രൂക്ഷമായ കൊവിഡ് രണ്ടാം വ്യാപനത്തിൽ നിന്ന് പുറത്തുവന്ന വിക്ടോറിയയിൽ നിലവിൽ ഒരു സജീവമായ വൈറസ്ബാധ മാത്രമാണ് ഉള്ളത്.
കഴിഞ്ഞ 22 ദിവസങ്ങളായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
ക്രിസ്ത്മസ് സമയത്ത് വിക്ടോറിയക്കാർക്ക് കൂടുതൽ ആഘോഷങ്ങൾ സാധ്യമാകുന്ന രീതിയിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായറാഴ്ച അർദ്ധരാത്രി മുതൽ:
- വീടുകൾ സന്ദർശിക്കാൻ കൂടുതൽ പേരെ അനുവദിക്കും. ഒരു ദിവസം 15 പേർക്ക് വരെയാണ് ഒരു വീട്ടിൽ സന്ദർശനം നടത്താൻ കഴിയുക. നിലവിൽ ഇത് രണ്ടു പേർ മാത്രമായിരുന്നു. 15 പേരുടെ സന്ദർശനം ഒരുമിച്ചാകണമെന്നില്ല. അതായത്, പല സംഘങ്ങളായുള്ള 15 പേരെ വരെ അനുവദിക്കും.
- ബീച്ചുകളും പാർക്കുകളും ഉൾപ്പെടെയുള്ള ഔട്ട്ഡോർ പൊതുസ്ഥലങ്ങളിൽ 50 പേരെ വരെ.
- കെട്ടിടങ്ങൾക്ക് പുറത്ത് അകലം പാലിക്കൽ സാധ്യമാണെങ്കിൽ മാസ്ക് നിർബന്ധമല്ല.
- എന്നാൽ കെട്ടിടങ്ങൾക്കുള്ളിലും, പൊതുഗതാഗത സംവിധാനങ്ങളിലും, അകലം പാലിക്കാൻ കഴിയാത്ത ഔട്ട്ഡോർ മേഖലകളിലും മാസ്ക് ധരിക്കുന്നത് തുടരണം.
- ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങളിൽ 300 പേരെ വരെ അനുവദിക്കും. കെട്ടിടങ്ങൾക്കുള്ളിൽ 100 പേരെ വരെയാണ് പരിധി.
- യൂണിവേഴ്സിറ്റികളിൽ ഭാഗികമായി ക്യാംപസിലെത്തിയുള്ള പഠനം തുടങ്ങും.
- മതപരമായ ചടങ്ങുകൾക്ക് ഇൻഡോറിൽ 150 പേരും, ഔട്ട്ഡോറിൽ 300 പേരും. നാലു ചതുരശ്രമീറ്ററിൽ ഒരാൾ മാത്രം.
- സിനിമകളും ഗാലറികളും തുറക്കും. 150 പേർ വരെ.
പിന്നീടുള്ള ഇളവുകൾ
- നവംബർ 30 മുതൽ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാരെ തിരിച്ചെത്താൻ അനുവദിക്കും. ബാക്കി 75 ശതമാനം വർക്ക് ഫ്രം ഹോം തുടരണം.
- പൊതുമേഖലാ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം തുടരും. സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ശേഷി നൽകാനാണ് ഇത്.
- ഡിസംബർ 14 തിങ്കൾ മുതൽ വീടുകളിൽ 30 പേരെ വരെ സന്ദർശിക്കാൻ അനുവദിക്കും.
എന്നാൽ, ഇളവുകൾ നൽകുന്നതുകൊണ്ട് വൈറസ്ഭീഷണി പൂർണമായി ഇല്ലാതായി എന്ന് ജനങ്ങൾ തെറ്റിദ്ധരിക്കരുതെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് മുന്നറിയിപ്പ് നൽകി.
പുറത്തിറങ്ങുമ്പോൾ എല്ലാ സാഹചര്യങ്ങളിലും മാസ്ക് നിർബന്ധമല്ലെങ്കിലും, കൈയിൽ അത് കരുതണമെന്ന് അദ്ദേഹം പറഞ്ഞു.