90 വയസിനു മേൽ പ്രായമുള്ള ഒരു സ്ത്രീയാണ് കൊവിഡ് ബാധിച്ച് ലിവർപൂൾ ആശുപത്രിയിൽ മരിച്ചത്.
ഇവർക്ക് വെള്ളിയാഴ്ചയായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇവർ വാക്സിനെടുത്തിരുന്നില്ല എന്നാണ് മനസിലാക്കുന്നതെന്ന് സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർ ഡോ. കെറി ചാന്റ് പറഞ്ഞു.
2020 ഡിസംബറിനു ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുന്നത്.
ഗ്രേറ്റർ സിഡ്നി മേഖലയിൽ ലോക്ക്ഡൗൺ രണ്ടാഴ്ച പിന്നിട്ടെങ്കിലും ഡെൽറ്റ വേരിയന്റ് വൈറസിന്റെ വ്യാപനം കൂടുതൽ രൂക്ഷമാകുകയാണ്.
ശനിയാഴ്ച രാത്രി വരെ 77 പേർക്ക് കൂടി പുതിയതായി രോഗബാധ സ്ഥിരീകരിച്ചു.
ഇതോടെ, ജൂൺ 16ന് ബോണ്ടായി ക്ലസ്റ്റർ പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ആകെ രോഗബാധ 566 ആയിട്ടുണ്ട്.
എന്നാൽ വരും ദിവസങ്ങളിൽ രോഗബാധ ഇനിയും കൂടും എന്നാണ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ മുന്നറിയിപ്പ് നൽകിയത്.
നാളെ പുതിയ രോഗബാധ 100ന് മുകളിലേക്ക് എത്തിയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ എന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗൺ ഇനിയും നീട്ടുമെന്നും പ്രീമിയർ സൂചന നൽകിയിട്ടുണ്ട്.
നിലവിൽ ജൂലൈ 16 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടുപോകുയാണെങ്കിൽ ലോക്ക്ഡൗൺ പിൻവലിക്കാൻ കഴിയില്ലെന്ന് പ്രീമിയർ പറഞ്ഞു
ട്രേഡികൾ പോലുള്ള അവശ്യമേഖലാ ജീവനക്കാർ ഒന്നിലേറെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് രോഗവ്യാപന സാധ്യത കൂട്ടുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതിനാൽ ഒന്നിലേറെ സൈറ്റുകളിൽ ജോലി ചെയ്യുന്നവർ കൊവിഡ് പരിശോധന നടത്തണമെന്നാണ് ഡോ. കെറി ചാന്റ് നൽകിയ നിർദ്ദേശം.
ഡെൽറ്റ വേരിയന്റ് ചെറുപ്പക്കാരെയും കൂടുതലായി ബാധിക്കുന്നതാണ് ആശങ്ക പടർത്തുന്ന മറ്റൊരു കാര്യം.

NSW Chief Health Officer Dr Kerry Chant. Source: AAP
നിലവിൽ 52 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ആശുപത്രിയിലുള്ളത്. ഇതിൽ 15 പേർ ICUവിലും, അഞ്ചു പേർ വെന്റിലേറ്ററിലുമാണ്.
ആശുപത്രിയിലുള്ളതിൽ 11 പേർ 35 വയസിൽ താഴെയുള്ളവരും, ആറു പേർ 25 വയസിൽ താഴെയുള്ളവരുമാണ്.