പുതിയ കൊവിഡ്ബാധ മൂലം പെർത്തിന്റെ പല ഭാഗങ്ങളും ലോക്ക്ഡൗണിലായിരിക്കുന്നതിനിടയിലാണ് സമീപത്തായി കാട്ടുതീയും പടർന്നുപിടിക്കുന്നത്.
പെർത്ത് നഗരത്തിൽ നിന്ന് 60 കിലോമീറ്ററോളം അകലെയായുള്ള പെർത്ത് ഹിൽസിലാണ് കാട്ടുതീ പടരുന്നത്.
ഇന്നലെ രാത്രി മാത്രം 4,000 ഹെക്ടറിലേറെ സ്ഥലം കാട്ടുതീയിൽ കത്തിനശിച്ചു.
Wooroloo പട്ടണത്തിന് സമീപത്തായുള്ള Mundaring, Chittering, Northam, Swan എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ ബാധിച്ചിരിക്കുന്നത്.
പെർത്തിൽ ഇന്ന് 34 ഡിഗ്രി സെൽഷ്യസ് വരെയായി ചൂടു കൂടാൻ സാധ്യതയുള്ളതിനാൽ കാട്ടുതീ കൂടുതൽ പടരാമെന്നാണ് അഗ്നിശമന വിഭാഗത്തിന്റെ മുന്നറിയിപ്പ്.
നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിട്ടുണ്ട്.
Wooroloo മുതൽ Walyunga നാഷണൽ പാർക്ക് വരെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് അവിടെ നിന്ന് ഒഴിഞ്ഞുപോകാൻ ശ്രമിക്കുന്നത് ഇനി അപകടകരമായിരിക്കും എന്ന മുന്നറിയിപ്പാണ് നൽകിയത്.
അതിനാൽ സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം തേടാനാണ് നിർദ്ദേശം.

Source: Emergeny WA
ഇതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒഴിഞ്ഞുപോകാനും മുന്നറിയിപ്പുണ്ട്.
കാലാവസ്ഥ പ്രവചനാതീതമാണെന്നും, അതിനാൽ കാട്ടുതീയുടെ ഗതി എങ്ങനെയാകുമെന്ന് മുൻകൂട്ടി മനസിലാക്കാൻ കഴിയില്ലെന്നും അഗ്നിശമന സേന വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി കുറഞ്ഞത് മൂന്നു വീടുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ഉച്ചയായപ്പോൾ കത്തിനശിച്ച വീടുകളുടെ എണ്ണം 30ഓളമായി ഉയർന്നതായി അധികൃതർ അറിയിച്ചു.
മറ്റു നിരവധി വീടുകളുടെ സമീപത്തേക്കും തീ എത്തിയിട്ടുണ്ട്.
കൂടുതൽ വീടുകൾ നശിക്കാൻ സാധ്യതയുണ്ടെന്ന് അഗ്നിശമനവിഭാഗം സൂപ്രണ്ടന്റ് പീറ്റർ സട്ടൻ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീയായിരുന്നു കഴിഞ്ഞ സീസണിൽ ഓസ്ട്രേലിയയിൽ ഉണ്ടായത്.
എന്നാൽ ഇത്തവണ ചില മേഖലകളിൽ മാത്രമാണ് കാട്ടുതീ കനത്തത്.
ലാ നിന പ്രതിഭാസം മൂലമുള്ള നനഞ്ഞ അന്തരീക്ഷവും, കുറഞ്ഞ ചൂടും കാട്ടുതീ കുറയാൻ കാരണമായിട്ടുണ്ട്.