ഞായറാഴ്ച രാത്രി പ്രാദേശിക സമയം എട്ടു മണിയോടെയാണ് കൽബാരി മേഖലയിൽ സെരോജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
കാറ്റഗറി മൂന്നിൽപ്പെട്ട ചുഴലിക്കാറ്റായിരുന്നു ഇത്. മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിച്ചു.
സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ കൽബാരിയിൽ 1,400 ഓളം പേരാണ് ജീവിക്കുന്നത്.
കൽബാരിയുടെ 70 ശതമാനത്തോളം പ്രദേശത്തെയും ചുഴലിക്കാറ്റ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത അത്രയും രൂക്ഷമായ ചുഴലിക്കാറ്റായിരുന്നു ഇതെന്ന് പ്രദേശവാസികൾ പറഞ്ഞു.
നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്നുപോയിട്ടുണ്ട്. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീഴുകയും ചെയ്തു.
നിലവിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇപ്പോഴിത് കാറ്റഗറി 2 ചുഴലിക്കാറ്റാണ്.
എന്നാൽ കൽബാരി, നോര്താംപ്റ്റൺ മേഖലകളിൽ ഇപ്പോഴും റെഡ് അലർട്ട് തുടരുകയാണ്.
ഈ പ്രദേശങ്ങളിലുള്ളവരോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്നാണ് നിർദ്ദേശം.
പല ഭാഗങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടുണ്ടെന്നും, ഇത് അപകടകരമാകാമെന്നും എമർജൻസി സർവീസസ് മന്ത്രി റീസ് വിറ്റ്ബി പറഞ്ഞു.
കൽബാരി, ജെറാൾഡ്റ്റൺ തുടങ്ങിയ മേഖലകളിലായി 31,500ലേറെ വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
അതേസമയം, ജെറാൾഡ്റ്റണിലും, ചാപ്മാൻ വാലി, ഇർവിൻ, മൊറോവ, ഷാർക്ക് ബേ, ത്രീ സ്പ്രിംഗ്സ് തുടങ്ങിയ മേഖലകളിലുമെല്ലാം അപകടസാഹചര്യം കഴിഞ്ഞതയാി പ്രഖ്യാപിച്ചിട്ടുണ്ട്.
കോമൺവെൽത്ത് ദുരന്ത പ്രതിരോധ പദ്ധതി സജ്ജമാണെന്നും, ആവശ്യമുള്ള സഹായങ്ങൾ നൽകുമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
സ്ഥിതി മെച്ചമായ ശേഷം നടത്തുന്ന പരിശോധനയിൽ മാത്രമേ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകുകയുള്ളൂ.