Breaking

NSWൽ കൊവിഡ് ബാധ പുതിയ റെക്കോർഡിൽ; മെൽബണിലെ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് റിപ്പോർട്ട്

ഒന്നര മാസമായി തുടരുന്ന ലോക്ക്ഡൗണിനിടയിലും ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് ബാധ പുതിയ റെക്കോർഡിലെത്തി. 20 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ മെൽബണിലെ ലോക്ക്ഡൗൺ ഈ വ്യാഴാഴ്ച പിൻവലിക്കുന്ന കാര്യം സംശയത്തിലായി.

Premier Gladys Berejiklian provides a COVID-19 update in Sydney, Monday, 9 August, 2021.

Premier Gladys Berejiklian provides a COVID-19 update in Sydney, Monday, 9 August, 2021. Source: AAP

ന്യൂ സൗത്ത് വെയിൽസിൽ 356 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്

കൊവിഡ് തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രാദേശിക രോഗബാധയാണ് ഇത്.

മൂന്നു പേർ കൂടി കൊവിഡ് മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു പേരും വാക്സിനെടുത്തിരുന്നില്ലെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.

പുതിയ കേസുകളിൽ മൂന്നിലൊന്നും രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു എന്നും പ്രീമിയർ വ്യക്തമാക്കി.

കാന്റർബറി-ബാങ്ക്സ്ടൗൺ മേഖലയിലാണ് ഇപ്പോൾ രോഗബാധ ഏറ്റവും വർദ്ധിക്കുന്നതെന്നും, മറ്റു പ്രദേശങ്ങളിൽ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
ഫെയർഫീൽഡ് പോലുള്ള മേഖലകളിൽ ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ രോഗബാധ കുറഞ്ഞുവരികയാണ് ഗ്ലാഡിസ് ബെറെജെക്ലിയൻ
സമൂഹത്തിൽ സജീവമായ രോഗബാധിതരുടെ എണ്ണം കൂടി വന്നിട്ടും എന്തുകൊണ്ട് ഉരുക്കുവലയം പോലുള്ള കർശന നടപടികളിലേക്ക് കടക്കുന്നില്ല എന്ന ചോദ്യത്തിന്, “ഇത് ഡെൽറ്റ വൈറസാണ്, അത്തരം നടപടികൾ കൊണ്ട് ഫലമുണ്ടാകില്ല” എന്നാണ് പ്രീമിയർ പ്രതികരിച്ചത്.

രാജ്യം മുമ്പു കണ്ട കൊവിഡ് ബാധ പോലെയല്ല ഡെൽറ്റ വൈറസ് ബാധയെന്നും, അതിനാൽ മുമ്പ് പരീക്ഷിച്ചുവിജയിച്ച രീതികൾ ഇപ്പോൾ വിജയിക്കില്ലെന്നും പ്രീമിയർ പറഞ്ഞു. എന്നാൽ, കൂടുതൽ കർശന നടപടികൾ ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം ലഭിച്ചാൽ അത് നടപ്പാക്കുമെന്നും പ്രീമിയർ പറഞ്ഞു.

പരമാവധി പേർ വാക്സിനെടുക്കുക എന്നതാണ്  ഡെൽറ്റ വൈറസിനെതിരെയുള്ള മികച്ച പ്രതിരോധമെന്ന് പ്രീമിയർ അഭിപ്രായപ്പെട്ടു. അതാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന പ്രധാന നയമെന്നും ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.

സമൂഹത്തിൽ സജീവമായ രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് മാനദണ്ഡമാക്കുക എന്ന് പ്രീമിയർ നേരത്തേ സൂചിപ്പിച്ചിരുന്നു.
എന്നാൽ, കൂടുതൽ പേർ വാക്സിനെടുക്കുക എന്നതാകും ലോക്ക്ഡൗൺ ഇളവു നൽകുന്നതിന് മാനദണ്ഡമായി ഇപ്പോൾ പ്രധാനമായും പരിഗണിക്കുന്നത് എന്ന് പ്രീമിയർ അറിയിച്ചു.
സെപ്റ്റംബറിലും ഒക്ടോബറിലും ജീവിതം എങ്ങനെയായിരിക്കും എന്ന് തീരുമാനിക്കുന്നത് വാക്സിനേഷൻ നിരക്കായിരിക്കുമെന്നും പ്രീമിയർ പറഞ്ഞു.

വിക്ടോറിയയിൽ 20 കേസുകൾ

വിക്ടോറിയയുടെ ഉൾനാടൻ മേകലകളിൽ ലോക്ക്ഡൗൺ പിൻവലിച്ചു.

എന്നാൽ മെൽബണിലെ ലോക്ക്ഡൗൺ വ്യാഴാഴ്ച പിൻവലിക്കുമോ എന്ന കാര്യം തീരുമാനിക്കാൻ സമയമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു.

20 പുതിയ കേസുകളാണ് സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്.

നിലവിലെ ക്ലസ്റ്ററുമായി ബന്ധമുള്ളതാണ് എല്ലാം. എന്നാൽ ഇതിൽ 15 പേരും രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.

ഓരോ ദിവസത്തെയും സാഹചര്യം പരിഗണിച്ചുമാത്രമേ ആരോഗ്യവിദഗ്ധർ ലോക്ക്ഡൗണിന്റെ കാര്യത്തിലെ തീരുമാനമെടുക്കൂ എന്നും ആരോഗ്യമന്ത്രിപറഞ്ഞു.

എന്നാൽ ലോക്ക്ഡൗൺ നീട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്ന് എ ബി സി റിപ്പോർട്ട് ചെയ്തു.
ക്വീൻസ്ലാന്റിൽ മൂന്നു കേസുകളാണ് സ്ഥിരീകരിച്ചത്.
ഇത് മൂന്നും പശ്ചിമ ബ്രിസ്ബൈനിലെ ക്ലസ്റ്ററുമായി ബന്ധപ്പെട്ടാണ്.

എല്ലാവരും ക്വാറന്റൈനിലായിരുന്നുവെന്നും പ്രീമിയർ അനസ്താഷ്യ പലാഷേ അറിയിച്ചു.

ഒരു ടാക്സി ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ച കെയിൻസിൽ പുതിയ കേസുകൾ കണ്ടെത്താത്തത് ആശ്വാസകരമായ വാർത്തയാണെന്നും പ്രീമിയർ പറഞ്ഞു.

 

Share
Published 10 August 2021 12:35pm
By SBS Malayalam
Source: SBS News


Share this with family and friends