കൊറോണവൈറസിന്റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നേക്കാം.
വിദേശത്ത് നിന്നെത്തുന്നവരിൽ രണ്ടു ശതമാനം പേരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കുമെന്നാണ് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ വകഭേദങ്ങളുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന രീതിയിൽ നടപടികൾ സ്വീകരിക്കുന്നതായി ഇന്ത്യൻ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
ഇതോടനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള യോഗം വിളിച്ചുകൂട്ടിയിരുന്നു.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ സമയത്ത് രോഗവ്യാപനം കൂടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് നടപടികൾ.
ശുചിത്വം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് പൊതുജനത്തോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യൻ പാർലമെന്റിൽ നേതാക്കൾ വീണ്ടും മാസ്ക് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രമന്ത്രിമാരും, കക്ഷി നേതാക്കളും മാസ്ക് ധരിച്ചാണ് പാർലമെന്റിൽ എത്തിയത്.
തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം എന്ന നിർദ്ദേശം ഇന്ത്യൻ സർക്കാർ കഴിഞ്ഞയാഴ്ച നൽകിയിരുന്നു.
താജ് മഹൽ സന്ദർശിക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയതായും റിപ്പോർട്ടുണ്ട്.
നിലവിൽ ഇന്ത്യയിലെ ശരാശരി പ്രതിദിന രോഗബാധാ നിരക്ക് 153 കേസുകൾ എന്ന നിലയിലാണ്.
ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 3,402 പേർക്ക് സജീവമായ കൊവിഡ് രോഗമുണ്ട്.
കൊവിഡിന്റെ പുതിയ വകഭേദങ്ങൾ പടരുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമാക്കണമെന്ന് സംസ്ഥാനങ്ങളോടും ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്.
LISTEN TO

മണ്ണിലെ ജലാംശം കണ്ടെത്താൻ മെച്ചപ്പെട്ട സാങ്കേതികവിദ്യ; രാജ്യാന്തര ശ്രദ്ധ നേടി മലയാളി ഗവേഷക
SBS Malayalam
11:10