ന്യൂ സൗത്ത് വെയിൽസിൽ നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വൈറസ് ബാധാ നിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
സംസ്ഥനത്ത് 22 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
ഏപ്രിൽ 16ന് 29 പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ഒരു ദിവസത്തെ രോഗബാധ ഇത്രയും കൂടുന്നത്.
പുതിയ കേസുകളിലെ ഏറ്റവും പ്രധാന ക്ലസ്റ്റർ ഒരു സ്കൂളുമായി ബന്ധപ്പെട്ടാണ്.
ചെറിബ്രൂക്കിലെ ടംഗാര ഗേൾസ് സ്കൂളിൽ ആറു പേർക്ക് കൂടി പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഈ സ്കൂളിലെ ആകെ വൈറസ്ബാധ 17 പേർക്കായി.
11 വിദ്യാർത്ഥികൾക്കും, നാല് അധ്യാപകർക്കും, ഇവരുമായി സമ്പർക്കത്തിൽ വന്ന രണ്ടുപേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാൽ എവിടെ നിന്നാണ് ഈ ക്ലസ്റ്റർ പൊട്ടിപ്പുറപ്പെട്ടത് എന്ന കാര്യം വ്യക്തമല്ല.
വൈറസിന്റെ ഉറവിടം അറിയാത്തത് ആശങ്ക പടർത്തുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
ടംഗാര സ്കൂളിലെ സെക്കണ്ടറി ക്യാംപസ് ഓഗസ്റ്റ് 24 വരെ അടച്ചിടാനാണ് തീരുമാനം. ജൂനിയർ ക്യാംപസ് ബുധനാഴ്ച തുറക്കും.
സെക്കണ്ടറി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളോടും, അധ്യാപകരോടും, ജീവനക്കാരോടും രണ്ടാഴ്ചത്തെ ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലെങ്കിൽ പോലും ഐസൊലേറ്റ് ചെയ്യണം എന്നാണ് നിർദ്ദേശം.
വിക്ടോറിയയിൽ വീണ്ടും 19 മരണം
നാലാം ഘട്ട ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന വിക്ടോറിയയിൽ രോഗബാധയിൽ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. എന്നാൽ 19 പേർ കൂടി സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് മരിച്ചു.
ഇതിൽ 14 പേരും ഏജ്ഡ് കെയർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.
തിങ്കളാഴ്ചയും സംസ്ഥാനത്ത് 19 പേരായിരുന്നു മരിച്ചത്.
സംസ്ഥാനത്തെ ആകെ മരണം 246ഉം, ദേശീയ തലത്തിൽ 331മായി.
കഴിഞ്ഞ ബുധനാഴ്ച 725 പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷമുള്ള ദിവസങ്ങളിലാണ് തോത് കുറഞ്ഞത്.
സംസ്ഥാനത്ത് ഇപ്പോൾ സജീവമായി രോഗബാധയുള്ളത് 7,880 പേർക്കാണ്. ഇതിൽ 1,838ഉം ഏജ്ഡ് കെയർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ്.
ആരോഗ്യമേഖലാ പ്രവർത്തകരിൽ 1,185 പേർക്കാണ് സജീവമായി വൈറസ്ബാധയുള്ളത്.
കൃത്യമായി ഉറവിടം അറിയാത്ത 100 പുതിയ കേസുകളുമുണ്ട്.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.