പുതിയതായി 262 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ്ബാധ സ്ഥിരീകരിച്ചത്.
ഡെൽറ്റവൈറസ് ബാധ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്.
പുതിയ രോഗബാധിതരിൽ കുറഞ്ഞത് 45 പേരെങ്കിലും സമൂഹത്തിൽ സജീവമായിരുന്നുവെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.
അഞ്ചു പേർ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതായും പ്രീമിയർ സ്ഥിരീകരിച്ചു. 60 വയസിനു മേൽ പ്രായമുള്ളവരാണ് എല്ലാവരും.
ഇതോടെ ഡെൽറ്റ വൈറസ് മൂലം സംസ്ഥാനത്തെ ആകെ മരണം 21 ആയി ഉയർന്നിട്ടുണ്ട്.
മരിച്ചതിൽ നാലു പേരും വാക്സിനെടുത്തിട്ടുള്ളവരല്ല. മേയ് മാസത്തിൽ ആദ്യ ഡോസ് വാക്സിനെടുത്ത അഞ്ചാമത്തെയാൾ, രണ്ടാം ഡോസ് എടുത്തിരുന്നില്ല,.
ഇതുവരെ മരിച്ച 21 പേരിൽ രണ്ടു ഡോസ് വാക്സിനുമെടുത്ത ആരുമില്ലെന്ന് പ്രീമിയർ അറിയിച്ചു.
ആശങ്ക ഉൾനാടൻ NSWലേക്കും
ഗ്രേറ്റർ സിഡ്നി മേഖലയിൽ നിന്ന് കൊവിഡ് ബാധയുടെ ആശങ്ക ഉൾനാടൻ NSWലേക്കും വ്യാപിച്ചതായി ചീഫ് ഹെൽത്ത് ഓഫീസർ ഡോ. കെറി ചാന്റ് പറഞ്ഞു.
ഹണ്ടർ, അപ്പർ ഹണ്ടർ മേഖലകളിൽ വൈറസിന്റെ സജീവ സാന്നിദ്ധ്യമുണ്ടെന്ന് വ്യക്തമാക്കിയ സർക്കാർ, ഈ മേഖലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
നിരവധി പോസിറ്റീവ് കേസുകൾ ഇവിടെ കണ്ടെത്തി എന്നാണ് സർക്കാർ അറിയിച്ചത്.
ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് അഞ്ചു മണി മുതൽ ഹണ്ടർ വാലി മേഖലയിൽ ലോക്ക്ഡൗൺ നടപ്പിൽവരും.
ന്യൂകാസിൽ, ലേക്ക് മക്വാറീ, മെയ്റ്റ്ലാന്റ്, പോർട്ട് സ്റ്റീഫൻസ്, സെസ്നോക്ക്, ഡംഗോംഗ്, സിംഗിൾട്ടൻ, മസ്വെൽബ്രൂക്ക് എന്നീ കൗൺസിൽ പരിധികളിലാണ് ലോക്ക്ഡൗൺ.
അടുത്ത വ്യാഴാഴ്ച വരെയാണ് ഇപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.
ന്യൂകാസിലിലെ ബ്ലാക്ക്സ്മിത്ത് ബീച്ചിൽ ഒത്തുകൂടിയവരിൽ നിന്നാണ് വൈറസ് പടർന്നത് എന്ന് ഡോ. കെറി ചാന്റ് പറഞ്ഞു.
ഗ്രേറ്റർ സിഡ്നിയിൽ നിന്നുള്ളവർ ഇവിടേക്ക് എത്തി എന്നാണ് ഇപ്പോൾ കരുതുന്നത് എന്നും ഡോ. ചാന്റ് അറിയിച്ചു. ഇതേക്കുറിച്ച് കൂടുതൽ പരിശോധിക്കുകയാണ്.
സെൻട്രൽ കോസ്റ്റിലെ ഒരു വീട്ടിൽ താമസിക്കുന്ന എട്ടു പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധമുള്ള മറ്റൊരു കേസും കണ്ടെത്തി.
ഈ ക്ലസ്റ്ററുമായി ബന്ധമില്ലാത്ത ചില സ്കൂൾ വിദ്യാർത്ഥികളിലും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മെയ്റ്റ്ലാന്റ് ക്രിസ്റ്റ്യൻ സ്കൂളിലെയും, മോറിസെറ്റ് ഹൈസ്കൂളിലെയും വിദ്യാർത്ഥികൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്.