ഓസ്ട്രേലിയയിൽ ഒമിക്രോൺ കൊവിഡ് ബാധ രൂക്ഷമായ പല പ്രദേശങ്ങളും അതിന്റെ പാരമ്യത്തിലേക്കെത്തിയതായി ഫെഡറൽ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിലും, വിക്ടോറിയയിലും പുതിയ രോഗബാധകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഈ പ്രസ്താവന.
NSWൽ 15,091 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച ഇത് 20,324 കേസുകളായിരുന്നു.
വിക്ടോറിയയിൽ ഞായറാഴ്ച 13,091 കേസുകളായിരുന്നത് 11,695 ആയി കുറഞ്ഞിട്ടുണ്ട്.
ക്വീൻസ്ലാന്റിലെ കേസുകൾ 12,691ൽ നിന്ന് 10,212 ആയും കുറഞ്ഞു.
അതേസമയം, 56 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. NSWൽ 24, വിക്ടോറിയയിൽ 17, ക്വീൻസ്ലാന്റിൽ 13 എന്നതാണ് പുതിയ മരണനിരക്ക്.
ന്യൂ സൗത്ത് വെയിൽസിൽ ആശുപത്രി കേസുകൾ കൂടിയപ്പോൾ, വിക്ടോറിയയിൽ ആശുപത്രിയിലുള്ളവരുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി.
ആശുപത്രി കേസുകളിൽ ഉണ്ടാകുന്ന മാറ്റം ആശാവഹമായ സൂചനകളാണ് നൽകുന്നത് എന്നാണ് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ന്യൂ സൗത്ത് വെയിൽസിലും ആശുപത്രി കേസുകളിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.
NSWലും, വിക്ടോറിയയിലും, ACTയിലും ഒമിക്രോൺ കേസുകൾ അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു എന്നാണ് വ്യക്തമായ സൂചന ഫെഡറൽ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട്
സൗത്ത് ഓസ്ട്രേലിയയിലെ സാഹചര്യവും പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ICUവിലെ സമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷയെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിനിടെ, രാജ്യത്ത് നൊവാവാക്സ് വാക്സിൻ ഉപയോഗിക്കാൻ ഉപദേശക സമിതി അന്തിമ അനുമതി നൽകിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഉപയോഗിക്കുന്ന നാലാമത്തെ കൊവിഡ് വാക്സിനാകും ഇത്.
ഫെബ്രുവരി 21 മുതൽ ഇത് ലഭിക്കും. 21 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസാണ് എടുക്കേണ്ടിവരിക.
നാലാം ഡോസ് വാക്സിൻ?
അതേസമയം, നാലാം ഡോസ് കൊവിഡ് വാക്സിൻ നൽകുന്നത് പ്രതിരോധ ശേഷി കൂടുതൽ വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം പുറത്തുവന്നു.
ഇസ്രായേലിൽ 60 വയസിനു മുകളിലുള്ളവരിൽ നടത്തിയ പഠനത്തിന്റെ ഫലമാണ് പുറത്തുവിട്ടത്.
കൊവിഡ് ബാധ രൂക്ഷമാകുന്നത് തടയാൻ മൂന്നു മടങ്ങുവരെ അധിക പ്രതിരോധ ശേഷി ഇതിലൂടെ ഉണ്ടാകും എന്നാണ് ഈ പഠനം പറയുന്നത്. ഇതേ പ്രായവിഭാഗത്തിലെ മൂന്നു ഡോസ് വാക്സിനെടുത്തവരെ അപേക്ഷിച്ചാണ് ഇത്.
രോഗബാധ പ്രതിരോധിക്കാനും രണ്ടു മടങ്ങ് ശേഷി ഇതിലൂടെ ലഭിക്കും.
എന്നാൽ, രോഗബാധ പൂർണമായും തടഞ്ഞുനിർത്താൻ ഈ രണ്ടാം ബൂസ്റ്റർ കൊണ്ടും കഴിയില്ല എന്നാണ് കണ്ടെത്തൽ.
ഇസ്രായേയിൽ ഫൈസർ/ബയോൺടെക് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ലഭിച്ച നാലു ലക്ഷം പേരിലാണ് ഈ പഠനം നടന്നത്.
നാലാം ഡോസ് വാക്സിൻ അംഗീകരിച്ചിട്ടുള്ള ആദ്യ രാജ്യമാണ് ഇസ്രായേൽ.
ഓസ്ട്രേലിയയെക്കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ടോ?
എന്നാൽ എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകളുടെ വരിക്കാരാവുക. സൗജന്യമായി.
, , തുടങ്ങി നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏതു പ്ലാറ്റ്ഫോമിലും. ഞങ്ങൾക്ക് റേറ്റിംഗ് നൽകാനും, മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറക്കരുത്