ബ്രിട്ടനിൽ നിന്നുള്ള തടവുകാരെയും വഹിച്ചുള്ള ആദ്യ കപ്പൽ സിഡ്നി കോവിൽ നങ്കൂരമിട്ട ദിവസമായിരുന്നു 1788ജനുവരി 26.
ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ തുടക്കം. 65,000 വർഷത്തിലേറെയായി ആദിമവർഗ്ഗ ജനത ഈ മണ്ണിൽ ജീവിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം അവഗണിച്ചുകൊണ്ട്, ഓസ്ട്രേലിയയെ ഒരു പുതിയ രാജ്യമായി കണ്ട ദിവസം കൂടിയായിരുന്നു അത്.
അതുകൊണ്ടാണ് ഓസ്ട്രേലിയയുടെ ദേശീയ ദിനമായ ഓസ്ട്രേലിയ ഡേ ജനുവരി 26ൽ നിന്ന് മാറ്റണം എന്ന ആവശ്യം ആദിമവർഗ്ഗ സമൂഹം ഉയർത്തുന്നത്.
ഇത് ആഘോഷിക്കേണ്ട ദിവസമായി കാണാൻ കഴിയില്ല എന്നാണ് ആദിമവർഗ്ഗ വിഭാഗം കരുതുന്നത്.
വിലാപത്തിന്റെ ദിവസം
1938 ജനുവരി 26ന്, ക്യാപ്റ്റൻ കുക്ക് കപ്പലിറങ്ങിയതിന്റെ 150ാം വാർഷികം ആഘോഷിക്കുമ്പോൾ, വില്യം കൂപ്പറുടെ നേതൃത്വത്തിലെ ഓസ്ട്രേലിയൻ അബോറിജിൻസ് ലീഗും ജാക്ക് പാറ്റന്റെയും വില്യം ഫെർഗൂസന്റെയും നേതൃത്വത്തിലുള്ള അബോറിജിൻസ് പ്രോഗ്രസീവ് മൂവ്മെന്റും നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
വിലാപ ദിവസമാണ് ഇത് എന്ന പേരിലായിരുന്നു ആ പ്രതിഷേധ പരിപാടികൾ.
ആദിവമർഗ്ഗ ജനതയ്ക്കെതിരെയുള്ള മുൻധാരണകളും വിവേചനവുമെല്ലാം ജനാധിപത്യമാർഗ്ഗങ്ങളിലൂടെ മാറ്റാനായിരുന്നു അവരുടെ ശ്രമം.
ഒരു പൗരനും കിട്ടുന്ന എല്ലാ അവകാശങ്ങളും തങ്ങൾക്കും ഉണ്ടാകണം എന്ന അടിസ്ഥാന ആവശ്യമായിരുന്നു അവർ ഉന്നയിച്ചത്. വെള്ളക്കാർ തങ്ങളോട് കാട്ടുന്ന ക്രൂരതകൾ അവസാനിപ്പിക്കണം എന്നും.
എന്നാൽ സർക്കാരുകളുടെ ബധിരകർണ്ണങ്ങളിലാണ് അത് പതിച്ചത്.
ആദിമവർഗ്ഗ ജനതയുടെ പുരോഗമനത്തിനായി എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണം എന്നായിരുന്നു വില്യം കൂപ്പറിന്റെ ആഹ്വാനം.
സ്വന്തം രാജ്യവും, സ്വാതന്ത്ര്യവും, സ്വയം നിർണ്ണയാധികാരാവും എല്ലാം നഷ്ടപ്പെട്ടതിലുള്ള പ്രതിഷേധവും, കോളനിവത്കരണത്തിനു ശേഷം ബ്രിട്ടീഷ് കുടിയേറ്റക്കാരാൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് പേരെ ഓർത്തുള്ള കണ്ണീരുമാണ് വിലാപത്തിന്റെ ദിവസത്തിലൂടെ അവർ പങ്കുവച്ചത്.
“വെള്ളക്കാർ ആഘോഷിക്കുന്ന ദിവസമാണ്. ഓസ്ട്രേലിയയുടെ 150ാം ജന്മദിനം എന്ന പേരിലെ ആഘോഷം. എന്നാൽ നമുക്ക്, ഈ മണ്ണിലെ യഥാർത്ഥ വാസികൾക്ക്, ആഘോഷിക്കാൻ ഒന്നുമില്ല”, പ്രതിഷേധ പരിപാടിയിൽ വില്യം കൂപ്പർ പറഞ്ഞു.
“പിന്നാമ്പുറങ്ങളിലേക്ക് നമ്മളെ തള്ളിമാറ്റുന്നതിനെ ഇനിയും അംഗീകരിക്കാനാവില്ല. നമ്മുടെ ശബ്ദം ഉയർന്നു കേൾക്കണം. ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാർ നീച വർഗ്ഗമാണെന്നും, നമ്മളെ ഉയർത്തിക്കൊണ്ടുവരാൻ കഴിയില്ല എന്നുമാണ് വെള്ളക്കാർ പറയുന്നത്. നമുക്ക് ഒറ്റ ആവശ്യമേയുള്ള – ഞങ്ങൾക്കും അവസരം തരിക. ഓസ്ട്രേലിയ പുരോഗതിയിലേക്ക് പോകുമ്പോൾ ഞങ്ങളെ മാത്രം മാറ്റി നിർത്തരുത്. പൂർണമായ പൗരത്വ അവകാശം ഞങ്ങൾക്കും നൽകുക.” – ജാക്ക് പാറ്റന്റെ പ്രസംഗം ഇങ്ങനെയായിരുന്നു.
സിഡ്നിയിലെ ഓസ്ട്രേലിയ ഹോളിൽ നടന്ന ഒരു സമ്മേളനത്തോടെയാണ് വിലാപദിന പ്രതിഷേധങ്ങൾ സമാപിച്ചത്.
മണ്ണിന്റെ ഉടമകളുടെ അവകാശപ്പോരാട്ടങ്ങളുടെ തുടക്കമായി കണക്കാക്കുന്ന പരിപാടിയാണ് അത്.
തുടർന്ന്, ഓരോ വർഷവും ജനുവരി 26ന് വിലാപ ദിവസം ആചരിച്ചുതുടങ്ങി. 1967ലെ ജനഹിത പരിശോധനയിലേക്ക് വരെ ഇതാണ് കൊണ്ടുചെന്നെത്തിച്ചത്.
ടെന്റ് എംബസി (The Tent Embassy)
1972 ജനുവരി 26ന് കാൻബറയിലെ പാർലമെന്റ് മന്ദിരത്തിന് എതിർവശം നാല് ആദിമവർഗ്ഗക്കാർ ചേർന്ന് ഒരു ബീച്ച് ടെന്റ് നാട്ടി.
അബോറിജിനൽ ടെന്റ് എംബസി എന്നാണ് അവർ അതിനെ വിളിച്ചത്.

Radio Redfern was the main source of information for people wanting to join the protests. The broadcast included interviews and music from First Nations artists.
200ആം വർഷത്തെ പ്രതിഷേധം
1988 ജനുവരി 26ന് ഓസ്ട്രേലിയ ആദ്യകപ്പലടുത്തതിന്റെ 200ആം വാർഷികം ആഘോഷിച്ചു.
എല്ലാ ഓസ്ട്രേലിയക്കാരുടെയും ഒരുമിച്ചുള്ള ജീവിതത്തിന്റെയും പുരോഗതിയുടെയും പ്രതീകമായിട്ടായിരുന്നു ആ ആഘോഷം.
എന്നാൽ, ഇതൊരു പ്രഹസനമാണഅ എന്നായിരുന്നു ആദിമവർഗ്ഗ വിഭാഗങ്ങൾ വിമർശിച്ചത്. 200ആം വർഷത്തെ പ്രതിഷേധം എന്ന പേരിൽ 40,000ഓളം പേർ സിഡ്നിയിൽ ഒത്തുചേർന്ന് ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയാണ് ആദിമവർഗ്ഗ വിഭാഗങ്ങൾ ചെയ്തത്.
വിയറ്റ്നാം യുദ്ധകാലത്തിനു ശേഷം ഓസ്ട്രേലിയയിൽ ഇത്രയും വലിയ ഒരു പ്രതിഷേധം കണ്ടത് ആദ്യമായിട്ടായിരുന്നു.
ഈ പ്രതിഷേധങ്ങൾക്കിടയിലാണ് ജനുവരി 26നെ “അധിനിവേശ ദിവസം” എന്ന് ആദിമവർഗ്ഗ വിഭാഗങ്ങൾ വിളിച്ചുതുടങ്ങിയത്.
ഓസ്ട്രേലിയ ഡേ ആയി ഈ ദിവസം ആഘോഷിക്കരുത് എന്നും അവർ ആവശ്യപ്പെട്ടു.
വെളുത്ത ഓസ്ട്രേലിയയ്ക്ക് ഒരു കറുത്ത ചരിത്രം പറയാനുണ്ട്. ഓസ്ട്രേലിയ ഡേ സമം അധിനിവേശ ദിവസം എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.
“നമ്മുടെ അതിജീവനത്തിന്റെ ആഘോഷമാണ് ഇന്ന്. വെള്ളക്കാരൻ ഇവിടേക്ക് കടന്നു വന്ന ശേഷം ഈ അതിജീവനമല്ലാതെ മറ്റൊന്നും നമുക്ക് ആഘോഷിക്കാനില്ല. നല്ല മനസുള്ള ഒരു വെള്ളക്കാരനും ഇതൊരു ആഘോഷിക്കാനുള്ള ദിവസമായി കണക്കാക്കുമെന്ന് തോന്നുന്നില്ല. കാരണം, ഇത് വംശഹത്യയുടെയും, ഭൂമിയെയും സംസ്കാരത്തെയും നശിപ്പിച്ചതിന്റെയും, വേദനയും, ദുഃഖങ്ങളും, ദുരിതങ്ങളും തുടങ്ങിയതിന്റെയും വാർഷികമാണ്” – NSW അബോറിജിനൽ ലാന്റ് റൈറ്റ്സ് ആക്ടിന്റെ രജിസ്ട്രാർ ക്രിസ് കിർക്ക്ബ്രൈറ്റ് പറഞ്ഞു.
റേഡിയോ റെഡ്ഫേൺ ഈ പ്രതിഷേധക്കാരുടെയെല്ലാം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു.
“ഇത് പ്രതിഷേധ ദിനമാണ്. പക്ഷേ ഇത് ഞങ്ങൾക്കും ആഘോഷദിനം കൂടിയാണ്. ഈ വെളുത്ത അധിനിവേശക്കാർക്കിടയിൽ 200 വർഷം പിടിച്ചുനിൽക്കാനായി എന്ന ആഘോഷം.” – ഒരാളുടെ വാക്കുകൾ ഇതായിരുന്നു.
ഓസ്ട്രേലിയ ഡേ ജനുവരി 26ൽ നിന്ന് മാറ്റണമെന്ന ആവശ്യം ഇപ്പോൾ ഓരോ വർഷവും കൂടുതൽ ശക്തമായി വരികയാണ്. അധിനിവേശ റാലികളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും ഓരോ വർഷവും കൂടി വരുന്നു.