സിഡ്നിയിൽ 18 പുതിയ കേസുകളാണ് ഞായറാഴ്ച രാത്രി എട്ടു മണി വരെ രേഖപ്പെടുത്തിയത്.
ഇന്നലെ 30 പുതിയ കേസുകളുണ്ടായിരുന്നു. ഇതിൽ നിന്ന് കുറവുണ്ടായത് ആശ്വാസകരമാണെങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാനാണ് സാധ്യതയെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
ജൂൺ 16ന് തുടങ്ങിയ സിഡ്നിയിലെ പുതിയ രോഗബാധയിൽ ഇപ്പോൾ 130 കേസുകളുണ്ട്. ഇതിൽ 124ഉം ബോണ്ടായി ക്ലസ്റ്ററുമായി ബന്ധപ്പെട്ടാണ്.
ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് സംഭവിച്ചിട്ടുള്ള രോഗവ്യാപനം വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകുള്ളൂ എന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെറി ചാന്റ് ചൂണ്ടിക്കാട്ടി.
അതിനാൽ അടുത്ത അഞ്ചു ദിവസമെങ്കിലും പുതിയ രോഗബാധ ഉയരാനാണ് സാധ്യതയെന്നും അവർ പറഞ്ഞു.
ലോക്ക്ഡൗണിന്റെ ഫലം അതിനു ശേഷം മാത്രമേ കണ്ടുതുടങ്ങുകയുള്ളൂ.
ഇപ്പോൾ പടർന്നുപിടിച്ചിരിക്കുന്ന ഡെൽറ്റ വേരിയന്റ് വൈറസ് അതീവ വ്യാപനശേഷിയുള്ളതായതിനാൽ, നിലവിൽ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളവരുടെ കുടുംബാംഗങ്ങൾക്കും വരും ദിവസങ്ങളിൽ രോഗബാധ കണ്ടെത്തുമെന്നാണ് സർക്കാർ കരുതുന്നത്.
അതാണ് എണ്ണം ഉയരുമെന്ന് കരുതാൻ കാരണം.
പുതിയ കേസുകളിൽ ഒന്നൊഴികെ മറ്റെല്ലാം നിലവിലുള്ള കേസുകളുമായി ബന്ധമുള്ളതാണ്.
സ്രോതസ് അറിയാത്ത ഒരു കേസിനെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 44 പേരിൽ നിന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് പിഴയീടാക്കി.
മാസ്ക് ധരിക്കാത്തതിന്റെ പേരിലാണ് ഇതിൽ കൂടുതലും.
സൗത്ത് കോസ്റ്റിലെ ഒരു ബീച്ചിൽ നഗ്നരായി സൂര്യസ്നാനത്തിനിറങ്ങിയ രണ്ടു പുരുഷൻമാർക്കും പൊലീസ് പിഴശിക്ഷ നൽകി.
ഒരു കാട്ടുമാനിനെ ഭയന്ന് നാഷണൽ പാർക്കിലേക്ക് ഓടിക്കയറിയ ഇവർക്ക് രക്ഷപ്പെടാനായി എമർജൻസി വിഭാഗത്തെ വിളിച്ചുവരുത്തുകയായിരുന്നു.
എമർജൻസി വിഭാഗം ഇവരെ രക്ഷിച്ചതിനു പിന്നാലെ 1,000 ഡോളർ വീതം പിഴയീടാക്കിയെന്ന് സംസ്ഥാന പൊലീസ് കമ്മീഷണർ മിക്ക് ഫുള്ളർ പറഞ്ഞു.

Source: Getty
ക്വീൻസ്ലാന്റിൽ നിയന്ത്രണം
ക്വീൻസ്ലാന്റിൽ പ്രാദേശികമായ രണ്ട് കൊവിഡ്ബാധയാണ് സ്ഥിരീകരിച്ചത്.
ഇതിൽ ഒരാൾ ഐസൊലേഷനിലായിരുന്നതിനാൽ ആശങ്കയില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
എന്നാൽ സൺഷൈൻ കോസ്റ്റിൽ നിന്നുള്ള ഒരു ഖനി ജീവനക്കാരി വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത് ആശങ്ക പടർത്തുന്നുണ്ട്. ഇവർക്ക് ഡെൽറ്റ വേരിയന്റ് വൈറസാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതോടെ വിവിധ മേഖലകളിൽ രണ്ടാഴ്ചത്തേക്ക് മാസ്ക് നിർബന്ധമാക്കി.
നൂസ, സൺഷൈൻ കോസ്റ്റ്, ഇപ്സ്വിച്ച്, ലോഗൻ, റെഡ്ലാൻറ്സ്, ബ്രിസ്ബൈൻ, ഗോൾഡ് കോസ്റ്റ്, സീനിക് റിം, ലോക്ക്യർ വാലി, മോറെട്ടൻ ബേ, സോമർസെറ്റ് എന്നിവിടങ്ങളിലാണ് ഇത്.
നാലു ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയും വീണ്ടും നടപ്പാക്കിയിട്ടുണ്ട്. വീടുകളിലെ സന്ദർശനം 30 പേർ വരെയായി പരിമിതപ്പെടുത്തി.