ഞായറാഴ്ച 58,000 പേർക്ക് പരിശോധന നടത്തിയപ്പോൾ 35 പുതിയ പ്രാദേശിക കൊവിഡ് ബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിൽ 33 എണ്ണവും നിലവിലെ ക്ലസ്റ്ററുകളുമായി നേരിട്ട് ബന്ധമുള്ളതാണ്. നേരത്തേ രോഗം സ്ഥിരീകരിച്ചവരുടെ വീട്ടിലെ അംഗങ്ങളാണ് 20 പേരും.
രോഗം കണ്ടെത്തിയ 35 പേരിൽ 24 പേരും പൂർണമായും ഐസൊലേഷനിലായിരുന്നു.
എന്നാൽ ഏഴു പേർ സമൂഹത്തിൽ സജീവമായിരുന്നു എന്നത് ആശങ്കാജനകമാണെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.
ഞായറാഴ്ച 16 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്.
പുതിയ രോഗബാധയുടെ എണ്ണം കൂടിയെങ്കിലും ലോക്ക്ഡൗൺ നടപടികൾ ഫലം കാണുന്നുണ്ടെന്ന് പ്രീമിയർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ബോക്കം ഹിൽസിലെ സമ്മിറ്റ് കെയർ ഏജ്ഡ് കെയർ കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള രോഗബാധയാണ് അഞ്ചായി ഉയർന്നിരിക്കുന്നത്. ഇവിടെ ജീവിക്കുന്ന രണ്ടു പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.
രോഗലക്ഷണങ്ങളൊന്നും ഇവർക്കില്ലായിരുന്നുവെന്നും, എന്നാൽ മുൻകരുതൽ എന്ന നിലയിൽ ഇവരെ വെസ്റ്റ്മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഏജ്ഡ് കെയർ അധികൃതർ വ്യക്തമാക്കി.
ഏജ്ഡ് കെയറിലെ ജീവനക്കാരിൽ മൂന്നിൽ രണ്ടു ഭാഗം പേരും വാക്സിൻ എടുത്തിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമ സിഡ്നിയിലെ ടൂംഗാബിയിലുള്ള ഒരു കെട്ടിട നിർമ്മാണ സൈറ്റാണ് പുതിയ രോഗവ്യാപന കേന്ദ്രമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
74 ഓറേലിയ സ്ട്രീറ്റിലുള്ള ഈ സൈറ്റിൽ കഴിഞ്ഞ ഒരാഴ്ച ജോലി ചെയ്തിരുന്ന എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോക്ക്ഡൗൺ നീട്ടുമോ?
ഈ വെള്ളിയാഴ്ച വരെയാണ് സിഡ്നിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് നീട്ടുമോ അതോ മുൻനിശ്ചയ പ്രകാരം പിൻവലിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ല എന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോ. കെറി ചാന്റ് വ്യക്തമാക്കി.
ഓരോ ദിവസവും സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണെന്നും, അതിനാൽ വരും ദിവസങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് മാത്രമേ ഇക്കാര്യം തീരുമാനിക്കുള്ളൂ എന്നും ഡോ. ചാന്റ് പറഞ്ഞു.
അതിനിടെ, ക്വീൻസ്ലാന്റിൽ നാലു പേർക്ക് കൂടി പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിലെ രോഗബാധയുമായി നേരിട്ട് ബന്ധമുള്ളവരാണ് ഈ നാലു പേരും.