ഓസ്ട്രേലിയയിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ആഴ്ചയിൽ 20 മണിക്കൂർ മാത്രമാണ് ജോലി ചെയ്യാൻ അനുവാദമുള്ളത്.
എന്നാൽ, വിനോദസഞ്ചാര രംഗത്തും, ഹോട്ടലുകളും കഫേകളും ബാറുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി രംഗത്തും ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഈ നിയന്ത്രണം ഒഴിവാക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഈ തൊഴിൽമേഖലകളിൽ നിന്നുള്ള ആവശ്യം കണക്കിലെടുത്താണ് സർക്കാർ നിയമത്തിൽ മാറ്റം വരുത്തുന്നത്.
കൊവിഡ് ബാധയ്ക്കു ശേഷമുള്ള സാമ്പത്തിക പുനർനിർമ്മാണത്തിൽ നിർണ്ണായകമായിരിക്കും ഈ തൊഴിൽമേഖലകളെന്ന് കുടിയേറ്റകാര്യമന്ത്രി അലക്സ് ഹോക് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിലാണ് ഇതിന്റെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നത്.
ഓസട്രേലിയയിൽ കൊറോണവൈറസ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് ഏറ്റവുമധികം പ്രതിസന്ധിയിലായ ഒരു വിഭാഗം രാജ്യാന്തര വിദ്യാർത്ഥികളായിരുന്നു.
ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന നിരവധി വിദ്യാർത്ഥികളുണ്ടെന്ന് .
അഞ്ചു ലക്ഷത്തിലേറെ ഓസ്ട്രേലിയക്കാർ ജോലി ചെയ്യുന്ന മേഖലകളാണ് ഇവയെന്നും, മതിയായ ജീവനക്കാരെ ഉറപ്പാക്കാൻ ഈ മാറ്റത്തിലൂടെ കഴിയുമെന്നും അലക്സ് ഹോക് ചൂണ്ടിക്കാട്ടി.
ടൂറിസത്തെയും ഹോസ്പിറ്റാലിറ്റിയെയും ഇനി നിർണ്ണായക തൊഴിൽമേഖലകളുടെ പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനമുണ്ട്.
കൃഷി, ഭക്ഷ്യസംസ്കരണം, ആരോഗ്യം, ഡിസെബിലിറ്റി കെയർ, ചൈൽഡ് കെയർ തുടങ്ങിയ മേഖലകളാണ് ഇപ്പോൾ ഈ പട്ടികയിൽ ഉള്ളത്.
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ജോലി ചെയ്യുന്ന താൽക്കാലിക വിസക്കാർക്കും കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും.
നിലവിലെ വിസാ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 90 ദിവസങ്ങളിൽ ഇവർക്ക് സബ്ക്ലാസ് 408 കൊവിഡ്-19 വിസയ്ക്കായി അപേക്ഷിക്കാം.
അധികമായി 12 മാസം കൂടി ഓസ്ട്രേലിയയിൽ തുടരാൻ അനുവാദം നൽകുന്നതാകും ഈ വിസ.
താൽക്കാലിക വിസകളിൽ കഴിയുന്നവർക്ക് ഗുണകരമാകുന്ന കൂടുതൽ പ്രഖ്യാപനങ്ങൾ ഉടനുണ്ടാകുമെന്നും അലക്സ് ഹോക് പറഞ്ഞു.