സംസ്ഥാന-ടെറിട്ടറി സർക്കാരുകളുമായി ചേർന്ന് നടത്തിയ ദേശീയ ക്യാബിനറ്റിന് ശേഷമാണ് ഇത് സംബന്ധിച്ച കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയയിലുള്ളവർക്കായി സംസ്ഥാന അതിർത്തികൾ തുറന്നു കൊടുത്ത ശേഷം രാജ്യാന്തര വിദ്യാർത്ഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
നിലവിൽ ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും ACT യും മാത്രമാണ് അതിർത്തികൾ തുറന്നിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങൾ കൂടി അതിർത്തികൾ തുറന്നാൽ ജൂലൈയിൽ പൈലറ്റ് അടിസ്ഥാനത്തിൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുമെന്ന് മോറിസൺ വ്യക്തമാക്കി.
കൃത്യമായ ക്വാറന്റൈൻ നടപടികളും ബയോ സുരക്ഷാ നടപടികളും പാലിച്ചുകൊണ്ടാകും രാജ്യന്തര വിദ്യാർത്ഥികൾക്ക് പ്രവേശനാനുമതി നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുൻപോട്ട് വയ്ക്കുന്ന പദ്ധതി അംഗീകരിച്ച ശേഷം സംസ്ഥാന-സർക്കാരുകളുമായി ചേർന്ന് ഇക്കാര്യം തീരുമാനിക്കുമെന്നും മോറിസൺ വ്യക്തമാക്കി.
നിരവധി രാജ്യാന്തര വിദ്യാർത്ഥികളാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്. അതിർത്തികൾ അടച്ചിട്ടില്ലാത്തതിനാൽ രണ്ടാം സെമെസ്റ്ററിൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് രാജ്യത്തേക്കെത്താൻ അനുമതി നൽകണമെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ജൂലൈ 20ന് അതിർത്തി തുറക്കുമെന്ന് സൗത്ത് ഓസ്ട്രേലിയ അറിയിച്ചു.
മൂന്നാം ഘട്ട ഇളവുകൾ
രാജ്യത്ത് കൊറോണ നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകൾ നടപ്പിലാക്കുമ്പോഴുള്ള മാറ്റങ്ങളും സർക്കാർ പ്രഖ്യാപിച്ചു.
മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായുള്ള ചില നിയന്ത്രണങ്ങളിൽ നേരത്തെ പ്രഖ്യാപിച്ചതിലും കൂടുതൽ ഇളവുകൾ നൽകിക്കൊണ്ടാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലെ പദ്ധതിയനുസരിച്ച് മൂന്നാം ഘട്ട ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ 100 പേർക്കാണ് കെട്ടിടത്തിനകത്ത് ഒത്തു കൂടാൻ അനുമതി നൽകിയിരുന്നത്. ഇതിലാണ് മാറ്റം വരുത്തുന്നതായി സർക്കാർ അറിയിച്ചത്. മൂന്നാം ഘട്ട നിയന്ത്രണങ്ങളിൽ ഇളവുകൾ നടപ്പിലാക്കുന്നത്തോടെ കെട്ടിടത്തിനുള്ളിൽ 100 പേര് എന്ന നിയന്ത്രണം എടുത്തുമാറ്റും. ഒരു മുറിയിൽ നാലു ചതുരശ്ര അടി മീറ്ററിൽ ഒരാൾ എന്ന നിലയിലേക്കാണ് മാറ്റം വരുത്തുന്നത്.
ഇതോടെ മരണാനന്തര ചടങ്ങുകൾ, ആരാധനാലയങ്ങൾ, റസ്റ്റോറന്റുകൾ, പബുകൾ എന്നിവിടങ്ങളിൽ കൂടുതൽ പേർക്ക് ചേരാം.
കൂടാതെ കെട്ടിടത്തിന് പുറത്തുള്ള ആഘോഷങ്ങൾക്കും സ്റ്റേഡിയത്തിൽ നടക്കുന്ന കായിക വിനോദങ്ങൾക്കുമെല്ലാം ഒത്തുചേരുന്നതിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
40,000മോ അതിൽ കുറവോ ഇരിപ്പിട സൗകര്യങ്ങൾ ഉള്ള സ്റ്റേഡിയത്തിൽ 25 ശതമാനം സീറ്റുകൾ മാത്രമേ നിറയാൻ പാടുള്ളു. അതായത് നിയന്ത്രണങ്ങളിൽ ഇളവുകൾ നടപ്പിലാക്കുന്നതോടെ 10,000 പേർക്ക് വരെ സ്റ്റേഡിയത്തിൽ ഒത്തുകൂടാം.
എന്നാൽ സാമൂഹിക നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം ഇത് നടപ്പിലാക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.
വിസ്താരമുള്ള തുറസ്സായ സ്ഥലത്ത് അകലം പാലിച്ചു കൊണ്ട് വേണം ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കാൻ. മാത്രമല്ല, ഇവ സംഘടിപ്പിക്കുന്നത് ടിക്കറ്റ് വച്ചുകൊണ്ടാകണം. ഇതുവഴി പരിപാടികളിൽ പങ്കെടുത്തത് ആരെല്ലാമാണെന്ന കാര്യത്തിൽ വ്യക്തത ലഭിക്കുമെന്നും മോറിസൺ പറഞ്ഞു.
എന്നാൽ ഇത് ഉടൻ ഉണ്ടാവില്ലെന്നും ജൂലൈയിൽ മാത്രമേ നടപ്പാക്കു എന്നും മോറിസൺ വ്യക്തമാക്കി.