തിലാണ് പ്രളയജലം പൊങ്ങിയത്.
നിരവധി പമ്പുകളും ജനറേറ്ററുകളും ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ട് പട്ടണത്തെ കടുത്ത ദുരന്തത്തിൽ നിന്ന് രക്ഷിച്ചതായി അധികൃതർ അറിയിച്ചു.
മഴവെള്ളം തടഞ്ഞുനിർത്തുന്നതിനായുള്ള ഭൂഗർഭ വാൽവിന് തകരാറുണ്ടായതോടെയാണ് മേരിബറോയിലേക്ക് ഇത്രയും പ്രളയ ജലമെത്തിയത്.
12 പമ്പുകളാണ് മണിക്കൂറുകളോളം നിർത്താതെ പ്രവർത്തിച്ചതെന്ന് ഫ്രേസർ കോസ്റ്റ് മേയർ ജോർജ്ജ് സെയ്മർ അറിയിച്ചു.
ഓരോ പമ്പും സെക്കന്റിൽ 120 ലിറ്റർ വെള്ളം വീതമാണ് ഒഴുക്കിക്കളഞ്ഞത്.
മേരിബറോയിലെ ക്വീൻസ്പാർക്കിൽ പ്രളയ ജലത്തിനൊപ്പം അപകടകാരിയായ ബുൾ ഷാർക്ക് ഇനത്തിലെ സ്രാവും ഒഴുകിയെത്തിയ ദൃശ്യങ്ങൾ ക്വീൻസ്ലാന്റ് എമർജൻസി വിഭാഗം പങ്കുവച്ചു.

An aerial view of floodwaters impacting the CBD of Maryborough, north of Brisbane. Source: AAP
ധീരമായ രക്ഷപ്പെടൽ
ഗിംപീ മേഖലയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ കാറിൽ നിന്ന് രക്ഷപ്പെടാൻ മരക്കൊമ്പിൽ രണ്ടു ദിവസം കഴിഞ്ഞ അച്ഛനെയും മകളെയുമാണ് എമർജൻസി വിഭാഗം രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി ഡ്രൈവ് ചെയ്യുമ്പോഴാണ് അവരുടെ കാർ വെള്ളപ്പൊക്കത്തിൽപ്പെട്ടത്.
കാറിനുള്ളിൽ വെള്ളം നിറഞ്ഞു തുടങ്ങിയതോടെ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയും, 40 വയസിനു മേൽ പ്രായമുള്ള പിതാവും കാറിനു മുകളിലേക്ക് കയറി.
എന്നാൽ ഇവിടേക്കും പ്രളയജലം എത്തിയതോടെ അവർ ഒരു മരത്തിനു മുകളിലേക്ക് വലിഞ്ഞുകയറുകയായിരുന്നു.

People are seen watching the flood waters from the Mary River in the town of Gympie on 9 January. Source: AAP
രാത്രിയിൽ കാറിലേക്ക് നീന്തിപ്പോയി ഒരു കയർ എടുക്കുകയും, അതുപയോഗിച്ച് മരക്കൊമ്പിൽ സ്വയം കെട്ടിയിടുകയും ചെയ്തതായി ഇയാൾ എമർജൻസി വിഭാഗത്തോട് പറഞ്ഞു.
ഞായറാഴ്ച വെള്ളം ഇറങ്ങിയപ്പോഴാണ് മരത്തിൽ നിന്ന് താഴെയിറങ്ങിയ ഇവർ സഹായം അഭ്യർത്ഥിച്ചത്. തുടർന്ന് ഹെലികോപ്റ്ററിൽ ഇവരെ രക്ഷപ്പെടുത്തി.
വെള്ളപ്പൊക്കത്തിൽപ്പെട്ട് 22 വയസുള്ള ഒരാൾ മരിച്ചിട്ടുണ്ട്.
14 വയസുള്ള ഒരു പെൺകുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. മരക്കൊമ്പിന് മുകളിൽ രക്ഷ തേടിയതാണ് ഈ പെൺകുട്ടിയും അച്ഛനും. അച്ഛനെ എമർജൻസി വിഭാഗം രക്ഷപ്പെടുത്തിയെങ്കിലും, പെൺകുട്ടി വെള്ളത്തിൽ ഒഴുകിപ്പോയതായാണ് സംശയം.