കൊവിഡ് പരിശോധന നിർബന്ധം: ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവര്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകം

വിദേശ രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിലെത്തുന്നവർ വിമാനത്തിൽ കയറും മുൻപ് കൊറോണബാധ ഇല്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിമാനയാത്രയിൽ മാസ്ക് ധരിക്കുന്നതും നിർബന്ധമാകും.

Covid Test

Source: Getty Images Europe

വിദേശത്തു നിന്ന് ഓസ്‌ട്രേലിയയിലേക്കെത്തുന്നവർ വിമാനത്തിൽ കയറുന്നതിന് 72 മണിക്കൂറുകൾ മുൻപ് കൊവിഡ് പരിശോധന നടത്തണമെന്ന് ഫെഡറൽ സർക്കാർ ജനുവരി ആദ്യം അറിയിച്ചിരുന്നു.

പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പരിശോധനാ ഫലവും ഹാജരാകണം.

മൂക്കിൽ നിന്നോ തൊണ്ടയുടെ പിന്നിൽ നിന്നോ ഉള്ള ദ്രാവകം എടുത്തുള്ള പി സി ആർ (PCR) പരിശോധനയാണ് യാത്രക്കാർ നടത്തേണ്ടത്.
രണ്ടാഴ്ച മുൻപ് ദേശീയ കാബിനറ്റ് ചേർന്ന് തീരുമാനിച്ച ഈ മാറ്റങ്ങൾ ജനുവരി 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.
വൈറസ്ബാധ പല രാജ്യങ്ങളിലും രൂക്ഷമാവുകയാണ്. ഈ നിയമം നടപ്പിലാക്കുന്നതോടെ ഓസ്‌ട്രേലിയയിലേക്ക് രോഗബാധിതർ എത്തുന്നത് തടയാൻ സാധിക്കുമെന്ന് ഗ്രെഗ് ഹണ്ട് പറഞ്ഞു.

നിലവിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കും ചില യാത്രാ വിമാനങ്ങളിൽ എത്തുന്നവർക്കും കൊവിഡ് പരിശോധന നിര്ബന്ധമാണ്.

പരിശോധനക്ക് പുറമെ വിമാന യാത്രയിൽ മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കും. ഇതും വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 

വിമാനയാത്രയിലുടനീളവും വിമാനത്താവളങ്ങളിലും മാസ്ക് ധരിക്കണം. എന്നാൽ 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല.

മാത്രമല്ല ആരോഗ്യ പ്രശ്നങ്ങൾക്കൊണ്ട് മാസ്ക് ധരിക്കാൻ ബുദ്ധിമുട്ടുള്ളവരും ഇത് ധരിക്കേണ്ടതില്ല. എന്നാൽ മാസ്ക് ധരിക്കാത്തയാളുടെ പേരും, ഇവർ മാസ്ക് ധരിക്കാത്തതിന്റെ കാരണം കാണിക്കുന്ന മെഡിക്കൽ രേഖയും ഹാജരാക്കണം.

വാക്‌സിൻ നൽകാൻ പരിശീലനം

രാജ്യത്ത് ഫെബ്രുവരി മധ്യത്തോടെ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട പരിശീലനം നൽകിവരിയാണെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിന്റെ ആദ്യ ഘട്ട വിതരണത്തിൽ സഹായിക്കാൻ 500 അധിക ജീവനക്കാരെ നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആദിമവർഗ്ഗ സമൂഹത്തിനിടയിലും, ഏജ്ഡ് കെയർ കേന്ദ്രങ്ങളിലും മറ്റുമുള്ള വാക്‌സിൻ വിതരണത്തിൽ സഹായിക്കാനാണ് ഇത്.

വാക്‌സിൻ നല്കുന്നവർക്കുള്ള പരിശീലനം രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കാനാണ് പദ്ധതി.

മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കേണ്ട ഫൈസർ വാക്‌സിൻ നൽകുന്നവർക്ക് പ്രത്യേക പരിശീലനം ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


 


Share
Published 21 January 2021 5:24pm
Updated 22 January 2021 10:51am
By SBS Malayalam
Source: SBS

Share this with family and friends