ആന്തണി വാൻ ഡിക്ക് എന്ന പന്തയക്കുതിരയെയാണ് മത്സര ഓട്ടത്തിനിടെ പരുക്കേറ്റതിനെ തുടർന്ന് ദയാവധം നടത്തിയത്.
ഈ വർഷത്തെ മെൽബൺ കപ്പിലെ ഫേവറിറ്റുകളിലൊന്നായിരുന്നു നാലു വയസുള്ള ആന്തണി.
എന്നാൽ മത്സര ട്രാക്കിലെ അവസാന വളവിൽ വച്ച് കുതിരയ്ക്ക് പരുക്കേൽക്കുകയായിരുന്നു. മത്സരം അവസാനിക്കാൻ 350 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്.
തുടർന്ന് ട്രാക്കിൽ നിന്ന് കുതിരയെ ആംബുലൻസിൽ കയറ്റി കൊണ്ടുപോയെങ്കിലും, പിന്നീട് ദയാവധത്തിന് തീരുമാനിച്ചു.
കാലിലെ എല്ല് ഒടിയുകയായിരുന്നു. ഉടൻ തന്നെ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയെങ്കിലും, പരുക്കിന്റെ സ്വഭാവം കാരണം രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് റേസിംഗ് വിക്ടോറിയയുടെ ഇന്റഗ്രിറ്റി സർവീസസ് എക്സിക്യുട്ടീവ് ജനറൽ മാനേജർ ജേമീ സ്റ്റിയർ പറഞ്ഞു.
അതിനാൽ പരമാവധി വേദന കുറയ്ക്കുന്നതിനായി കുതിരയെ ദയാവധത്തിന് വിധേയനാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട്, ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുമെന്നും ജേമീ സ്റ്റിയർ പറഞ്ഞു.
ഹ്യൂ ബോമാൻ എന്ന ജോക്കിയായിരുന്നു ആന്തണി വാൻ ഡിക്കിനെ ഓടിച്ചിരുന്നത്. ഹ്യൂ ബോമാന് പരുക്കേറ്റിട്ടില്ല.
മെൽബൺ കപ്പിനിടെ പരുക്കേറ്റ് കുതിരകൾ മരിക്കുന്നത് ആദ്യ സംഭവമല്ല.
കഴിഞ്ഞ ഏഴു വർഷത്തിനിടെ മെൽബൺ കപ്പിനിടെ മരിക്കുന്ന ഏഴാമത്തെ കുതിരയാണ് ഇതെന്ന് മൃഗസംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
പന്തയം വച്ച് പണമുണ്ടാക്കുന്നതിനു വേണ്ടി ഒരു മൃഗത്തെയും ഇത്രയും വേദനിപ്പിക്കാൻ പാടില്ലെന്ന് മൃഗസംരക്ഷണ സംഘടനയായ ആനിമൽസ് ഓസ്ട്രേലിയ പറഞ്ഞു.
“രാജ്യത്തെ നിശ്ചലമാക്കുന്ന ഒരു നാണക്കേടിന്റെ” ഇരയാണ് ആന്തണി വാൻ ഡിക്കെന്ന് മറ്റൊരു മൃഗസംരക്ഷണ സംഘടനയായ PETAയുടെ വക്താവ് എമിലി റൈസ് ആരോപിച്ചു.
രാജ്യത്തെ നിശ്ചലമാക്കുന്ന മത്സരം എന്നാണ് മെൽബൺ കപ്പ് അറിയപ്പെടുന്നത്. മെൽബണിലാണ് മത്സരം നടക്കുന്നതെങ്കിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആഘോഷമായാണ് ടെലിവിഷനു മുന്നിൽ ജനം ഒത്തുകൂടുന്നത്.
ഓഫീസുകളിൽ പോലും പന്തയങ്ങളും പതിവാണ്.
കുതിരപ്പന്തയങ്ങൾ ക്രൂരമാണെന്നും, അവ അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യം ഇതോടെ കൂടുതൽ ശക്തമാകുകയാണ്.
ആന്തണി വാൻ ഡിക്കിന്റെ ഉടമകളുടെയും പരിശീലകരുടെയും ദുഖത്തിൽ പങ്കു ചേരുന്നതായി വിക്ടോറിയ റേസിംഗ് ക്ലബ് പ്രതികരിച്ചു.