ഓസ്ട്രേലിയയിലേക്ക് വിമാനത്തിലെത്തുന്നവരെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈന് വിധേയമാക്കാൻ 11 ആഴ്ച മുമ്പാണ് തീരുമാനമെടുത്തത്.
അതിനു ശേഷം ഏറ്റവുമധികം പേർ വിദേശത്തു നിന്ന് എത്തിയിരിക്കുന്നത് ന്യൂ സൗത്ത് വെയിൽസിലേക്കാണ്.
24,501 പേരെയാണ് ഇതുവരെ സംസ്ഥാനത്ത് ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്തത്.
ഇതിൽ 128 പേർക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
വിദേശത്തു നിന്ന് തിരിച്ചെത്തിയതിൽ രോഗലക്ഷണങ്ങളുള്ള എല്ലാവരെയും ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പരിശോധിച്ചതിൽ മൂന്നു ശതമാനം പേർക്കാണ് രോഗം കണ്ടെത്തിയത്.
എന്നാൽ ഈ യാത്രക്കാർക്ക് വിമാനത്തിൽ വച്ചല്ല രോഗം ബാധിച്ചിരിക്കുന്നത് എന്നാണ്ർ മനസിലാക്കാൻ കഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Travellers returning from India onboard a waiting bus to begin their 14-day imposed quarantine. Source: AAP
വിമാനയാത്ര തുടങ്ങും മുമ്പു തന്നെ ഇവരിൽ ഭൂരിഭാഗം പേർക്കും വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചെന്നും NSW ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു.
ഏപ്രിൽ ഒന്നിനു സിഡ്നിയിലേക്കെത്തിയ 26 രാജ്യാന്തര വിമാനങ്ങളിലെ യാത്രക്കാർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇതിൽ ഭൂരിഭാഗം വിമാനങ്ങളും വന്നിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്തവരാണ് ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴി കടന്നുവന്നിരിക്കുന്നത്.
മതിയായ മുൻകരുതലെടുത്താൽ വിമാനയാത്രക്കിടെ വൈറസ് പടരാനുള്ള സാധ്യത കുറവാണെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ പകർച്ചവ്യാധി വിദഗ്ധൻ പ്രൊഫസർ പീറ്റർ കോളിഗ്നൻ ചൂണ്ടിക്കാട്ടി.
കൂടുതൽ വിമാനയാത്രകൾ അനുവദിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹംപറഞ്ഞു.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമുള്ള സ്രവങ്ങളിലൂടെയാണ് വൈറസ് പ്രധാനമായും പടരുന്നത്. എന്നാൽ ഉയരമേറിയ സീറ്റുകളാണ് വിമാനങ്ങളിൽ എന്നതിനാൽ മറ്റു നിരകളിലെ സീറ്റുകളിലുള്ളവരിലേക്ക് വൈറസ് പടരാൻ സാധ്യതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഇടവിട്ടുള്ള സീറ്റുകളിൽ മാത്രം യാത്ര അനുവദിക്കുന്നതാകും സുരക്ഷിതമെന്നും അദ്ദേഹം പറഞ്ഞു.

Army soldiers and police officers assist returning travellers as they make their way into quarantine. Source: AAP
എന്നാൽ 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി കുറയ്ക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഏഷ്യൻ രാജ്യങ്ങളിലെ ബിസിനസുകാർക്ക് ഏഴു ദിവസമായി ക്വാറന്റൈൻ കുറയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് അപകടകരമാകുമെന്നാണ് പ്രോഫസർ പീറ്റർ കോളിഗ്നൻ ചൂണ്ടിക്കാട്ടിയത്.