പുതുവര്‍ഷപ്പിറവിയില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ആഘോഷമാണ് സിഡ്‌നി ഹാര്‍ബര്‍ ബ്രിഡ്ജിലെ കരിമരുന്ന് പ്രയോഗം.
സിഡ്‌നിക്ക് മുമ്പേ സമോവയിലും, കിരിബാറ്റി ദ്വീപിലും, ന്യൂസിലന്റിലുമെല്ലാം പുതുവര്‍ഷമെത്തുമെങ്കിലും, ആഘോഷം നടക്കുന്ന ആദ്യ പ്രമുഖ നഗരമാണ് സിഡ്‌നി.
പക്ഷേ, മാസങ്ങളായി തുടരുന്ന കാട്ടുതീയൂടെയും, ആകാശം മൂടി നില്‍ക്കുന്ന പുകപടലങ്ങളുടെയും പശ്ചാത്തലത്തില്‍ സിഡ്‌നിയിലെ കണ്ണഞ്ചിക്കുന്ന കരിമരുന്ന് പ്രയോഗം ഒഴിവാക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു.
എന്നാല്‍, ആഗോളതലത്തില്‍ നൂറു കോടി പേരെങ്കിലും തത്സമയം കാണാന്‍ കാത്തിരിക്കുന്ന സിഡ്‌നി ഹാര്‍ബറിലെ ആഘോഷങ്ങള്‍ മുന്‍ നിശ്ചയപ്രകാരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
സംസ്ഥാനത്ത് ടോട്ടല്‍ ഫയര്‍ ബാന്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും, സിഡ്‌നി ഹാര്‍ബറിലെ ആഘോഷങ്ങള്‍ക്കായി അഗ്നിശമന വിഭാഗം ഇളവ് നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 31ന് സിഡ്‌നിയുടെ പല ഭാഗങ്ങളിലും 40 ഡിഗ്രിക്കും മുകളിലാണ് താപനില. അതീവ ഗുരുതരമായ കാട്ടുതീ ഭീഷണിയുമുണ്ട്.
എന്നാല്‍ സിഡ്‌നി തുറമുഖത്തെ ആഘോഷങ്ങള്‍ക്ക് ഇത് തടസ്സമാകണ്ട എന്നാണ് അധികൃതരുടെ തീരുമാനം.
ന്യൂ സൗത്ത് വെയില്‍സ് ഡെപ്യൂട്ടി പ്രീമിയര്‍ ജോണ്‍ ബറിലാനോ ഉള്‍പ്പെടെയുള്ളവര്‍ ഈ വെടിക്കെട്ട് ഒഴിവാക്കണം എന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ ഒപ്പിട്ട ഒരു ഓണ്‍ലൈന്‍ പെറ്റീഷനും ഇക്കാര്യമുന്നയിച്ച് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ പരിപാടി റദ്ദാക്കിയാല്‍ സിഡ്‌നിയിലെ വാണിജ്യരംഗത്തെയും സാമ്പത്തിക സ്ഥിതിയെയും അത് ഗുരുതരമായി ബാധിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
കാട്ടുതീ രൂക്ഷമായ നാശം വിതയ്ക്കുന്ന വിക്ടോറിയയും സൗത്ത് ഓസ്‌ട്രേലിയയും തലസ്ഥാന നഗരങ്ങളിലെ കരിമരുന്ന് പ്രയോഗവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
മെല്‍ബണില്‍ നാലു ലക്ഷം പേരെങ്കിലും ഇതു കാണാനായി തടിച്ചുകൂടുമെന്നാണ് കരുതുന്നത്.
മെല്‍ബണ്‍ നഗരത്തില്‍ ചൊവ്വാഴ്ച താരതമ്യേന തണുപ്പുള്ള കാലാവസ്ഥ ആയതുകൂടി കണക്കിലെടുത്താണ് ഈ അനുമതി നല്‍കിയത്.
അഡ്‌ലൈഡിലും, ബ്രിസ്‌ബൈനിലും പെര്‍ത്തിലും, ഹോബാര്‍ട്ടിലും പതിവുപോലെ ആഘോഷം നടക്കും.
എന്നാല്‍ ഇവയ്ക്കു പുറമെയുള്ള ഒട്ടനവധി കരിമരുന്ന് പ്രയോഗങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

Melbourne's New Year's Eve fireworks display is also set to go ahead. Source: AAP
ക്യാന്ബറയിലെ കരിമരുന്ന് പ്രയോഗത്തിന് അഗ്നിശമന വിഭാഗം അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ ഇവിടെ വെടിക്കെട്ട് റദ്ദാക്കിയിട്ടുണ്ട്.
പ്രമുഖ നഗരങ്ങളിലെ മറ്റു നിരവധി വെടിക്കെട്ട് പരിപാടികളും റദ്ദാക്കി.
സിഡ്‌നിയിലെ പാരമറ്റ, ലിവര്‍പൂള്‍, ക്യാംപല്‍ടൗണ്‍ എന്നിവിടങ്ങളിലൊന്നും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള കരിമരുന്ന് പ്രയോഗം നടക്കില്ല. വൊളംഗോംഗ്, ടാംവര്‍ത്ത്, ഹസ്‌കിസണ്‍ തുടങ്ങിയ പ്രദേശങ്ങളിലും വെടിക്കെട്ട് റദ്ദാക്കി.
ക്വീന്‍സ്ലാന്‌റില്‍ ഇപ്‌സ്വിച്ച്, ട്വീഡ് ഹെഡ്‌സ് തുടങ്ങിയ സ്ഥലങ്ങളും റദ്ദാക്കിയവയില്‍പ്പെടുന്നു.