സിഡ്നിയിലെ ലോക്ക്ഡൗൺ നാലാഴ്ച പിന്നിടുമ്പോൾ പുതിയ കൊവിഡ് ബാധ പ്രതീക്ഷക്ക് വിരുദ്ധമായി ഉയരുകയാണെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.
136 പുതിയ കേസുകളാണ് വ്യാഴാഴ്ച രാത്രി വരെ സ്ഥിരീകരിച്ചത്. ഇതിൽ 53 പേരും രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.
ഒരാൾ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
സർക്കാർ പ്രതീക്ഷിച്ച രീതിയിലല്ല സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇപ്പോൾ മുന്നോട്ടുപോകുന്നതെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി. മുൻകൂട്ടി കണ്ടതിനെക്കാൾ കൂടുതലാണ് ഇപ്പോഴത്തെ കേസുകളുടെ എണ്ണം.
അടുത്ത വെള്ളിയാഴ്ചയോടെ സമൂഹത്തിലെ രോഗബാധിതരുടെ എണ്ണം പൂജ്യത്തിന് അടുത്തേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ബെറെജെക്ലിയൻ പറഞ്ഞു.
അടുത്ത വെള്ളിയാഴ്ച വരെയാണ് നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
കേസ് കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇനിയും ഏറെ നീണ്ടുപോയേക്കാം എന്ന സൂചനയാണ് പ്രീമിയർ നൽകിയത്.
“ഓഗസ്റ്റ് മാസത്തിലും അതിനു ശേഷവും എങ്ങനെയായിരിക്കും സ്ഥിതി എന്ന് തീരുമാനിക്കാൻ അടുത്തയാഴ്ച യോഗം ചേരും” – പ്രീമിയർ അറിയിച്ചു.
ഇത് ഒരു ദേശീയ അടിയന്തരാവസ്ഥയാണ് എന്നാണ് ചീഫ് ഹെൽത്ത് ഓഫീസർ ഡോ. കെറി ചാന്റ് വിശദീകരിച്ചത്.
അധികനിയന്ത്രണം രണ്ടു മേഖലകളിലേക്ക് കൂടി
രോഗബാധ ഏറ്റവും മോശമായ മൂന്നു പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിരുന്ന യാത്രാവിലക്ക്, രണ്ട് പുതിയ മേഖലകളിലേക്ക് കൂടി നീട്ടാനും സർക്കാർ തീരുമാനിച്ചു.
ബ്ലാക്ക്ടൗൺ, കംബർലാന്റ് കൗൺസിൽ മേഖലകളിലേക്കാണ് നിയന്ത്രണം നീട്ടുന്നത്.
ഈ പ്രദേശങ്ങളിലുള്ളവർക്കും ആരോഗ്യമേഖലയിലെ ജോലിക്കായല്ലാതെ പ്രദേശത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ടാകില്ല.
രോഗബാധ രൂക്ഷമായ പടിഞ്ഞാറൻ സിഡ്നിയിലേക്ക് വാക്സിനുകൾ കൂടുതലായി ലഭ്യമാക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് പോലും കൂടുതൽ വാക്സിനുകൾ തെക്കുപടിഞ്ഞാറൻ സിഡ്നിയിലേക്ക് എത്തിക്കണം എന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
പരമാവധിപേർക്ക് ഒരു ഡോസ് വാക്സിൻ നൽകുക എന്നതാകണം ഇപ്പോഴത്തെ പരിഗണനയെന്നും പ്രീമിയർ പറഞ്ഞു.
40 വയസിൽ താഴെയുള്ളവരും ഈ പ്രദേശങ്ങളിൽ ആസ്ട്ര സെനക്ക വാക്സിനെടുക്കാൻ മുന്നോട്ടുവരണമെന്നും ഡോ. കെറി ചാന്റ് നിർദ്ദേശിച്ചു. ദേശീയ അടിയന്തരാവസ്ഥ എന്ന സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദ്ദേശം.
ഇതേക്കുറിച്ച് ജി പിയുമായി ചർച്ച ചെയ്യാൻ ചെറുപ്പക്കാർ തയ്യാറാകണമെന്നും ഡോ. കെറി ചാന്റ് പറഞ്ഞു.