പ്രതിദിന കൊവിഡ് കേസുകളുടെ പുതിയ റെക്കോർഡ് ന്യൂ സൗത്ത് വെയിൽസിൽ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് ഡിസംബർ 19 ന് റിപ്പോർട്ട് ചെയ്ത 2,566 കേസുകളായിരുന്നു ഇതുവരെ ഓസ്‌ട്രേലിയയിൽ ഒരു പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കുകൾ.
ചൊവ്വാഴ്ച 3,057 കേസുകൾക്ക് പുറമെ രണ്ട് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ് ബാധിച്ച 284 പേരാണ് ന്യൂ സൗത്ത് വെയിൽസിലെ ആശുപത്രികളിൽ ചികിത്സ തേടുന്നത്. 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
രോഗവ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെയും ടെറിറ്ററികളിലെയും നേതാക്കളുമായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.
അതിർത്തി തുറന്നതും നിയന്ത്രണങ്ങൾ പിൻവലിച്ചതും ഏതെല്ലാം രീതിയിൽ ബാധിക്കുന്നു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളായിരിക്കും പ്രധാന മന്ത്രി സ്കോട്ട് മോറിസൺ അടിയന്തര ദേശീയ ക്യാബിനറ്റ് യോഗത്തിൽ ബുധനാഴ്ച ചർച്ച ചെയ്യുക.
ഒമിക്രോൺ വൈറസ് വകഭേദം അതിവേഗം പടരുന്നതിനാൽ പൊതുജനം കൂടുതൽ കരുതലെടുക്കണമെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ അധികൃതർ ആവശ്യപ്പെട്ടു. .
രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് കെട്ടിടങ്ങൾക്ക് ഉള്ളിൽ മാസ്ക് ധരിക്കാനാണ് ന്യൂ സൗത്ത് വെയിൽസ് അധികൃതർ നിർദ്ദേശിക്കുന്നത്.

The same rules now apply to the vaccinated and unvaccinated in NSW, as COVID-19 case numbers rise significantly. Source: AAP
കെട്ടിങ്ങൾക്ക് ഉള്ളിൽ മാസ്ക് നിർബന്ധമാക്കാൻ ആരോഗ്യ വിദഗ്ദ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യാന്തര യാത്രക്കാരുടെ ഐസൊലേഷൻ
ന്യൂ സൗത്ത് വെയില്സിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് ഇനി 72 മണിക്കൂർ ഐസൊലേറ്റ് ചെയ്യേണ്ടതില്ല. രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചവർക്കാണ് ഇത് ബാധകം.
ചൊവ്വാഴ്ച മുതൽ സിഡ്‌നിയിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് 24 മണിക്കൂറിനകം PCR പരിശോധനക്ക് വിധേയരാവുകയും നെഗറ്റീവ് പരിശോധനാ ഫലം ലഭിക്കുന്നത് വരെ വീട്ടിൽ ഐസൊലേറ്റ് ചെയ്യുകയും വേണമെന്നാണ് നിർദ്ദേശം.
വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്ക് 14 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ബാധകമാണ്.
വിക്ടോറിയയിലും സമാനമായ നിബന്ധനകളാണ് വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ന്യൂ സൗത്ത് വെയിൽസിൽ ആറാം ദിവസം വീണ്ടും ഒരു കൊവിഡ് പരിശോധനക്ക് വിധേയരാകേണ്ടതുണ്ട്.
വിക്ടോറിയ
വിക്ടോറിയയിൽ 1,245 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ആറു കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
392 പേരാണ് ആശുപത്രികളിൽ ഉള്ളത്. 73 പേർ തീവൃപരിചരണ വിഭാഗത്തിലാണ്.
ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നീണ്ട നിരയാണ് കഴിഞ്ഞ ദിവങ്ങളിൽ ഉണ്ടായിരുന്നത്.