K-Martലും ബണ്ണിംഗ്സിലും ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം: സ്വകാര്യതാ ലംഘനമെന്ന് ആരോപണം

രാജ്യത്തെ മൂന്ന് പ്രമുഖ വ്യാപാര ശൃംഖലകൾ ഉപഭോക്താക്കളുടെ അനുവാദമില്ലാതെ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഉപയോഗിക്കുന്നതായി ആരോപണം. കെ മാർട്ട്, ബണ്ണിംഗ്സ്, ഗുഡ് ഗയ്സ് എന്നീ സ്ഥാപനങ്ങൾക്കെതിരെ ഉപഭോക്തൃ സംഘടനയായ ചോയ്സ് പരാതി നൽകി.

Facial Recognition in action.

Source: Getty Images.

കടകളിൽ പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ മുഖച്ചിത്രങ്ങൾ സിസിടിവി ക്യാമറ വഴി ശേഖരിക്കുന്നതായാണ് ആരോപണം. ഉപഭോക്തൃ സംരക്ഷണ സംഘടനയായ ചോയ്സാണ് സ്വകാര്യതാ ലംഘനമാരോപിച്ച് ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണറെ സമീപിച്ചത്.

കെ മാർട്ട്, ബണ്ണിംഗ്സ്, ഗുഡ് ഗയ്സ് എന്നീ കമ്പനികളുടെ നടപടികൾ സ്വകാര്യത നിയമത്തിൻറെ ലംഘനമാണെന്നാണ് ആരോപണം. മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ സംബന്ധിച്ച മുന്നറിയിപ്പ് സ്ഥാപനങ്ങൾക്ക് പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഇതിനെ പറ്റി ബോധവാൻമാരല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ചോയ്സ് സമീപിച്ച 25 പ്രമുഖ ഓസ്ട്രേലിയൻ റീട്ടെയ്ൽ സ്ഥാപനങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ഫേഷ്യൽ റെക്കഗ്നീഷ്യൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായി അറിയിച്ചത്.

മുഖച്ചിത്ര വിവരങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കുമെന്നത് സംബന്ധിച്ച നയങ്ങൾ എളുപ്പത്തിൽ ലഭ്യമല്ലെന്നും ചോയ്സ് പറയുന്നു. മാത്രമല്ല സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് മുൻപ് ആരും സ്വകാര്യതാ നയം വായിക്കാറില്ലെന്നും ചോയ്സിൻറെ കൺസ്യൂമർ ഡാറ്റ അഭിഭാഷകൻ കേറ്റ് ബോവർ ചൂണ്ടിക്കാട്ടി.
അന്വേഷണത്തിൻറെ ഭാഗമായി ചോയ്സിൻറെ സ്റ്റാഫ് അംഗങ്ങൾ ചില സ്റ്റോറുകൾ സന്ദർശിച്ചിരുന്നതായി സംഘടന പറയുന്നു.

കെ മാർട്ട്, ബണ്ണിംഗ്സ് സ്റ്റോറുകളുടെ പ്രവേശന കവാടങ്ങളിൽ ഫെഷ്യൽ റെക്കഗ്നിഷ്യൻ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ബോർഡുകൾ ചെറുതും, വ്യക്തമല്ലാത്തതും, എളുപ്പത്തിൽ കാണാൻ സാധിക്കാത്തതുമായിരുന്നുവെന്ന് ചോയ്സ് ചൂണ്ടിക്കാട്ടി.
SBS Malayalam
Source: Courtesy: CHOICE
ഇത്തരത്തിൽ ബയോമെട്രിക് ഡാറ്റ ശേഖരിക്കുന്നത് സ്വകാര്യതാ നിയമത്തിൻറെ ലംഘനമാകാമെന്നാണ് ചോയ്സിൻറ വാദം.

ഫേഷ്യൽ റെക്കഗ്നിഷ്യൻ സാങ്കേതിക വിദ്യയെ കുറിച്ച് ഉപഭോക്താക്കൾക്കുള്ള അവബോധം പരിമിതമാണെന്നും ചോയ്സിൻറെ റിപ്പോർട്ടിൽ പറയുന്നു. റീട്ടെയ്ൽ സ്ഥാപനങ്ങൾ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് അറിയില്ലെന്നാണ് സർവ്വേയിൽ പങ്കെടുത്ത നാലിൽ മൂന്നു പേരും പ്രതികരിച്ചത്.
ഫേഷ്യൽ റെക്കഗ്നീഷ്യൻ അനാവശ്യവും അപകടകരവും ആണെന്നും അത് ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ പ്രവേശിക്കില്ലെന്നും ചിലർ പ്രതികരിച്ചതായി സർവ്വേ റിപ്പോർട്ട് പറയുന്നു.

സർവ്വേയിൽ പങ്കെടുത്തവരിൽ 78% പേർ മുഖച്ചിത്ര വിവരങ്ങളുടെ സുരക്ഷിതത്വത്തെ പറ്റി ആശങ്ക പ്രകടിപ്പിച്ചതായി ചോയ്സ് ചൂണ്ടിക്കാട്ടി. മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ സ്റ്റോറിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉപഭോക്താക്കളെ സ്ഥാപനങ്ങൾ ബോധിപ്പിക്കണെമെന്നും സർവ്വേയിൽ പങ്കെടുത്ത മിക്കവരും അഭിപ്രായപ്പെട്ടു.
ഫേഷ്യൽ റെക്കഗ്നീഷ്യൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് കെ മാർട്ടും, ഗുഡ് ഗയ്സും പ്രതികരിച്ചില്ലെന്ന് ചോയ്സ് പറയുന്നു.

അതേസമയം, മോഷണവും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി സ്വീകരിക്കുന്ന നടപടികളിൽ ഒന്നാണ് ഫേഷ്യൽ റെക്കഗ്നീഷ്യൻ സംവിധാനമെന്ന് ബണ്ണിംഗ്സിൻറെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സൈമൺ മക്‌ഡൊവൽ ചോയ്‌സിനോട് പ്രതികരിച്ചു.

സ്ഥാപനത്തിനും ഉപഭോക്താക്കൾക്കും സുരക്ഷിതമായ അന്തരീക്ഷം നിലനിർത്താൻ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ടെന്നും സൈമൺ മക്‌ഡൊവൽ പറഞ്ഞു.


Share
Published 15 June 2022 6:56pm
By SBS Malayalam
Source: SBS


Share this with family and friends