ഒമിക്രോൺ ബാധ അതിവേഗം പടരുന്നതോടെ ന്യൂ സൗത്ത് വെയിൽസിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്.
ആശുപത്രികളിലുള്ളവരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഇരട്ടിയായി.
ഏറ്റവും പുതിയ കണക്കു പ്രകാരം, 521 പേരെയാണ് കൊവിഡ് ബാധയത്തുടർന്ന് സംസ്ഥാനത്ത് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതിൽ 55 പേർ ഐ സി യുവിലും, 17 പേർ വെന്റിലേറ്ററിലുമാണ്.
ഒരാഴ്ച മുമ്പ്, ഡിസംബർ 20 തിങ്കളാഴ്ച, 261 പേരായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്.
ആകെ 6,324 പേർക്കാണ് സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ആശുപത്രി പ്രവേശനം കൂടുന്നതിനൊപ്പം, കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്നതിനുള്ള സമയവും വർദ്ധിച്ചിട്ടുണ്ട്.
48-72 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും, പലർക്കും 96 മണിക്കൂറിനു ശേഷവും ഫലം അറിവായിട്ടില്ല.
ഈ സാഹചര്യത്തിൽ, കൊവിഡ് പരിശോധന സംബന്ധിച്ചുള്ള നിർദ്ദേശങ്ങളിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തി.
ക്ലോസ് കോൺടാക്റ്റ് പട്ടികയിലുള്ളവർ, രോഗലക്ഷണങ്ങളുള്ളവർ, മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് PCR ഫലം ആവശ്യമായവർ എന്നീ വിഭാഗക്കാർ മാത്രം പരിശോധനയ്ക്കായി എത്തിയാൽ മതി എന്നാണ് പുതിയ നിർദ്ദേശം.
കൊവിഡ് പ്രതിരോധത്തിൽ ഇത്ര കാലവും നൽകിയിരുന്ന നിർദ്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്. നേരിയ രോഗലക്ഷണങ്ങളോ, സംശയമോ ഉള്ളവരെ പോലും പരിശോധന നടത്താൻ പ്രോത്സാഹിപ്പിക്കുയാണ് NSW സർക്കാർ ഇതുവരെ ചെയ്തിരുന്നത്.

Members of the public queue for Covid19 PCR tests at a clinic in Redfern in Sydney, Friday, December 24, 2021. Source: AAP/Mick Tsikas
രോഗം സ്ഥിരീകരിച്ചാലും ആംബുലൻസ് വിളിക്കുകയോ, ആശുപത്രിയിൽ പോകുകയോ ചെയ്യേണ്ട സാഹചര്യമുണ്ടോ എന്ന കാര്യം ജനങ്ങൾ വിലയിരുത്തണമെന്ന് NSW ആരോഗ്യമന്ത്രി ബ്രാഡ് ഹസാർഡ് പറഞ്ഞു.
സമാനമായ നിർദ്ദേശമാണ് ക്വീൻസ്ലാന്റ് സർക്കാരും നൽകിയിരിക്കുന്നത്. വൈറസ് സ്ഥിരീകരിച്ചാലും പരമാവധി വീട്ടിലിരിക്കാൻ ശ്രമിക്കണം എന്നാണ് ക്വീൻസ്ലാന്റ് സർക്കാരിന്റെ നിർദ്ദേശം.
ആഷസ് ക്യാംപിലെ ആശങ്ക
വിക്ടോറിയയിൽ 1,999 പേർക്കാണ് പുതുതായി കൊവിഡ്ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആശുപത്രി പ്രവേശനത്തിൽ കാര്യമായ വർദ്ധനവില്ല.
ക്യാംപിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത് ആഷസ് പരമ്പരയ്ക്കെത്തിയ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെയും ആശങ്കയിലാക്കി.
ഇംഗ്ലണ്ട് ടീമിന്റെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമാണ് കൊവിഡ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ MCGയിൽ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി തുടങ്ങാൻ വൈകി.
എല്ലാ കളിക്കാരെയും റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇവർക്ക് പിന്നീട് PCR പരിശോധനയും നടത്തും.
കളി നടക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.