ന്യൂ സൗത്ത് വെയിൽസിലെ ആരോഗ്യമേഖലയിൽ അടുത്ത കാലത്ത് കൊണ്ടുവന്നിട്ടുള്ള ഏറ്റവും പ്രധാന മാറ്റങ്ങളിലൊന്നാണ് ഇത്.
ആരോഗ്യമേഖലയ്ക്ക് മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കുന്നതും, ജനങ്ങൾക്ക് മികച്ച പരിപാലനം ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് NSW പ്രീമിയർ ഡൊമിനിക് പെരോറ്റെ പറഞ്ഞു.
വിവിധ മരുന്നുകൾ, വാക്സിനുകൾ തുടങ്ങിയവ നിർദ്ദേശിക്കാൻ ഫാർമസിസ്റ്റുകൾക്ക് അധികാരം നൽകും.
ഈ പദ്ധതി മൂന്നു ഘട്ടങ്ങളിലായാണ് നടപ്പാക്കുക.
നവംബർ 14 തിങ്കളാഴ്ച മുതൽ ഫാർമസിസ്റ്റുകൾക്ക് വിവിധ വാക്സിനുകൾ സ്വീകരിക്കുന്നതിനുള്ള പ്രിസ്ക്രിപ്ഷൻ നൽകാൻ കഴിയും.
യാത്രാ വാക്സിനുകൾ ഉൾപ്പെടെയാണ് ഇത്.
അടുത്ത ഘട്ടമായി, ഫാർമസിസ്റ്റുകൾക്ക് ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ നിരവധി മരുന്നുകൾ കുറിക്കാൻ അനുമതി നൽകും.
വിവിധ ത്വക്ക് രോഗങ്ങൾക്കുള്ള മരുന്നുകൾ, മൂത്രാനാളിയിലെ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്ക്, ഗർഭനിരോധന മരുന്നുകൾ തുടങ്ങിയവയെല്ലാം നിർദ്ദേശിക്കാനുള്ള അധികാരമാണ് രണ്ടാം ഘട്ടമായി നൽകുന്നത്.

The NSW government hopes the trial will free up GPs, so those who most need to see them are able to get appointments. Source: AAP / DAN HIMBRECHTS
പരിശീലനം പൂർത്തിയാക്കുന്ന ഫാർമസിസ്റ്റുകൾക്ക് 23 രോഗങ്ങൾക്കുള്ള മരുന്ന് നിർദ്ദേശിക്കാൻ അനുവാദം നൽകുന്നതാണ് പദ്ധതിയുടെ മൂന്നാം ഘട്ടം. ഗാസ്ട്രോഎൻട്രൈറ്റിസ്, അലർജികൾ, ഷിംഗിൾസ്, സൊറിയാസിസ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
20 ഡോളർ മുതൽ 30 ഡോളർ വരെയാകും ഫാർമസിസ്റ്റുകൾക്കുള്ള കൺസൽട്ടേഷൻ ഫീസ് എന്നാണ് റിപ്പോർട്ട്.
ഉൾനാടൻ ക്വീൻസ്ലാന്റിൽ നടക്കുന്ന പരീക്ഷണത്തിന്റെ ചുവടുപിടിച്ചാണ് ന്യൂ സൗത്ത് വെയിൽസും ഈ മാറ്റം കൊണ്ടുവരുന്നത്. ബ്രിട്ടനിലും കാനഡയിലും നിലവിൽ തന്നെ ഈ രീതിയുണ്ട്.
എന്നാൽ ഇതൊരു “ഭ്രാന്തൻ തീരുമാനമാണ്” എന്നാണ് റോയൽ ഓസ്ട്രലേഷ്യൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് പ്രതികരിച്ചത്.
ദുരന്തത്തിലേക്കായിരിക്കും ഇത് നയിക്കുക എന്നും RACGP പ്രസിഡന്റ് കേരൻ പ്രൈസ് പറഞ്ഞു.
രോഗികളെ സഹായിക്കാനല്ല, മറിച്ച് ഫാർമസി ലോബികളെ സഹായിക്കാൻ വേണ്ടിയാണ് ഈ തീരുമാനമെന്നും കേരൻ പ്രൈസ് ആരോപിച്ചു.
എന്നാൽ, ആശുപത്രി എമർജൻസി വാർഡുകളിലെ തിരക്ക് കുറയ്ക്കാൻ ഉൾപ്പെടെ ഈ മാറ്റം സഹായിക്കും എന്നാണ് ആരോഗ്യമന്ത്രി ബ്രാഡ് ഹസാർഡ് പ്രതികരിച്ചത്.
നിലവിൽ തന്നെ ഫാർമസിസ്റ്റുകൾക്ക് കൊവിഡ്-19 വാക്സിൻ എടുക്കാൻ അനുവാദമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.