ചൊവ്വാഴ്ച രാത്രി എട്ടു മണി വരെ സിഡ്നിയിൽ സാമൂഹിക വ്യാപനത്തിലൂടെ 18 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
ഇതിൽ ഒമ്പതു കേസുകൾ നോർതേൺ ബീച്ചസിലെ അവലോൺ ക്ലസ്റ്ററിലാണ്.
മറ്റു കേസുകളിൽ ആറെണ്ണം സിഡ്നി നഗരത്തിന്റെ ഇന്നർ വെസ്റ്റിലുള്ള പുതിയ ക്ലസ്റ്ററിലാണ്. ക്രോയ്ഡൻ ക്ലസ്റ്റർ എന്നാണ് ഇതിന്റെ പേര്.
ഒരു കുടുംബ ക്ലസ്റ്ററാണ് ഇതെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, ഒന്നിലേറെ വീടുകളിൽ താമസിക്കുന്ന കുടുംബാംഗങ്ങളാണ് ഇവർ.
ഇത്തരത്തിൽ വലിയ കുടുംബത്തിന്റെ ഭാഗമായതിനാൽ പല അംഗങ്ങളും കൂടുതൽ സ്ഥലങ്ങളിലേക്ക് സഞ്ചരിച്ചിട്ടുണ്ടെന്നും, ഈ ക്ലസ്റ്റർ കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്നും പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
എന്നാൽ ഈ ക്ലസ്റ്ററിൽ എങ്ങനെയാണ് രോഗബാധ തുടങ്ങിയത് എന്ന് കണ്ടെത്തിയിട്ടില്ല. ഇത് ആശങ്ക പകരുന്നുണ്ടെന്നും പ്രീമിയർ പറഞ്ഞു.
വൊളംഗോംഗിൽ രണ്ടു കേസുകളും, നോർതേൺ സിഡ്നിയിൽ ഒരു കേസും പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വൊളംഗോംഗിലെ രണ്ടു കേസുകളും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇതിൽ ഒരാൾ ഡിസംബർ 15, 17 തിയതികളിൽ സിഡ്നി നഗരത്തിലേക്ക് യാത്ര ചെയ്തിരുന്നു.
ഈ കേസുകളുടെയും സ്രോതസ് ഇതുവരെയും വ്യക്തമായിട്ടില്ല.
പുതുവർഷരാവിൽ കൂടുതൽ നിയന്ത്രണങ്ങൾ
പുതിയ ക്ലസ്റ്ററുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങൾക്ക് സിഡ്നിയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
വൊളംഗോംഗും, ബ്ലൂ മൗണ്ടനും, സെൻട്രൽ കോസ്റ്റും ഉൾപ്പെടെയുള്ള ഗ്രേറ്റർ സിഡ്നി മേഖലയിലാണ് നിയന്ത്രണം കർശനമാക്കിയത്.
വീടുകളിൽ അഞ്ചു പേർക്ക് മാത്രമേ ഒത്തുകൂടാൻ കഴിയൂ.
കുട്ടികൾ ഉൾപ്പെടെയാണ് അഞ്ചു പേർ. വീട്ടുകാർക്ക് പുറമേയാണ് ഇത്.
കെട്ടിടങ്ങൾക്ക് പുറത്ത് ഒത്തുകൂടാൻ അനുവദിക്കുന്നവരുടെ എണ്ണം 50ൽ നിന്ന് 30 ആക്കി കുറയ്ക്കും.
ബുധനാഴ്ച അർദ്ധരാത്രി മുതൽ ഈ മാറ്റം നിലവിൽ വരും.
പുതിയ അറിയിപ്പുണ്ടാകുന്ന വരെ ഈ നിയന്ത്രണം തുടരുമെന്നും പ്രീമിയർ വ്യക്തമാക്കി.
കൂടുതല് പ്രദേശങ്ങളിൽ സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുമുണ്ട്. അതിന്റെ .
നിയന്ത്രണം ലംഘിച്ചവർക്ക് പിഴ
നോർതേൺ ബീച്ചസിൽ നിന്ന് നിയന്ത്രണം ലംഘിച്ച് വിവാഹ പാർട്ടിക്ക് പോയ ഒമ്പതു പേർക്ക് കൂടി പിഴ ചുമത്തി.
1,000 ഡോളർ വീതമാണ് പിഴ നൽകിയിരിക്കുന്നത്.
ഇതോടെ പിഴ ലഭിച്ചവരുടെ ആകെ എണ്ണം 21 ആയി. “വീട്ടിലിരിക്കുക” എന്ന ഉത്തരവ് ലംഘിച്ച് സിഡ്നി നഗരത്തിലെ പിർമോണ്ടിലേക്കാണ് ഇവർ വിവാഹപാർട്ടിക്ക് പോയത്.
With additional reporting from AAP.