ഓസട്രേലിയയിൽ നിന്ന് ന്യൂസിലന്റിലേക്കും തിരിച്ചും ക്വാറന്റൈൻ നിബന്ധനകളില്ലാതെ യാത്ര സാധ്യമാക്കുന്ന യാത്രാ ബബ്ൾ ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ പ്രഖ്യാപിച്ചു.
ന്യൂസിലന്റ് സമയം ഏപ്രിൽ 18 അർദ്ധരാത്രി മുതലാണ് യാത്രാ ബബ്ൾ തുടങ്ങുന്നത്. അതായത്, ഏപ്രിൽ 19 മുതൽ ഓസ്ട്രേലിയക്കാർക്ക് ന്യൂസിലന്റിലേക്ക് യാത്ര ചെയ്തു തുടങ്ങാൻ കഴിയും.
വൈറസിനെ നിയന്ത്രിക്കാനുള്ള നടപടികൾക്കൊപ്പം അതിർത്തി തുറക്കാനും കഴിയുന്നത് നിർണ്ണായകമായ ഒരു ചുവടുവയ്പ്പാണെന്ന് ജസീന്ത ആർഡൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ തന്നെ ന്യൂസിലന്റിൽ നിന്നുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് വരാൻ അനുമതി നൽകിയിരുന്നു. വെസ്റ്റേൺ ഓസ്ട്രേലിയ ഒഴികെയുള്ള മറ്റു സംസ്ഥാങ്ങളാണ് ഈ വൺ-വേ ട്രാവൽ ബബ്ളിന്റെ ഭാഗമായിരുന്നത്.
ഇത് രണ്ടു ഭാഗത്തേക്കുമാക്കി മാറ്റുകയാണ് ഇപ്പോൾ.
ന്യൂസിലന്റിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും യാത്രാ ബബ്ളിലൂടെ എത്തിച്ചേരാൻ കഴിയും. വിമാന ലഭ്യത അടിസ്ഥാനാക്കിയായിരിക്കും ഇത്.
യാത്രാ ബബ്ളിലൂടെ ന്യൂസിലന്റിലെത്തുന്ന ഓസ്ട്രേലിയക്കാർ, ഗ്രീൻ സോൺ എന്ന പ്രത്യേക മേഖലയിലൂടെയാകും വിമാനത്താവളങ്ങളിൽ കടന്നുപോകുക.
മറ്റു വിമാനങ്ങളിലുള്ളവരുമായി ഇവർക്ക് ഒരുവിധ സമ്പർക്കവും ഉണ്ടാകില്ല.
വിമാനത്തിൽ മാസ്ക് ധരിക്കേണ്ടി വരും. കോൺടാക്റ്റ് ട്രേസിംഗിനായുള്ള ന്യൂസിലന്റിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും.
ന്യൂസിലന്റിലായിരിക്കുമ്പോൾ ബന്ധപ്പെടാൻ കഴിയുന്ന ഫോൺ നമ്പരും അധികൃതർക്ക് നൽകേണ്ടിവരും.
ഓസ്ട്രേലിയയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
ഇരു രാജ്യങ്ങളിൽ എവിടെയെങ്കിലും കൊവിഡ് സാമൂഹ്യവ്യാപനം പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ ഈ ബബ്ൾ നിർത്തിവയ്ക്കുന്ന കാര്യംപരിഗണിക്കും. സാഹചര്യം കണക്കിലെടുത്താകും ഇത്.
ഏപ്രിൽ 19 മുതൽ ന്യൂസിലന്റിലേക്ക് സർവീസ് നടത്തുമെന്ന് ക്വാണ്ടസും ജെറ്റ്സ്റ്റാറും പ്രഖ്യാപിച്ചു.
നേരത്തേ ഉണ്ടായിരുന്ന എല്ലാ സർവീസുകളും പുനസ്ഥാപിക്കുന്നതിനൊപ്പം, ഓക്ക്ലാന്റിൽ നിന്ന് കെയിൻസിലേക്കും ഗോൾഡ് കോസ്റ്റിലേക്കും സർവീസുണ്ടാകും.
എയർ ന്യൂസിലന്റും സർവീസ് തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊറോണവൈറസ് മഹാമാരിയായി പ്രഖ്യാപിച്ച 2020 മാർച്ചിൽ ഓസ്ട്രേലിയൻ അതിർത്തികൾ അടച്ചിരുന്നു. അതിനു ശേഷം ഓസ്ട്രേലിയക്കാർക്ക് വിദേശത്തേക്ക് പോകാൻ അനുമതിയില്ലായിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക അനുമതി നേടി മാത്രമേ വിദേശയാത്ര നടത്താൻ കഴിഞ്ഞിരുന്നുള്ളൂ.