ഓസ്ട്രേിലയയുടെ എല്ലാ ഭാഗത്തും കൊറോണവൈറസ് ബാധ രൂക്ഷമായിരുന്ന സാഹചര്യത്തിലായിരുന്നു തൊഴിൽമേഖലയെ സഹായിക്കാനായി രണ്ടു പദ്ധതികൾ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചത്.
ജീവനക്കാരെ തൊഴിൽ രംഗത്ത് നിലനിർത്തുന്നതിനായി സ്ഥാപനങ്ങൾ വഴി രണ്ടാഴ്ചയിലൊരിക്കൽ 1,500 ഡോളർ നൽകുന്ന ജോബ് കീപ്പർ പദ്ധതിയും, തൊഴിൽ നഷ്ടമായവർക്കും തൊഴിൽ തേടുന്നവർക്കും രണ്ടാഴ്ചയിലൊരിക്കൽ 1,100 ഡോളർ നൽകുന്ന ജോബ് സീക്കർ പദ്ധതിയുമായിരുന്നു ഇത്.
സെപ്റ്റംബർ വരെ പ്രഖ്യാപിച്ചിരുന്ന ഈ പദ്ധതികൾ കൂടുതൽ ദീർഘിപ്പിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു.
അടുത്ത വർഷം മാർച്ച് വരെയാകും ജോബ് കീപ്പർ പദ്ധതി നീട്ടുക.
ജോബ്സീക്കർ പദ്ധതി ഈ വർഷം ഡിസംബർ 31 വരെയും നീട്ടും.
എന്നാൽ രണ്ടു പദ്ധതികളും വഴി നൽകുന്ന ആനുകൂല്യ തുക വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു.
ജോബ്കീപ്പർ മാറ്റങ്ങൾ
ഈ വർഷം ഒക്ടോബർ മുതൽ ജോബ് കീപ്പർ ആനുകൂല്യം രണ്ടാഴ്ചയിൽ 1,200 ഡോളറായി കുറയ്ക്കും.
ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്കാണ് ഇത്.
ആഴ്ചയിൽ 20 മണിക്കൂറോ അതിൽ കുറച്ചോ ജോലി ചെയ്യുന്നവർക്ക് 750 ഡോളറാകും ലഭിക്കുക.
ഇതുവരെയും എല്ലാവർക്കും 1,500 ഡോളർ വീതമായിരുന്നു ആനുകൂല്യമായി നൽകിയിരുന്നത്. ഇതാണ് ഇനി രണ്ടു തലങ്ങളിലേക്ക് മാറ്റുന്നത്.
പാർട്ട് ടൈമായി ഒന്നിലേറെ ജോലികൾ ചെയ്തിരുന്നവർക്ക് അതെല്ലാം നഷ്ടമാകുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്നും, അതിനാലാണ് ആദ്യ ഘട്ടത്തിൽ എല്ലാവർക്കും ഒറ്റ നിരക്ക് പ്രഖ്യാപിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ അത് മാറ്റാൻ കഴിയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെ ഈ ആനുകൂല്യത്തിൽ വീണ്ടും കുറവുണ്ടാകും.
20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്കുള്ള ആനുകൂല്യം 1,000 ഡോളറായും, 20 മണിക്കൂറോ കുറവോ ജോലി ചെയ്യുന്നവർക്ക് 650 ഡോളറായും കുറയും.
ഒരു ബില്യണിൽ കൂടുതൽ വിറ്റുവരവുള്ള കമ്പനികൾക്ക് വരുമാനത്തിൽ 50 ശതമാനവും, അതിൽ കുറവുള്ള കമ്പനികൾക്ക് 30 ശതമാനവും ഇടിവുണ്ടെങ്കിൽ മാത്രമാണ് ജോബ്കീപ്പർ ആനുകൂല്യം ലഭിക്കുക. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഒക്ടോബറിലും ജനുവരിയിലും വീണ്ടും തെളിയിക്കണം.
ജോബ്സീക്കർ മാറ്റങ്ങൾ
ജോബ്സീക്കർ ആനുകൂല്യം ഒക്ടോബർ മുതൽ 1,100 ഡോളറിൽ നിന്ന് 800 ഡോളായാകും കുറയ്ക്കുക.
നേരത്തേ ന്യൂ സ്റ്റാർട്ട് അലവൻസ് എന്നറിയപ്പെട്ടിരുന്ന ഈ ആനുകൂല്യം 550 ഡോളറായിരുന്നു. ഇതോടൊപ്പം കൊറോണവൈറസ് സപ്ലിമെന്റായി 550 ഡോളർ കൂടിയാണ് നൽകിയിരുന്നത്.
ഈ കൊറോണവൈറസ് സപ്ലിമെന്റ് 250 ഡോളറായി കുറയ്ക്കും.
അതേസമയം, രണ്ടാഴ്ചയിലൊരിക്കൽ 300 ഡോളർ വരെ വരുമാനം കിട്ടുന്നവർക്കും ഇതേ ആനുകൂല്യം ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഏതെങ്കിലും ജോലി ചെയ്യുന്നതിലൂടെ 300 ഡോളർ വരുമാനം ലഭിച്ചാലും ജോബ് സീക്കർ ആനുകൂല്യം പൂർണമായി ലഭിക്കും.
ജോബ്സീക്കർ ആനുകൂല്യം ലഭിക്കുന്നതിനുള്ള മറ്റു മാനദണ്ഡങ്ങൾ നേരത്തേ മരവിപ്പിച്ചിരുന്നു. ഓഗസ്റ്റ് നാലു മുതൽ ഇതും പുനരാരംഭിക്കും.
ജോലികൾക്കായി മാസം കുറഞ്ഞത് നാല് അപേക്ഷയെങ്കിലും സമർപ്പിച്ചിരിക്കണം എന്ന വ്യവസ്ഥയാണ് ഓഗസ്റ്റിൽ പുനരാരംഭിക്കുക. അപേക്ഷിക്കേണ്ട ജോലികളുടെ എണ്ണം പിന്നീട് വീണ്ടും കൂട്ടും.
ഏതെങ്കിലും ജോലിക്ക് ഓഫർ ലഭിച്ചാൽ അത് ഏറ്റെടുത്തിരിക്കണം എന്നും വ്യവസ്ഥയുണ്ട്.