പുതിയ കേസുകളുടെ എണ്ണം ഏറിയും കുറഞ്ഞുമിരിക്കുമെന്നും, അത് തുടർച്ചയായി കുറഞ്ഞുവരിക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
പുതിയ രോഗബാധിതരിൽ 42 പേരും വൈറസ്ബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.
ആർക്കെങ്കിലും രോഗബാധ സംശയിക്കുന്നുണ്ടെങ്കിൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി എത്രയും വേഗം മുന്നോട്ടുവരണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
രോഗാവസ്ഥ വളരെ ഗുരുതരമായ ശേഷം മാത്രം ആശുപത്രിയിലെത്തുകയാണ് പലരും ചെയ്യുന്നത്.
ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിച്ച സാഹചര്യവുമുണ്ടായി കെറി ചാന്റ്, ചീഫ് ഹെൽത്ത് ഓഫീസർ
പശ്ചിമ സിഡ്നിയിലും തെക്കുപടിഞ്ഞാറൻ സിഡ്നിയിലുമാണ് ഇത്തരത്തിൽ ചികിത്സ തേടാൻ അപകടകരമാം വിധം വൈകുന്ന അനുഭവങ്ങളെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
"വിദേശത്തു നിങ്ങൾ ജീവിച്ചിരുന്ന സാഹചര്യമല്ല ഇവിടെയുള്ളത്. പല വിദേശരാജ്യങ്ങളിലെയും സർക്കാരുകളെപ്പോലെയല്ല NSW സർക്കാർ. നിങ്ങളെ സഹായിക്കാനാണ് ഇവിടെ ആരോഗ്യസംവിധാനമുള്ളത്" - ഡോ. കെറി ചാന്റ് പറഞ്ഞു.
നിങ്ങൾ തെറ്റു ചെയ്തതുകൊണ്ടാണ് കൊവിഡ് ബാധിച്ചത് എന്ന് പേടിച്ച് വീട്ടിലിരിക്കരുത് എന്നും, ആർക്കെങ്കിലും രോഗബാധയുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടണമെന്നും ഡോ. ചാന്റ് നിർദ്ദേശിച്ചു.
നിലവിൽ 187 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആശുപത്രയിലുള്ളത്. ഇതിൽ 58 പേർ ICUവിലും, 24 പേർ വെന്റിലേറ്ററിലുമാണ്.
ഷോപ്പിംഗിനായി എത്തുന്നവർ കൂടുതൽ ശ്രദ്ധ കാണിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
കടകളിൽ കൂടുതൽ നേരം തങ്ങാതെ, വാങ്ങാനുള്ള സാധനങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കിയ ശേഷം മാത്രം ഷോപ്പിംഗിനിറങ്ങുക എന്നാണ് ഡോ. കെറി ചാന്റ് ആവശ്യപ്പെട്ടത്.
പ്രതിഷേധക്കാരെ ശക്തമായി നേരിടും
വാരാന്ത്യത്തിൽ ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭത്തിനെത്തിയാൽ നേരിടാൻ ആയിരത്തിലേറെ പോലീസുകാരുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് കമ്മീഷണർ മിക്ക് ഫുള്ളർ മുന്നറിയിപ്പ് നൽകി.
ആവശ്യത്തിനുള്ള മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞെന്നും, ഇനി കടുത്ത നടപടിയാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് പേരാണ് സിഡ്നി നഗരത്തിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്.
അതിൽ 60ലേറെ പേരെ പൊലീസ് ലോക്കപ്പിലാക്കിയെന്നും, 200ലേറെ പേർക്ക് പിഴ നൽകിയെന്നും കമ്മീഷണർ അറിയിച്ചു.
ഈയാഴ്ചയും പ്രതിഷേധത്തിനെത്തിയാൽ പൊലീസ് ബലപ്രയോഗം നടത്തുമെന്ന് മിക്ക് ഫുള്ളർ അറിയിച്ചു.
ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ശ്രമിച്ചതിന് പിഴ ലഭിച്ച ഒരാൾക്ക് കൊവിഡ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാൾ പ്രതിഷേധ റാലിയിൽ പങ്കെടുത്തോ എന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
വിദ്യാർത്ഥിനിക്ക് രോഗബാധ
ബ്രിസ്ബൈനിൽ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയെ രോഗബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആരോഗ്യമന്ത്രി യവറ്റ് ഡാത്ത് പറഞ്ഞു. രോഗബാധയുള്ളപ്പോള് മൂന്നു ദിവസം ഈ വിദ്യാർത്ഥി സമൂഹത്തിൽ സജീവമായിരുന്നു എന്നാണ് കണ്ടെത്തൽ.
ബ്രിസ്ബൈനിലെ ടരിംഗയിലുള്ള വിദ്യാർത്ഥിനിയാണ് ഇത്.
വിക്ടോറിയയിലും രണ്ടു പേർക്ക് കൂടി പ്രാദേശിക രോഗബാധ കണ്ടെത്തി.

Queensland Premier Annastacia Palaszczuk. Source: AAP
നിലവിലെ ക്ലസ്റ്ററുകളുമായി ബന്ധമുള്ളതാണ് ഈ കേസുകളെന്നും, രണ്ടു പേരും പൂർണമായി ഐസൊലേഷനിലായിരുന്നുവെന്നും സർക്കാർ അറിയിച്ചു.