ഒപ്റ്റസ് ഫോണ്‍ ഉപയോഗിക്കുന്നതും, മുമ്പ് ഉപയോഗിച്ചിരുന്നതുമായ ഒരു കോടിയിലേറെ പേരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ സൈബറാക്രമണത്തില്‍ ചോര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന് ഇരയായവരുടെ ഡ്രൈവിംഗ് ലൈസന്‍സും, പാസ്‌പോര്‍ട്ടും, ഉള്‍പ്പെടെയുള്ള രേഖകള്‍ പുതുക്കാനാണ് നിര്‍ദ്ദേശം.
പല രേഖകളും സൗജന്യമായി പുതുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
രേഖകള്‍ എങ്ങനെ പുതുക്കാം എന്നറിയാം.
ഡ്രൈവിംഗ് ലൈസന്‍സ്
സംസ്ഥാനങ്ങളും ടെറിട്ടറികളുമാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്കുന്നത്.
അതിനാല്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതികളാണ് ഇത് പുതുക്കാന്‍ ഉണ്ടാകുക.
ന്യൂ സൗത്ത് വെയില്‍സ്
നിങ്ങള്‍ ലൈസന്‍സ് പുതുക്കണമോ എന്ന കാര്യം വരും ദിവസങ്ങളില്‍ ഒപ്റ്റസ് നേരിട്ട് അറിയിക്കും എന്നാണ് സംസ്ഥാന ഡിജിറ്റല്‍ ഭരണവകുപ്പ് മന്ത്രി വിക്ടര്‍ ഡൊമിനെല്ലോ വ്യക്തമാക്കിയത്.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഒരു ഇടക്കാല ലൈസന്‍സ് നമ്പര്‍ ഉടന്‍ ലഭ്യമാകുമെന്നും, 10 ദിവസത്തിനുള്ളില്‍ പുതിയ ലൈസന്‍സ് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലൈന്‍സ് പുതുക്കുന്നതിനുള്ള 29 ഡോളര്‍ ഫീസ് നിങ്ങള്‍ നല്‍കേണ്ടിവരും.
എന്നാല്‍ ഇത് ഒപ്റ്റസ് തിരികെ നല്‍കും എന്നാണ് വിക്ടര്‍ ഡോമിനെല്ലോ വ്യക്തമാക്കിയത്.
വിക്ടോറിയ
സൈബറാക്രമണത്തിന് ഇരയായ വിക്ടോറിയക്കാര്‍ക്ക് സൗജന്യമായി ലൈസന്‍സ് പുതുക്കി നല്‍കും.
എന്നാല്‍, സാധാരണ രീതിയില്‍ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷാ രീതി പിന്തുടരാന്‍ പാടില്ല എന്നാണ് വിക്‌റോഡ്‌സ് നിര്‍ദ്ദേശിച്ചത്.
ലൈസന്‍സ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി അതുവഴി സര്‍ക്കാര്‍ നടപടിയെടുക്കും.
ആവശ്യമുള്ളവര്‍ക്ക് എങ്ങനെ ലൈസന്‍സ് പുതുക്കാമെന്ന നിര്‍ദ്ദേശവും ഇതുവഴി നല്‍കും.
ഒപ്റ്റസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുമായി ഒത്തുനോക്കിയ ശേഷമാകും ലൈസന്‍സ് പുതുക്കി നല്‍കുന്നത്.
ഇതിന്റെ ചെലവ് ഒപ്റ്റസില്‍ നിന്ന് ഈടാക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ക്വീന്‍സ്ലാന്റ്
സൈബറാക്രമണത്തിന് വിധേയരായി എന്ന് ഒപ്റ്റസില്‍ നിന്ന് അറിയിപ്പ് ലഭിച്ച ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലൈസന്‍സ് പുതുക്കാം.
പുതിയ ലൈസന്‍സ് നമ്പരായിരിക്കും ക്വീന്‍സ്ലാന്റുകാര്‍ക്കും ലഭിക്കുക.
രേഖകള്‍ ചോര്‍ന്നു എന്നറിയിക്കുന്ന ഒപ്റ്റസില്‍ നിന്നുള്ള സന്ദേശമോ, നിയമസംവിധാനങ്ങളില്‍ നിന്നുള്ള അറിയിപ്പോ സഹിതമാകണം കസ്റ്റമര്‍ സര്‍വീസ് കേന്ദ്രത്തില്‍ അപേക്ഷ നല്‍കേണ്ടത്
സൗത്ത് ഓസ്‌ട്രേലിയ
സൗത്ത് ഓസ്‌ട്രേലിയയിലും സൗജന്യമായി ലൈസന്‍സ് പുതുക്കി നല്‍കും എന്ന് പ്രീമിയര്‍ പീറ്റര്‍ മലിനോസ്‌കസ് അറിയിച്ചു.
ലൈസന്‍സ് നമ്പര്‍ മാറ്റിയ ശേഷം പുതിയ ലൈസന്‍സ് കാര്‍ഡ് തപാല്‍ മുഖേന അയച്ചുതരും.
mySAGOV അക്കൗണ്ടും ആപ്പും വഴി പുതിയ ലൈസന്‍സ് ഉടനടി ലഭ്യമാകുകയും ചെയ്യും.
ഇതിനകം ലൈസന്‍സ് പുതുക്കാന്‍ ഫീസ് നല്‍കിയവര്‍ക്ക് അത് സര്‍വീസ് SA തിരികെ നല്‍കും.
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ
WAയിലും സൗജന്യമായി ലൈസന്‍സ് പുതുക്കി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വിവരങ്ങള്‍ നഷ്ടമായവരെ വരും ദിവസങ്ങളില്‍ ഒപ്റ്റസ് നേരിട്ട് ബന്ധപ്പെടുമെന്ന് ഗതാഗത മന്ത്രി റിത്ത സഫിയോറ്റി പറഞ്ഞു.
ഇത്തരത്തില്‍ അറിയിപ്പ് ലഭിക്കുന്നവര്‍ ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സര്‍വീസ് സെന്ററിലെത്തിയാല്‍ ലൈസന്‍സ് പുതുക്കാം
ടാസ്‌മേനിയ
ടാസ്‌മേനിയക്കാര്‍ക്ക് സൗജന്യമായി ലൈസന്‍സ് പുതുക്കാനുള്ള അവസരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ആക്രമണത്തിന് ഇരയായവര്‍ക്ക് എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
അല്ലെങ്കില്‍ സാധാരണയുള്ള ലൈസന്‍സ് ഫീസ് നല്കി പുതുക്കാനും കഴിയും.
ഒപ്റ്റസ് അതിന്റെ ചെലവ് വഹിക്കാം എന്ന് ഇതുവരെയും സമ്മതിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ACT
ഈയാഴ്ച അവസാനത്തോടെ ഒപ്റ്റസില്‍ നിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കുന്നവര്‍ മാത്രം ലൈസന്‍സ് പുതുക്കിയാല്‍ മതി എന്നാണ് ACT സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
42.60 ഡോളറാകും ഫീസ്. എന്നാല്‍ അത് ഒപ്റ്റസ് മടക്കി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
NT
ടെറിട്ടറിയില്‍ ഒപ്റ്റസ് സൈബറാക്രമണം മൂലം ലൈസന്‍സ് പുതുക്കേണ്ടിവരുന്നവര്‍ക്ക് ഫീസ് ഒഴിവാക്കുമെന്ന് സര്ക്കാര്‍ വ്യക്തമാക്കി.
ഒപ്റ്റസില്‍ നിന്നുള്ള നോട്ടീസ് സഹിതം നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം.
ഉള്‍നാടന്‍ മേഖലകളിലുള്ളവര്‍ക്ക് 1300 654 628 എന്ന നമ്പരില്‍ രജിസ്ട്രിയെ ബന്ധപ്പെടാം.
പാസ്‌പോര്‍ട്ട് എങ്ങനെ പുതുക്കാം
പാസ്‌പോര്‍ട്ട് നമ്പര്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ പോലും വിദേശയാത്ര ചെയ്യുന്നതിന് അത് തടസ്സമാകില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.
നിങ്ങളുടെ പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് മറ്റാര്‍ക്കും യാത്ര ചെയ്യാന്‍ കഴിയുകയുമില്ല.
എന്നാല്‍ ആശങ്കയുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാനോ, നിലവിലെ പാസ്‌പോര്‍ട്ട് റദ്ദാക്കി പുതിയത് എടുക്കാനോ കഴിയുമെന്ന് വിദേശകാര്യവകുപ്പ് വ്യക്തമാക്കി.
പാസ്‌പോര്‍ട്ട് ഉടമകള്‍ തന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ളത്.
പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള ഫീസ് നല്‍കേണ്ടിയും വരും. 193 ഡോളറാണ് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള ഫീസ്.
പുതിയ പാസ്‌പോര്‍ട്ടാണെങ്കില്‍ 308 ഡോളര്‍ ഫീസ് വരും.
അതേസമയം, പാസ്‌പോര്‍ട്ട് പുതുക്കുന്നതിന്റെ ചെലവ് ഒപ്റ്റസ് വഹിക്കണമെന്ന് വിദേശകാര്യമന്ത്രി പെന്നി വോംഗ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.