ചെറുപ്പക്കാരിലും ഹൃദ്രോഗ മരണങ്ങള്‍ കൂടുന്നു: ഹൃദയാഘാതം എങ്ങനെ തിരിച്ചറിയാം?

ഓരോ 12 മിനിട്ടിലും ഓസ്‌ട്രേലിയയില്‍ ഒരാള്‍ വീതം ഹൃദ്രോഗം മൂലം മരിക്കുന്നുണ്ട്. ചെറുപ്പക്കാര്‍ക്കിടയിലും ഹൃദ്രോഗ മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൃദയാഘാതം എങ്ങനെ തിരിച്ചറിയാം എന്നാണ് ഇവിടെ പരിശോധിക്കുന്നത്....

Man holding chest

Man holding chest Source: Getty Images/ljubaphoto

ചെറുപ്പക്കാരില്‍ ഹൃദയാഘാതം മൂലമുള്ള മരണം കൂടിവരുന്നതായാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായുള്ള വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.  

ഹൃദയാഘാതം മരണകാരണമാകുന്നത് തടയാനുള്ള ഏറ്റവു നല്ല മാര്‍ഗ്ഗം, എത്രയും വേഗം അതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുക എന്നതാണ്.

കഴിഞ്ഞ അര നൂറ്റാണ്ടായി ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം മരണകാരണമാകുന്ന ആരോഗ്യപ്രശ്‌നം ഹൃദയധമനികളുടെ തകരാറാണെന്ന് ന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2021ല്‍ മാത്രം ഓസ്‌ട്രേലിയയില്‍ 12,728 പേര്‍ ഹൃദ്രോഗങ്ങള്‍ മൂലം മരിച്ചു എന്നാണ് കണക്കുകള്‍.

ആരോഗ്യകരമായ ജീവിതശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ ഹൃദ്രോഗസാധ്യത ഒരു പരിധി വരെ കുറയ്ക്കാം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ആരോഗ്യകരമായ ഭക്ഷണശീലവും, വ്യായാമവും, ജീവിത ശൈലിയുമുള്ളവര്‍ പോലും ഹൃദയാഘാതം മൂലം മരിക്കുന്നത് അപൂര്‍വമല്ല.

ഹൃദയാഘാതമുണ്ടാകുമ്പോള്‍ അതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതാണ് മരണത്തിലേക്ക് എത്തുന്നത് തടയാനുള്ള പ്രധാന മാര്‍ഗ്ഗം.

എന്താണ് ഹൃദയാഘാതം?

ഹൃദയത്തിലെ പേശികളിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാകുകയോ, അതിന്റെ വലിപ്പം കുറയുകയോ ചെയ്യുമ്പോഴാണ് ഭൂരിഭാഗം പേരിലും ഹൃദയാഘാതമുണ്ടാകുന്നത്.
Heart xray graphic
Heart xray graphic Source: Getty Images/zf L
ഹൃദയത്തിന് ആവശ്യമായ ഓക്‌സിജനും മറ്റ് പോഷകങ്ങളും ഇതോടെ ലഭിക്കാതെ വരും. ഇത് അതിജീവിക്കാന്‍ ഹൃദയത്തിന് കഴിയുകയുമില്ല - ഓസ്‌ട്രേലിയന്‍ ഹാര്‍ട്ട് ഫൗണ്ടേഷനിലെ ഹൃദ്രോഗ വിദഗ്ധ ഗാരി ജെന്നിംഗ്‌സ് എസ് ബി എസ് റേഡിയോയോട് പറഞ്ഞു.

45 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ ഡോക്ടറെ സമീപിച്ച് ഹൃദയത്തിന്റെ ആരോഗ്യം വിലയിരുത്താന്‍ നടപടിയെടുക്കണമെന്നാണ് .

കുടുംബത്തില്‍ ഹൃദ്രോഗപാരമ്പര്യമുള്ളവര്‍ക്ക് ഇത് കൂടുതല്‍ ബാധകമാണ്.

എന്തൊക്കെ കാരണങ്ങള്‍ ഹൃദ്രോഗത്തിലേക്ക് നയിക്കാം?

രക്തസമ്മര്‍ദ്ദം

കൂടിയ രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ അത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും അമിതഭാരം നല്‍കുന്നു. എന്നാല്‍ ഇത് ചികിത്സയിലൂടെ നിയന്ത്രിക്കാന്‍ കഴിയും.

ഡോക്ടറെ കണ്ട് രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് പതിവാക്കുക.
Woman patient and doctor checking blood pressure
Woman patient and doctor checking blood pressure Source: Getty Images/Terry Vine

കൊളസ്‌ട്രോള്‍

ഭക്ഷണത്തിലെ അമിതമായ കൊളസ്‌ട്രോളാണ് ഹൃദ്രോഗങ്ങളുടെ മറ്റൊരു കാരണ. രക്തത്തിലെ കൊളസ്‌ട്രോളിന്റെ വര്‍ദ്ധനവ് ഹൃദയാഘാതത്തിനും മസ്തിഷ്‌കാഘാതത്തിനും കാരണമാകാം.

അനാരോഗ്യകരമായ ഭക്ഷണവും പ്രമേഹവും

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം അമിത ഭാരത്തിലേക്കും, അത് ഹൃദ്രോഗങ്ങളിലേക്കും നയിക്കാം. ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണശീലത്തിലൂടെ ശരീര ഭാരം നിയന്ത്രിക്കാനും, രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും പരിധിയില്‍ നിലനിര്‍ത്താനും കഴിയും.
Vegetables
Vegetables Source: Getty Images/Peter Dazeley
പ്രമേഹമുള്ളവര്‍ക്ക് എങ്ങനെ അത് നിയന്ത്രിച്ച് ഹൃദ്രോഗസാധ്യത  കുറയ്ക്കാം എന്ന് ഡയബറ്റീസ് ഓസ്‌ട്രേലിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

വ്യായാമം ഇല്ലായ്മ

വ്യായാമത്തിന്റെ അഭാവവും, അധികനേരം തുടര്‍ച്ചയായി ഇരിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉചിതമല്ല.

ദിവസവും 30 മിനിട്ടെങ്കിലും വ്യായാമം ചെയ്യണം എന്നാണ് ആരോഗ്യവിദഗ്ധരുടെ ഉപദേശം.

അരമണിക്കൂര്‍ നടക്കുകയെങ്കിലും ചെയ്യുന്നത് നല്ലൊരു വ്യായാമശീലമാണെന്ന് കാര്‍ഡിയോളജിസ്റ്റ് ഗാരി ജെന്നിംഗ്‌സ് ചൂണ്ടിക്കാട്ടി.
Woman running
Woman running Source: Getty Images/lzf
കൂടുതല്‍ നേരം ഇരിക്കുക എന്നത് നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. കമ്പ്യൂട്ടറിന് മുമ്പിലും, ജോലി സ്ഥലത്തും, ബസിലും, കാറിലുമെല്ലാം നമ്മള്‍ ഇരിക്കുന്നുണ്ട്. ഇത് ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പുകവലി

പുകവലിക്കുന്നവര്‍ക്ക് ഹൃദ്രോഗസാധ്യതകള്‍ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പുകവലി ഒഴിവാക്കുക എന്നാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ഒരു പ്രധാന ഘടകം. പുകവലിച്ചുകൊണ്ടിരുന്നവര്‍ അത് ഉപേക്ഷിക്കുമ്പോള്‍ തന്നെ ഹൃദ്രോഗസാധ്യതകളില്‍ കുറവുവരുന്നുണ്ട്.
Ashtray and ciggies
Ashtray and ciggies Source: Getty Images/seksan Mongkhonkhamsao

സാമൂഹികമായ ഒറ്റപ്പെടലും വിഷാദരോഗവും

സാമൂഹിക കൂട്ടായ്മകളോ, കുടുംബമോ, സുഹൃത്തുക്കളോ ഇല്ലാത്തതും ഹൃദയാഘാത സാധ്യത കൂട്ടുന്നുണ്ട്. വിഷാദരോഗവും മറ്റൊരു പ്രധാന ഘടകമാണ്. രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി വിഷാദം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറുമായോ, കുടുംബാംഗങ്ങളുമായോ സംസാരിക്കണമെന്ന് ബിയോണ്ട് ബ്ലൂ നിര്‍ദ്ദേശിക്കുന്നു.

നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഘടകങ്ങള്‍

ഹൃദ്രോഗ കാരണമാകുന്ന പല ഘടകങ്ങളും നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതല്ലെന്ന് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു. പ്രായം, കുടുംബ പാരമ്പര്യം, ജനിതക ഘടകങ്ങള്‍ തുടങ്ങിയവയാണ് അത്.

ഉദാഹരണത്തിന്, ഇന്ത്യന്‍ വംശജര്‍ക്ക് മറ്റുള്ളവരെയെല്ലാം അപേക്ഷിച്ച് ഹൃദ്രോഗസാധ്യത കൂടുതലാണ്.

എന്താണ് രോഗലക്ഷണങ്ങള്‍?

നെഞ്ചുവേദനയും അസ്വസ്ഥതയും

ഓരോ വ്യക്തിയിലും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്.

എന്നാല്‍ പൊതുവില്‍ കാണുന്ന ആദ്യക്ഷണം നെഞ്ചുവേദനയാണ്. നെഞ്ചില്‍ ഭാരവും അനുഭവപ്പെടാം.

'ഹൃദയാഘാതമാണെങ്കില്‍ അസഹനീമായ നെഞ്ചുവേദനയായിരിക്കും അനുഭവപ്പെടുന്നത്' - കാര്‍ഡിയോളജിസ്റ്റ് റോബ് പെരല്‍ പറയുന്നു.

'നെഞ്ചിന്റെ ഇടതുഭാഗത്താണ് പൊതുവില്‍ ഈ വേദന അനുഭവപ്പെടുന്നത്. എന്നാല്‍ ഇത് മധ്യഭാഗത്തുമാകാം. താടിയിലേക്കോ, ഇടതുകൈയിലേക്കോ ഈ വേദന വ്യാപിക്കാം.' - റോബ് പെരല്‍ പറഞ്ഞു.

കൈയിലും കഴുത്തിലും അസ്വസ്ഥത

കൈയിലും കഴുത്തിലും തുടങ്ങു അസ്വസ്ഥത അരയ്ക്കു മുകളിലേക്കുള്ള മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാം. കൈകള്‍ക്ക് അമിത ഭാരവും തോന്നും.

ശ്വാസതടസ്സം

ശ്വാസമെടുക്കാന്‍ പ്രയാസം നേരിടുന്നത് മറ്റൊരു ലക്ഷണമാണ്. തൊണ്ടയില്‍ എന്തൊ കുടുങ്ങിയിരിക്കുന്നതുപോലെ തോന്നുക, തലകറക്കം, വിയര്‍പ്പ് തുടങ്ങിയവയും ഉണ്ടാകാം

എന്താണ് ചെയ്യേണ്ടത്?

ഹൃദയാഘാതമാണെന്ന് സംശയിക്കുന്നെങ്കില്‍ ആദ്യം ചെയ്യേണഅടത് ട്രിപ്പിള്‍ സീറോ (000) വിളിക്കുകയാണ്. ആംബുലന്‍സിനായി ആവശ്യപ്പെടുക
Ambulances
Ambulances Source: AAP Image/Bianca De Marchi
'ആംബുലന്‍സ് എത്തും വരെ ഹൃദയത്തിന് അമിത ഭാരം നല്‍കാതെ വിശ്രമിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്.  ചികിത്സ ലഭിക്കും വരെ അമിത സമ്മര്‍ദ്ദം ഒഴിവാക്കുക,' ഡോ. റോബ് പെരല്‍ പറഞ്ഞു.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഹാര്‍ട്ട് ഫൗണ്ടേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം


Share
Published 21 March 2022 4:37pm
Updated 12 August 2022 2:55pm
By Audrey Bourget, Ildiko Dauda


Share this with family and friends