ജാസ്പര്‍ ചുഴലിക്കാറ്റ് ഭീതിയില്‍ വടക്കന്‍ ക്വീന്‍സ്ലാന്റ്; ജാഗരൂകരാകാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

വടക്കന്‍ ക്വീന്‍സ്ലാന്റിന് സമീപത്തായി രൂപമെടുത്തിട്ടുള്ള ജാസ്പര്‍ ചുഴലിക്കാറ്റ് വരും ദിവസങ്ങളില്‍ കരയിലേക്ക് എത്താമെന്ന് മുന്നറിയിപ്പ്. കെയിന്‍സും ടൗണ്‍സ്വില്ലും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Emergency services prepare a rescue boat for the water.

Evacuation centres have been set up across the region, with Deputy Premier Steven Miles warning of a significant risk of flash flooding when Jasper makes landfall. Source: AAP / Jono Searle

ഗതിയും വേഗതയും മാറിമറിയുന്ന ജാസ്പര്‍ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ തീരത്തേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

വടക്കന്‍ ക്വീന്‍സ്ലാന്റിലെ കുക്ക്ടൗണിനും ഇന്നിസ്ഫാളിനും ഇടയ്ക്കുള്ള 400 കിലോമീറ്റര്‍ തീരത്തേക്കാകും ചുഴലിക്കാറ്റ് എത്തുക.

കെയിന്‍സ് നഗരം ഈ മേഖലയിലാണ്.

നിലവില്‍ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് കാറ്റഗറി ഒന്നിലേക്ക് എത്തിയിട്ടുണ്ട്.
എന്നാല്‍ കരയിലേക്ക് എത്തുമ്പോള്‍ ഇത് കാറ്റഗറി രണ്ടായി ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
കാറ്റഗറി 2 ആയി ചുഴലിക്കാറ്റ് എത്തിയാല്‍ മണിക്കൂറില്‍ 117 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും, ചില സമയങ്ങളില്‍ 164 കിലോമീറ്റര്‍ വരെ വേഗതയുള്ള കൊടുങ്കാറ്റായി മാറാനും സാധ്യതയുണ്ട്.

ഇതോടൊപ്പം കനത്ത മഴയും, അതിവേഗത്തിലുള്ള വെള്ളപ്പൊക്കങ്ങളും ഉണ്ടാകാം.

കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതോടൊപ്പം, മരങ്ങള്‍ കടപുഴകുന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യാം എന്നാണ് മുന്നറിയിപ്പ്.

ജാസ്പര്‍ ചുഴലിക്കാറ്റ് കരയിലേക്ക് എത്തുന്നത് വീണ്ടും വൈകുമോ എന്നതാണ് കാലാവസ്ഥാ നിരീക്ഷകര്‍ക്ക് ആശങ്ക പകരുന്ന കാര്യം.

കരയിലേക്ക് എത്താന്‍ വൈകിയാല്‍ കാറ്റിന്റെ ശക്തി വീണ്ടും കൂടിയേക്കും.

ഇത് കാറ്റഗറി 3 വരെ ആകാനുള്ള നേരിയ സാധ്യതയുമുണ്ടന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി.

കെയിന്‍സില്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ രക്ഷാ പ്രവര്‍ത്തനത്തിനായുള്ള സജ്ജീകരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി നിരവധി കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു.

ഡെയിന്‍ട്രീ നദിയിലെ ബോട്ട് സര്‍വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

എല്ലാ ബോട്ടുകളും കരയില്‍ അടുപ്പിക്കാന്‍ കെയിന്‍സ് തുറമുഖ മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കി.


Share
Published 12 December 2023 12:18pm
By SBS Malayalam
Source: AAP


Share this with family and friends